ഉദയം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
കൊച്ചി: മയക്കുമരുന്ന് ലോബിയുടെ വേരറുക്കാൻ ഉറപ്പിച്ചാണ് സിറ്റി പൊലീസിന്റെ പുതിയനീക്കം. വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടുപോകുമ്പോൾ വരും ഭാവിയെ ലഹരിമുക്തമാക്കാൻ ഉദയം പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. മനഃശാസ്ത്രപരമായി ലഹരി ഉപയോഗിക്കുന്നവരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നത് മുതൽ ദ്രുതഗതിയിൽ ഇടപെടുന്നതിന് കൺട്രോൾ റൂംവരെ സജ്ജമാക്കിയാണ് പദ്ധതി എത്തുന്നത്. കളമശ്ശേരി രാജഗിരി സ്കൂളിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു.
ഒരുവർഷം നീളുന്നതാണ് പദ്ധതി. ഉണരാം, ജീവിക്കാം, വിജയിക്കാം എന്ന ആപ്തവാക്യം മുൻനിർത്തിയാണ് പ്രവർത്തനം. ബോധവത്കരണ ക്ലാസുകളടക്കം പ്രവർത്തനങ്ങളുമായി വരും ദിവസങ്ങൾ ലഹരിക്കെതിരായ പോരാട്ടത്തിന് വഴിതുറക്കും. സംസ്ഥാനത്ത് വ്യാപകമായി ലഹരി കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന നഗരമാണ് കൊച്ചി.
കൂടുതൽ ഇടപാടുകാരും ഉപഭോക്താക്കളുമുണ്ടാകുന്ന സാഹചര്യത്തിൽ കാര്യക്ഷമമായ ഇടപെടലിലൂടെ അതിന് കുറവ് വരുത്താനാകുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. ബി.പി.സി.എൽ, കൊച്ചിൻ ഷിപ്യാർഡ്, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയവയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
ടീനേജുകാർക്കിടയിൽ കൃത്യമായ ബോധവത്കരണം നൽകി പ്രവർത്തനം സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ തന്നെ എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവർക്കിടയിൽ ആയിരം ലഹരി വിരുദ്ധ ക്ലാസുകൾ നടത്തും. ഇതിൽ രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെയും പങ്കാളികളാക്കും. മനഃശാസ്ത്രപരമായ ഇടപെടലിലൂടെ കുട്ടികളിലെ ലഹരി ഉപയോഗം തിരിച്ചറിയുന്നതിനും വേണ്ട ഇടപെടൽ നടത്തുന്നതിനും സംവിധാനമുണ്ടാകും.
കുട്ടികളുടെ ഇടപെടലുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നിരീക്ഷണം തുടങ്ങിയവ എങ്ങനെ വേണമെന്നതടക്കം ശാസ്ത്രീയമായി വിശദീകരിക്കും. റെസിഡന്റ്സ് അസോസിയേഷനുകൾ, എൻ.ജി.ഒകൾ തുടങ്ങിവയർ ഭാഗമാകും. ഓരോ സ്കൂളുകളിലും എപ്പോൾ ബോധവത്കരണം നടത്തണമെന്ന കാര്യത്തിൽ സമയക്രമം തയാറാക്കാൻ വിദ്യാഭ്യാസ വകുപ്പുമായി ആശയവിനിമയം നടക്കുന്നുണ്ട്.
ലഹരിവിരുദ്ധ രംഗത്തു പ്രവർത്തിക്കുന്ന, മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെടെയുള്ള പാനൽ അഭിമുഖത്തിലൂടെ തെരഞ്ഞെടുത്ത 50 റിസോഴ്സ്പേഴ്സൻമാർ പദ്ധതിയുടെ ഭാഗമായിട്ടുണ്ടാകും. ഇവർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. പദ്ധതിക്കായി വിദഗ്ധർ തയാറാക്കിയ മാർഗരേഖ പൊലീസ് പുസ്തകരൂപത്തിൽ ഇവർക്ക് കൈമാറിയിട്ടുണ്ട്.
ഉദയം പദ്ധതിയുടെ സേവനം ഉപയോഗപ്പെടുത്താൻ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. ഉദയം കൺട്രോൾ റൂം പ്രത്യേകമായി തന്നെ പ്രവർത്തിക്കും. ലഹരി ഉപയോഗം റിപ്പോർട്ട് ചെയ്യൽ, അനുബന്ധ പ്രശ്നങ്ങൾ എന്നിങ്ങനെ എന്തും അവിടെ വിളിച്ചറിയിക്കാം.
സഹായം അഭ്യർഥിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും കഴിയും. നിങ്ങൾക്കായി കാതോർത്ത് കർത്തവ്യനിരതരായ ഉദ്യോഗസ്ഥർ വിളിപ്പുറത്തുണ്ടാകും. 9497932777 നമ്പറിലോ 112 എന്ന കൺട്രോൾ റൂം നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ഉദയം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡന് എം.പി മുഖ്യപ്രഭാഷണം നടത്തി. കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കാടുത്തു. സിറ്റി പോലീസ് കമീഷണര്‍ പുട്ട വിമാലാദിത്യ അധ്യക്ഷതവഹിച്ചു.
കൊച്ചി സിറ്റി ഡി.സി.പി അശ്വതി ജിജി, കളമശ്ശേരി നഗരസഭ അധ്യക്ഷ സീമ കണ്ണന്, രാജഗിരി സ്കൂള്‍ ഡയറക്ടര്‍ ഫാ. പൗലോസ് കിടങ്ങേന്, എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ ടി.എന്‍. സുധീര്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്, ജില്ല മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം നോഡല്‍ ഓഫിസര്‍ ഡോ. ദയ പാസ്കല്‍, സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് ജില്ല ഓഫിസര്‍ സിനോ സേവി, നാർകോട്ടിക് സെല്‍ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ കെ.എ. അബ്ദുൽ സലാം തുടങ്ങിയവര്‍ സംസാരിച്ചു. 600ഓളം വിദ്യാർഥികളും ഉദയം പദ്ധതിയുടെ പരിശീലനം നേടിയ ഫാക്കല്‍റ്റികളും മറ്റും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.