കുളവാഴയും പായലും നിറഞ്ഞ കുന്നുകര പഞ്ചായത്തിലെ കണ്ണാക്കൽ തോട്
കുന്നുകര: പഞ്ചായത്തിലെ 14, 15 വാർഡുകൾ ഉൾപ്പെട്ട ചാലാക്ക, കുത്തിയതോട് സൗത്ത് പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന കണ്ണാക്കൽ തോട് കുളവാഴയും പായലും മൂടി കരയും തോടും തിരിച്ചറിയാത്ത വിധമായി മാറി. 2.5 കിലോമീറ്റർ നീളവും അഞ്ച് മീറ്ററോളം വീതിയുമുള്ള അങ്കമാലി-മാഞ്ഞാലി തോട്ടിലെ ആണ്ടാങ്കുഴിയിൽ നിന്നാണ് തോടിന്റെ ഉത്ഭവം.
കണ്ണാക്കൽ പാലം കഴിഞ്ഞ് രണ്ടായി തിരിയുന്ന തോടിന്റെ ഒരു ഭാഗം വേളാങ്കണ്ണി മാതാ കോളനി, കോഴിത്തുരുത്ത് വഴി മാഞ്ഞാലിപ്പുഴയിലും തെക്കോട്ട് തിരിയുന്ന ഭാഗം കാഞ്ഞിരക്കാട് ചിറയിലുമാണ് സംഗമിക്കുന്നത്.
തോട്ടിൽ കുളവാഴ തളിർത്തു വളർന്നതോടെയാണ് വെള്ളം കാണാത്തനിലയിലായത്. എട്ട് മാസം മുമ്പ് ഓപറേഷൻ വാഹിനി പദ്ധതിയിലുൾപ്പെടുത്തി തോട് വൃത്തിയാക്കിയെങ്കിലും അധികം വൈകാതെ വീണ്ടും കുളവാഴ വളർന്ന് തോട് മൂടുകയായിരുന്നു. അങ്കമാലി-മാഞ്ഞാലി തോട്ടിലെ പുല്ലും പായലുമാണ് ആണ്ടാംകുഴി വഴി കണ്ണാക്കൽ തോടിലേക്കൊഴുകിയെത്തുന്നത്. മേഖലയിലെ പ്രധാന ജലസ്രോതസായ തോട് ശാസ്ത്രീയമായ രീതിയിൽ പുല്ലും പായലും വാരി മാറ്റി വൃത്തിയാക്കുകയും തുടർ സംരക്ഷണം വേണമെന്നുമാണ് കർഷകരും നാട്ടുകാരും നിരന്തരം ഉന്നയിക്കുന്ന ആവശ്യം.
തോടിന്റെ ഇരുവശവും നെൽ, വാഴ, പച്ചക്കറി അടക്കം കൃഷികൾ ചെയ്തിരുന്ന സ്ഥലങ്ങളായിരുന്നു. പിന്നീട് ഇഷ്ടിക കളങ്ങൾക്ക് വേണ്ടി മണ്ണെടുത്തതോടെയാണ് കൃഷികൾ ഉപേക്ഷിക്കുകയും പ്രദേശമുടനീളം വമ്പൻ കുഴികളായി തീരുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.