കഴിഞ്ഞ വർഷം കുടുംബശ്രീഒരുക്കിയ പൂക്കൃഷി (ഫയൽ)
കൊച്ചി: തക്കാളി, പയർ, പച്ചമുളക്, ചീര, വഴുതന, പാവൽ തുടങ്ങിയ പച്ചക്കറികൾ ഇത്തവണ ഓണത്തിന് വിഷരഹിതമായും തികച്ചും ജൈവികമായും കൃഷി ചെയ്തു കിട്ടിയാലോ? ഒപ്പം, വീട്ടുമുറ്റത്ത് സുന്ദരമായൊരു പൂക്കളം തീർക്കാൻ വാടാമല്ലി, ചെണ്ടുമല്ലി, ജമന്തി തുടങ്ങിയ ഓണപ്പൂക്കളും ഫ്രഷ് ആയി കിട്ടിയാലോ?...
ഇത്തവണ ഓണാഘോഷം കുറേക്കൂടി ഗംഭീരമാക്കാൻ നമ്മുടെ വീടുകളിലെയും അയൽവീടുകളിലെയും കുടുംബശ്രീ പ്രവർത്തകർ പണി തുടങ്ങിക്കഴിഞ്ഞു. പൂക്കളും പച്ചക്കറികളും കൃഷി ചെയ്ത് അതിന്റെ വിളവെടുപ്പുമായി ഇത്തവണ കുടുംബശ്രീക്കാരെത്തും. ഓണക്കനി, നിറപ്പൊലിമ എന്നീ പദ്ധതികളിലൂടെയാണ് കുടുംബശ്രീ ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നത്. പേരുപോലെത്തന്നെ പൂക്കൃഷിയുടെ പദ്ധതിയാണ് നിറപ്പൊലിമ, ഓണക്കനി പച്ചക്കറി കൃഷിക്കുള്ള പദ്ധതിയും.
കുടുംബശ്രീ ജില്ല മിഷൻ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലുമായാണ് കൃഷിയിറക്കുന്നത്. സി.ഡി.എസുകൾക്ക് കീഴിൽ കുടുംബശ്രീയുടെ ജോയന്റ് ലയബിലിറ്റി ഗ്രൂപ്പു(ജെ.എൽ.ജി)കളാണ് നടീലും നനക്കലും വിളവെടുപ്പുമുൾപ്പെടെ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. നാലുമുതൽ പത്തുവരെ അംഗങ്ങളാണ് ജെ.എൽ.ജിയിലുണ്ടാവുക.
ജില്ലയിലെ വിവിധ മേഖലകളിലായി 2400 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. ചുരുങ്ങിയത് മൂന്നേക്കറിലാണ് കൃഷി നടത്തുന്നത്. സ്ഥലലഭ്യതക്കനുസരിച്ചാണ് ഓരോ മേഖലയിലും കൃഷി. കഴിഞ്ഞ വർഷത്തേക്കാൾ എത്രയോ ഇരട്ടി വർധനവാണ് ഇത്തവണ പച്ചക്കറി കൃഷിയിലുണ്ടായിട്ടുള്ളതെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.എം. റജീന പറഞ്ഞു. കഴിഞ്ഞ വർഷം 250 ഏക്കറോളം മാത്രമാണ് പച്ചക്കറി കൃഷി ചെയ്തിരുന്നത്. ഇത്തവണ കൂടുതൽ പേർ കൃഷി ചെയ്യാൻ രംഗത്തെത്തുകയായിരുന്നു. പച്ചക്കറികളിൽ നേന്ത്രക്കായയും കപ്പയുമെല്ലാം ഉൾപ്പെടുന്നുണ്ട്. കവളങ്ങാട്, കരുമാല്ലൂർ, മലയാറ്റൂർ, കോതമംഗലം, മൂവാറ്റുപുഴ, അങ്കമാലി തുടങ്ങിയ മേഖലകളിലാണ് പച്ചക്കറി കൃഷി വലിയ തോതിൽ കൃഷി ചെയ്യുന്നത്.
പൂതൃക്ക പഞ്ചായത്തിലെ കുടുംബശ്രീ പച്ചക്കറി കൃഷി (ഫയൽ)
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പൂക്കൃഷിയിലും വലിയ വർധനവുണ്ടായിട്ടുണ്ട്. 2024ൽ 40 ഏക്കറിൽ മാത്രമായിരുന്നു പൂക്കൃഷിയെങ്കിൽ ഇത്തവണ 240 ഏക്കറിലാണ് ചെണ്ടുമല്ലി, വാടാമല്ലിപ്പാടങ്ങളൊരുങ്ങുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വലിയ വിലകൊടുത്ത് വാങ്ങുന്ന പൂക്കൾക്ക് പകരം നമ്മുടെ നാട്ടിൽ തന്നെ കൃഷി ചെയ്യുന്ന പൂക്കൾ മിതമായ വിലക്ക് ലഭ്യമാക്കുകയും അതിലൂടെ കുടുംബശ്രീ പ്രവർത്തകർക്ക് വരുമാനം ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പൂക്കൃഷിക്ക് വേണ്ടി സി.ഡി.എസുകൾ മുഖേന 10,000 രൂപ പലിശരഹിത വായ്പ ലഭ്യമാക്കുന്നുണ്ട്. കുടുംബശ്രീ റിവോൾവിങ് ഫണ്ടിൽ നിന്നാണ് ആറുമാസത്തിനകം തിരിച്ചടക്കേണ്ട തുക വായ്പയായി നൽകുന്നത്. മലയാറ്റൂർ, വടവുകോട്, വടക്കേക്കര തുടങ്ങിയ മേഖലകളിലാണ് പൂക്കൃഷി കൂടുതലായി ഉള്ളത്. പെരുമ്പാവൂർ, മൂവാറ്റുപുഴ തുടങ്ങിയ നഗരസഭകളും പൂക്കൃഷിയിലുണ്ട്.
കൃഷിക്കുവേണ്ട വിത്തുകളും തൈകളും കുടുംബശ്രീ നഴ്സറികൾ മുഖേനയും കൃഷിവകുപ്പ് മുഖേനയും എഫ്.എഫ്.സി (ഫാർമേഴ്സ് ഫെസിലിറ്റേഷൻ സെൻറർ)കളിലൂടെ കുറഞ്ഞ വിലക്ക് വിതരണം ചെയ്തിട്ടുണ്ട്. ആഴ്ചകൾക്കു മുമ്പ് പലയിടത്തും കൃഷി ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് വിളവെടുക്കാവുന്ന രീതിയിലാണ് കൃഷി ഇറക്കിയിട്ടുള്ളതെങ്കിലും അതിനുശേഷവും കൃഷി തുടരാനാണ് തീരുമാനം. കുടുംബശ്രീയുടെ ഓണവിപണികൾ കൂടാതെ ആഴ്ച ചന്തകളിലും വിഷരഹിത പച്ചക്കറികളുടെ വിൽപ്പനയുണ്ടാകും. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് വിൽപ്പന നടത്താനുള്ള വിപണികളാണ് കുടുംബശ്രീ ഉറപ്പുവരുത്തുന്നത്.
കാക്കനാട്: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കാക്കനാട് ജില്ല ജയിലിലെ ഒരേക്കർ ഭൂമിയിൽ കൃഷി ആരംഭിച്ചു. തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയുടെ സ്പോൺസർഷിപ്പിലാണ് തൈകൾ നൽകിയത്. ഓണക്കാലം ലക്ഷ്യമിട്ടാണ് ജമന്തിപ്പൂ കൃഷിയും പച്ചക്കറി കൃഷിയും ചെയ്യുന്നത്.
കാക്കനാട് ജില്ല ജയിൽ വളപ്പിൽ ആരംഭിക്കുന്ന ജമന്തിപൂകൃഷിയുടെ തൈകളുമായി ജയിൽ, ഹരിത കേരളം പ്രതിനിധികൾ
2500 തൈകൾ ഇതിനായി നൽകി. ജില്ല ജയിൽ സൂപ്രണ്ട് എം.എം. ഹാരിസ്, ഡെപ്യൂട്ടി സൂപ്രണ്ട് വി. ആഷിഷ്, ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ എസ്. രഞ്ജിനി, ആശുപത്രി സെക്രട്ടറി ടി.ജെ. റോസ്ലി ജാസ്മിൻ, ഹരിത കേരളം മിഷൻ ആർ.പിമാരായ, ദീപു. ടി.എസ്, ജോയ് ജെഫിൻ, തൃക്കാക്കര മുനിസിപ്പൽ ആശുപത്രി ജീവനക്കാർ, ജയിൽ അസി. സൂപ്രണ്ട് എം. ഷാജിമോൻ, എസ്. സജു, പ്രിസൺ ഓഫിസർ ഷിബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.