വൈപ്പിൻ: കടൽക്ഷോഭത്തിന് രാവിലെ ശമനം ഉണ്ടായെങ്കിലും വൈകീട്ടോടെ വീണ്ടും രൂക്ഷമായി. നായരമ്പലം പന്ത്രണ്ടാം വാർഡിൽ കടൽക്ഷോഭത്തെ തുടർന്ന് സെന്റ് ആന്റണീസ് പള്ളി പരിസരം വെള്ളത്തിൽ മുങ്ങി. വീടുകളിൽ വെള്ളം കയറി. ജിയോ ബാഗ് ഉൾപ്പെടെയുള്ള താൽക്കാലിക സംവിധാനം തകർന്നു. ശ്രീബാല മുരുക ക്ഷേത്രത്തിന്റെ പരിസരത്തെ ജിയോബാഗ് തകർന്ന് അടുത്തുള്ള വീടുകളിൽ വെള്ളം കയറി.
കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് കടൽ ഭിത്തി തകരാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ജിയോ ബാഗ്, ജിയോ ട്യൂബ് വെച്ചതുകൊണ്ട് ഒരുകാര്യവുമില്ല. ചെല്ലാനം മോഡൽ ടെട്രോപോട് നിർമിക്കൽ മാത്രമാണ് പരിഹാരമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ മണൽവാട നിർമാണം പുരോഗമിക്കുകയാണ്. ജില്ല പഞ്ചായത്ത് അംഗം ഡോണോ മാസ്റ്റർ, പ്രസിഡന്റ് നീതു വിനോദ്, വൈസ് പ്രസിഡന്റ് ജോബി വര്ഗീസ്, വാർഡ് മെംബർ സി.സി സിജി, ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രദേശങ്ങൾ സന്ദർശിച്ചു.
എടവനക്കാട് പഴങ്ങാട് കടലേറ്റവും വേലിയേറ്റവും ഒരുപോലെ രൂക്ഷമായി. പ്രദേശത്തെ നൂറോളം വീടുകളാണ് വെള്ളക്കെട്ടിനടിയിലായിരിക്കുന്നത്. പലരും ബന്ധു വീടുകളിൽ അഭയം തേടിയിരിക്കുകയാണ്. പതിമൂന്നാം വാർഡിലെ രൂക്ഷമായ കടൽവെളള കയറ്റം തടയുന്നതിന് പഴങ്ങാട് റോഡ് അവസാനിക്കുന്ന സ്ഥലത്ത് ജിയോബാഗ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി പ്രവർത്തകർ പഞ്ചയത്ത് ഓഫിസിലെത്തി പ്രസിഡന്റും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. 15 ദിവസത്തിനുള്ളിൽ വർക്ക് തീർക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി സമരക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.