തൃക്കാക്കര നഗരസഭ ഓഫിസിന് സമീപം ഭീതി പരത്തുന്ന പ്ലാസ്റ്റിക് മാലിന്യക്കുന്ന്
കാക്കനാട്: ഐ.ടി നഗര മധ്യത്തിൽ പ്ലാസ്റ്റിക് കുന്നുകൂടുന്നത് ജനങ്ങളിൽ ഭീതി പരത്തുന്നു. തൃക്കാക്കര നഗരസഭക്ക് സമീപത്തെ മാലിന്യ യാർഡിൽ ഒട്ടും സുരക്ഷിതത്തമില്ലാതെയാണ് നഗരസഭ അധികൃതർ മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഒരു ചെറിയ തീപ്പൊരി വീണാൽ നിമിഷ നേരം കൊണ്ട് എല്ലാം ചാമ്പലാകുന്ന ഭീതിയാണ് ഇവിടെ. മാലിന്യകുന്നിന് സമീപം നിറയെ വാഹനങ്ങൾ പാർക്ക് ചെയ്ത ബസ് സ്റ്റാൻഡും ഉണ്ട്.
ഇവിടെ സ്വകാര്യ ബസുകൾക്ക് പുറമെ നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളടക്കം പാർക്ക് ചെയ്തിട്ടുണ്ട്. കൂടാതെ കലക്ടറേറ്റ്, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി, ജില്ല പഞ്ചായത്ത് ഓഫിസ് തുടങ്ങിയവയും ഒട്ടേറെ പാർപ്പിട സമുച്ചയങ്ങളും ഇതിന്റെ ചുറ്റളവിലുണ്ട്. വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം യഥാസമയം കയറ്റിവിടാനാകാത്തതാണ് പ്ലാസ്റ്റിക് മാലിന്യം കൂടാൻ കാരണം. നേരത്തേ ഹരിതകർമസേന ജൈവ മാലിന്യമെടുക്കുമ്പോൾ അതോടൊപ്പം കിട്ടുന്ന പ്ലാസ്റ്റിക് മാലിന്യം മാത്രമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ മാത്രം പ്രത്യേകം തൊഴിലാളികളെ നിയോഗിച്ചതിനാൽ ഇവിടെ എത്തുന്ന മാലിന്യത്തിന്റെ അളവ് കൂടി. പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽനിന്ന് ഇത് ഏറ്റെടുക്കുന്ന ഏജൻസിക്ക് പണം കൊടുക്കാനുള്ളതിനാൽ അവരും മെല്ലെപ്പോക്കിലാണ്.
തൃക്കാക്കര നഗരസഭക്ക് സമീപം ഭീതിജനകമായ രീതിയിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട വിഷയത്തിൽ കലക്ടർ ഇടപെടുമെന്ന് പ്രതീക്ഷയിലാണ് ജനങ്ങൾ. തൃക്കാക്കര മുനിസിപ്പൽ റെസിഡന്റ്സ് അപ്പക്സ് കൗൺസിൽ (ട്രാക്ക്) അടക്കം മാലിന്യം നീക്കി ജനങ്ങളുടെ ഭീതി ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് പരാതി നൽകിട്ടും യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്ത്നിന്ന് ഉണ്ടായിട്ടില്ല. രണ്ടാഴ്ച മുമ്പാണ് തൃക്കാക്കര കെന്നഡിമുക്കിന് സമീപം ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായത്. തുടർന്ന് ആക്രി കടകളും ഗോഡൗണുകളും പരിശോധന ശക്തമാക്കുമെന്ന് പറഞ്ഞ നഗരസഭ സ്വന്തം തട്ടകത്തിലെ മാലിന്യ കുന്നിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല
എൽ.ഡി.എഫ് മുന്നണി നയിക്കുന്ന പ്രതിപക്ഷ അംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യ കുന്നിനെതിരെ മൗനം പാലിക്കുകയാണ്. ഡിസംബർ അവസാനം വരെ പ്ലാസ്റ്റിക് മാലിന്യ വിഷയത്തിലും ശക്തമായ ഇടപെടൽ നടത്തിയ പ്രതിപക്ഷ അംഗങ്ങൾ ഇപ്പോൾ മൗനം പാലിക്കുന്നത് എന്തിന് വേണ്ടിയാണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് യു.ഡി.എഫ് മുന്നണി കൈയാളിയിരുന്ന ആരോഗ്യ വിഭാഗത്തിനെതിരെ സമരം ചെയ്തിരുന്ന യൂത്ത് ലീഗ് പോലും ഇത് കണ്ടില്ലന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.