എം.സി റോഡില്‍ അപകടം; നിയന്ത്രണം വിട്ട ലോറി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

പെരുമ്പാവൂര്‍: എം.സി റോഡിലെ കാഞ്ഞിരക്കാട് നിയന്ത്രണം വിട്ട ലോറി വാഹനങ്ങളില്‍ ഇടിച്ച ശേഷം മറിഞ്ഞു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ കാഞ്ഞിരക്കാട് കോരാക്കന്‍ വീട്ടില്‍ ജോണ്‍സന്റെ മകന്‍ ആബേലിനെ (22) ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്. റോഡ് വശത്തെ കുറ്റിച്ചിറ സുധീഷിന്റെ വീടിന്റെ മതിലും കാര്‍പോര്‍ച്ചും അപകടത്തില്‍ തകര്‍ന്നു. വീടിന് സമീപത്തെ ചൂരല്‍ ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ചില്ലുകള്‍ പൊളിഞ്ഞതുള്‍പ്പടെ നാശനഷ്ടമുണ്ട്. കാഞ്ഞിക്കാട് എവറസ്റ്റ് കമ്പനിക്ക് മുന്നില്‍ ശനിയാഴ്ച വൈകിട്ട് 4.20നാണ് അപകടമുണ്ടായത്. പ്ലൈവുഡുമായി പെരുമ്പാവൂര്‍ ഭാഗത്തുനിന്നും പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാഷനല്‍ പെര്‍മിറ്റ് ലോറിയാണ് മറിഞ്ഞത്.

ബൈക്ക് യാത്രക്കാരനെ ഇടിച്ച ലോറി തൊട്ടടുത്ത കാര്‍ അപ്പോള്‍സറി കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പിന്നില്‍ ഇടിച്ചു. സ്ഥാപന ഉടമ മുഹമ്മദ് സാലിയുടെ കാറിന്റെ പിൻ ഭാഗം പൊളിഞ്ഞു. കാറില്‍ ഇടിച്ച ശേഷം കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടെംബോ ട്രാക്‌സിന്റെ മുന്‍ഭാഗത്തും ഇടിച്ച ലോറി സുധീഷിന്റെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് സ്‌കൂട്ടറുകള്‍ക്ക് മുകളിലേക്കാണ് മറിഞ്ഞത്. മൊത്തം അഞ്ച് വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പ്ലൈവുഡ് കെട്ടിവെച്ചിരുന്ന കയര്‍ അഴിഞ്ഞതോടെ ലോറിയുടെ നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കൊടുംവളവിന് സമീപത്താണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ പെരുമ്പാവൂര്‍ മുതല്‍ വല്ലം ജങ്ഷന്‍ വരെ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. അപകട സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tags:    
News Summary - Accident on MC Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.