കൊച്ചി: ദിവസം മുഴുവൻ നീണ്ട പെരുമഴയിലും ഇടവിട്ട കാറ്റിലും ജില്ല വെള്ളപ്പൊക്ക ഭീഷണിയിൽ. വെള്ളിയാഴ്ച വൈകിട്ടോടെ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിലെ കാറ്റാണ് അധികൃതർ പ്രവചിച്ചിരുന്നത്. ശക്തമായ മഴയുടെ സാഹചര്യത്തിൽ ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലർട്ടായിരുന്നു. വൈകുന്നേരത്തോടെ ഇത് റെഡ് അലർട്ടിലേക്ക് മാറ്റി അറിയിപ്പ് വന്നു.
ഞായറാഴ്ച ഓറഞ്ച് അലർട്ടാണ്. മഴയിൽ ദേശീയ, സംസ്ഥാന പാതകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. കിഴക്കൻ മേഖലയിൽ പലയിടങ്ങളിലും പ്രതിസന്ധികൾ രൂക്ഷമായി. എറണാകുളം നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറി. മഴ ശക്തമായതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. റോഡുകളിൽ മരം വീണ് ഗതാഗത തടസ്സമുണ്ടായി.
ജില്ലയിലൂടെ ഒഴുകുന്ന പെരിയാർ, മൂവാറ്റുപുഴയാർ, ചാലക്കുടിയാർ എന്നീ നദികളിൽ ജലനിരപ്പുയർന്നു. ഭൂതത്താൻകെട്ട് അണക്കെട്ടിലെ ജലനിരപ്പ് 30.70 മീറ്ററായി. പെരിയാറിലെ നീരോഴുക്ക് വർധിച്ച സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ബാരേജിൽ സംഭരിച്ച വെള്ളം ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തി ഒഴുക്കിവിടുകയാണെന്ന് ജില്ല ദുരന്തനിരാവരണ അതോറിറ്റി അറിയിച്ചു. 15 ഷട്ടറുകളും തുറന്നിരിക്കുകയാണ്. രാത്രിയിലും മഴ ശക്തമായി തുടർന്ന സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിലേക്ക് രാത്രികാല യാത്ര നിരോധിച്ചിട്ടുണ്ട്.
എറണാകുളം നഗരത്തിൽ സൗത്ത്, ജോസ് ജങ്ഷൻ, വുഡ്ലാൻഡ് ജങ്ഷൻ, എം.ജി റോഡ് മെട്രോ സ്റ്റേഷൻ പരിസരം, നോർത്ത്, കലാഭാവൻ റോഡ്, അരങ്ങത്ത് റോഡ്, പുല്ലേപ്പടി റോഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സൗത്ത് മൊണാസ്ട്രി റോഡ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വെള്ളക്കെട്ട് രൂപപ്പെട്ടു.
അംബേദ്കർ സ്റ്റേഡിയം പരിസരം മുതൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെ റോഡ് വെള്ളത്തിലായി. ദേശീയപാത കളമശ്ശേരി, ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗത തടസ്സം നേരിട്ടു. വി.പി. മരയ്ക്കാർ റോഡ് വെള്ളത്തിൽ മുങ്ങി കച്ചവട സ്ഥാപനങ്ങളിൽ വെള്ളം കയറി.
കോതമംഗലം കുട്ടമ്പുഴ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി ഗതാഗതം നിലച്ചു. ബ്ലാവനയിൽ ജങ്കാർ സർവിസ് മുടങ്ങി. ഉരുളൻതണ്ണി തോട് കരകവിഞ്ഞു അട്ടിക്കളത്തു വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നേര്യമംഗലം വില്ലാഞ്ചിറയിൽ മണ്ണിടിഞ്ഞു ഭാഗിക ഗതാഗത തടസ്സമുണ്ടായി. കോതമംഗലം പുഴ കരകവിഞ്ഞു കുടമുണ്ട പാലത്തിൽ വെള്ളം കയറി അടിവാട്-കുത്തുകുഴി റോഡിൽ ഗതാഗതം മുടങ്ങി. മൂവാറ്റുപുഴ അടൂപ്പറമ്പിൽ കാറ്റിൽ മരം വീണ് ഒരു വീട് ഭാഗികമായി തകർന്നു. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ തീരത്തുള്ളവർ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മഴയ്ക്കൊപ്പം കടലേറ്റവും രൂക്ഷമായതോടെ നായരമ്പലം എടവനക്കാട് തീരപ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. നായരമ്പലം പുത്തൻകടപ്പുറത്ത് മണൽ വാട തകർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. പഴങ്ങാട് നിന്നു ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ കെ.പി.എം.എച്ച്.എസ് സ്കൂൾ, മദ്റസത്തുൽ ഫലാഹിയ എന്നിവിടങ്ങളിൽ ക്യാമ്പിന് സജ്ജീകരണങ്ങൾ ചെയ്തു. കടലേറ്റത്തിനൊപ്പം കനത്ത മഴയയും കൂടിയായതോടെ ചെല്ലാനത്ത് റോഡുകളിൽ വെളളം നിറഞ്ഞു. തോപ്പുംപടിയിൽ സ്വകാര്യ ബസിന് മുകളിലേക്ക് റോഡരികിലെ മരം കടപുഴകി വീണു. ബസിൽ യാത്രക്കാരില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
പെരിയാർ, ചാലക്കുടിയാറുകളിൽ ജലനിരപ്പ് ഉയർന്നതോടെ ജനം പ്രളയ പ്രതീതിയിലാണ്. അങ്കമാലി- മാഞ്ഞാലിത്തോടുമായി ബന്ധപ്പെട്ട ചാലക്കുടിപ്പുഴയുടെ കൈവഴികളിൽ രൂക്ഷമായ തോതിലാണ് വെള്ളം ഉയരുന്നത്. ഇത് പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളേയും ഹെക്ടർ കണക്കിന് പ്രദേശങ്ങളിൽ കൃഷികൾക്കും ഭീഷണി ഉയർത്തി. കാഞ്ഞൂർ പഞ്ചായത്തിലെ ചെങ്ങലിൽ ഒറ്റപ്പെട്ട് പോയ ചെങ്ങൽത്തോട്ടിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്. പറവൂർ പുത്തൻവേലിക്കര താഴഞ്ചിറ - മാളവന റോഡിൽ മാവ് റോഡിലേക്ക് വീണ് വൈദ്യുതി ലൈൻ കമ്പി പൊട്ടി.
പറവൂർ നഗരത്തിൽ കച്ചേരി വളപ്പ്, സി. മാധവൻ റോഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, കച്ചേരിപ്പടി ഓട്ടോ സ്റ്റാൻഡ് തുടങ്ങിയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ദേശീയപാത നിർമാണ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പുതുതായി നിർമിച്ച മിക്ക അടിപ്പാതകളും പുഴയായി. പട്ടണം കവല, മുനമ്പം കവല, പെരുമ്പടന്ന, ചെറിയപ്പിള്ളി എന്നിവടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
ജില്ലയിൽ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ 19 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ശനിയാഴ്ച പത്ത് വീടുകൾക്കും വെള്ളിയാഴ്ച ഒമ്പത് വീടുകൾക്കുമാണ് കേടുപാടുകൾ സംഭവിച്ചത്. ഇതോടെ മെയ് 24ന് ആരംഭിച്ച കാലവർഷത്തിൽ ജില്ലയിൽ ഇതുവരെ 336 വീടുകൾക്കാണ് നാശനഷ്ടമുണ്ടായി. ഇതിൽ എട്ടു വീടുകൾ പൂർണമായും 328 വീടുകൾ ഭാഗികമായും നശിച്ചു.
പറവൂർ താലൂക്കിലെ പാലിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഒരു പുരുഷനും രണ്ട് സ്ത്രീകളും രണ്ടു കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തെയാണ് ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചത്. ജൂൺ 18ന് കൊച്ചി താലൂക്കിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് ഒഴികെ പുതിയ ക്യാമ്പുകൾ തുറന്നിട്ടില്ല. കൊച്ചി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പിൽ ഇപ്പോൾ ഏഴ് കുടുംബങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.