അരൂർ: കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് അരൂർ മേഖലയിൽ ചെമ്മീൻ ചാകരയായിരുന്നു. എന്നാൽ കിള്ളാൻ പോലും വലിപ്പമില്ലാത്ത പൊടിച്ചെമ്മീന് ആവശ്യക്കാരില്ലാതായതാണ് മത്സ്യത്തൊഴിലാളികളെ കഷ്ടത്തിലാക്കിയത്. ചെമ്മീൻ ഇനങ്ങളിൽ ഏറ്റവും സ്വാദിഷ്ടമായ ചെമ്മീനാണ് തെള്ളിച്ചെമ്മീൻ.ഇതുപൊളിക്കുന്നതിന് കൈവേഗതയുള്ള സ്ത്രീ തൊഴിലാളികൾ ഏറ്റവുമധികമുള്ളത് അരൂർ മേഖലയിലാണ്. അതിന്റെ പേരിൽ മാത്രം വിദേശരാജ്യങ്ങളിലേക്ക് അരൂർ മേഖലയിൽ നിന്ന് പണ്ടുമുതലേ ചെമ്മീൻ കയറ്റുമതി നല്ലനിലയിൽ നടന്നിരുന്നു.
കഴിഞ്ഞ നാലുമാസമായി ജെല്ലി ഫിഷ് കായലിൽ വ്യാപകമായതോടെ മത്സ്യബന്ധനം നിർത്തിവെച്ചിരിക്കുകയായിരുന്നു. ജെല്ലി ഫിഷിന് അല്പം ശമനം വന്നപ്പോഴാണ് ചെമ്മീൻ നല്ല നിലയിൽ ലഭിക്കാൻ തുടങ്ങിയത്. ലഭിച്ച ചെമ്മീൻ തീരെ ചെറുതായതുകൊണ്ട് ആവശ്യക്കാർ ഇല്ലാതായി. വാങ്ങുന്നവർക്ക് ഇത് സംസ്കരിച്ച് കിട്ടാത്തതാണ് പ്രശ്നം.
പീലിങ് മേഖലയിൽ നിന്ന് സ്ത്രീ തൊഴിലാളികൾ തൊഴിലുറപ്പിലേക്ക് ചുവടുമാറ്റിയത് വ്യവസായത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഒരു കിലോ തെള്ളിച്ചെമ്മീന് പത്തുരൂപ വരെ വിലയായ ദിവസങ്ങളാണ് കഴിഞ്ഞത്.പിടിച്ച ചെമ്മീൻ കായലിലേക്ക് തന്നെ തള്ളിയവരുമുണ്ട്.
കായലിൽ നിന്ന് ചെമ്മീൻ മാത്രമായല്ല ഊന്നി വലകളിൽ ലഭിക്കുന്നത്. കൂടെ ചെറുമത്സ്യങ്ങളും ഉണ്ടാകും. മത്സ്യങ്ങളുടെ ഇടയിൽ നിന്ന് ചെമ്മീൻ തിരഞ്ഞെടുത്ത് മാർക്കറ്റിൽ കൊണ്ടുവരുമ്പോൾ വൻവിലക്കുറവ് തൊഴിലാളികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കുട്ടനാടൻ കൃഷി മേഖലയിൽ നിന്ന് തള്ളുന്ന പായൽക്കൂട്ടങ്ങൾ ഭീഷണിയായി വേമ്പനാട്ടുകായലിൽ നിറഞ്ഞ തുടങ്ങിയിട്ടുണ്ട്. പുല്ലുകൾ വളർന്നുതുടങ്ങിയ വലിയ കട്ടപ്പായൽ കൂട്ടങ്ങളാണ് മത്സ്യോപകരണങ്ങൾക്ക് വലിയ ഭീഷണിയായി കായലിൽ നിറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.