വരാപ്പുഴ: ഒരു പതിറ്റാണ്ടായി യു.ഡി.എഫ് കയ്യടക്കി വച്ച ജില്ല പഞ്ചായത്ത് കോട്ടുവള്ളി ഡിവിഷനിൽ വനിതകൾ തമ്മിലെ കനത്ത പോരാട്ടം ശ്രദ്ധേയമാകുന്നു. എൽ.ഡി.എഫിലെ ഫിലോമിന സെബാസ്റ്റ്യനും യു.ഡി.എഫ് സ്ഥാനാർഥി ബിന്ദു ജോർജ്ജും തമ്മിലാണ് പ്രധാന മത്സരം. ഇവർ രണ്ട് പേരും 2020ൽ കോട്ടുവള്ളി പഞ്ചായത്തിൽ ഏറ്റുമുട്ടിയ മത്സരത്തിൽ 237 വോട്ടുകൾക്ക് ബിന്ദു വിജയിച്ചിരുന്നു.
മഹിള മോർച്ച പറവൂർ മണ്ഡലം പ്രസിഡന്റായ എസ്.വി. ശ്രീലതയാണ് എൻ.ഡി.എ സ്ഥാനാർഥി. കോട്ടുവള്ളി പഞ്ചായത്ത് പൂർണമായും ഏഴിക്കര, ചേന്ദമംഗലം പഞ്ചായത്തുകളിലെ ഏഴ് വാർഡുകൾ വീതവും ചിറ്റാറ്റുകര പഞ്ചായത്തിലെ നാല് വാർഡുകളും ചേർന്നതാണ് ജില്ല പഞ്ചായത്ത് കോട്ടുവള്ളി ഡിവിഷൻ.
രണ്ട് തവണ സി.പി.എമ്മിലെ എം.ബി. സ്യമന്തഭദ്രൻ ഇവിടെ നിന്ന് ജയിച്ചതൊഴിച്ചാൽ ബാക്കി എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനാണ് വിജയം. 2020ൽ സി.പി.എമ്മിലെ എം.ബി. സ്യമന്തഭദ്രനെ പരാജയപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവ് ഷാരോൺ പനക്കലാണ് ജില്ല പഞ്ചായത്തംഗമായത്. പൊതുവേ യു.ഡി.എഫ് അനുകൂല ഡിവിഷനാണ് കോട്ടുവള്ളി.
ബിന്ദു ജോർജ്ജ് (യു.ഡി.എഫ്)
കോട്ടുവള്ളി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് സിറ്റിംഗ് മെമ്പറായ ബിന്ദു ജോർജാണ് യു.ഡി.എഫ് സ്ഥാനാർഥി. മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയാണ് ബിന്ദു. മികച്ച പൊതു പ്രവർത്തക എന്ന നിലയിൽ പറവൂർ മേഖലയിൽ അറിയപ്പെടുന്ന നേതാവാണ്. 2020ൽ കോട്ടുവള്ളി പഞ്ചായത്തിലെ തെരഞ്ഞെടുപ്പിൽ 237 വോട്ടുകൾക്ക് എൽ.ഡി.എഫിലെ ഫിലോമിന സെബാസ്റ്റ്യനെ പരാജയപ്പെടുത്തിയ ചരിത്രവും ബിന്ദുവിനുണ്ട്. ഭർത്താവ്: ജോർജ് കുന്നത്തൂർ. മക്കൾ: അഖില, ആൽബിൻ.
ഫിലോമിന സെബാസ്റ്റ്യൻ (എൽ.ഡി.എഫ്)
2005 മുതൽ 2015 വരെ കോട്ടുവള്ളി പഞ്ചായത്ത് അംഗമായിരുന്ന ‘ഡാളി’യെന്ന് വിളിക്കുന്ന ഫിലോമിന സെബാസ്റ്റ്യനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. സി.പി.എം വള്ളുവള്ളി മില്ലുപടി ബ്രാഞ്ച് അംഗം, വള്ളുവള്ളി അമലോത്ഭവ മാത പള്ളി ലീജിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും സജീവമാണ്. ഭർത്താവ്: ഫാക്ട് റിട്ട. ജീവനക്കാരനായ വള്ളുവള്ളി കല്ലൂർ വീട്ടിൽ സെബാസ്റ്റ്യൻ. മക്കൾ: ജിനു, ജിതിൻ.
എസ്. വി. ശ്രീലത (എൻ.ഡി.എ)
ഏഴിക്കര നന്ത്യാട്ടുക്കുന്നം കൈതപ്പിള്ളി വീട്ടിൽ എസ്. വി. ശ്രീലതയാണ് എൻ.ഡി.എ സ്ഥാനാർഥി. മഹിള മോർച്ച പറവൂർ മണ്ഡലം പ്രസിഡന്റും നന്ത്യാട്ടുക്കുന്ന പ്രാർഥന ഫൗണ്ടേഷനിലെ ജീവകാരുണ്യ പ്രവർത്തകയുമാണ്. കോട്ടുവള്ളി, ഏഴിക്കര പ്രദേശങ്ങളിൽ അറിയപ്പെടുന്ന യുവ പ്രവർത്തകയാണ്. ഭർത്താവ്: കെ.എൻ. മധു എറണാകുളം ലോട്ടസ് ക്ലബിലെ അക്കൗണ്ടന്റാണ്. മക്കൾ: വിദ്യാർഥികളായ ശ്രദ്ധ, ശ്രേയസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.