പിടിയിലായ പ്രതികൾ
ഫോർട്ട്കൊച്ചി: വിദേശത്ത് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞു ഫോർട്ട്കൊച്ചി സ്വദേശിയിൽ നിന്നും പണം തട്ടിയ കേസിൽ ഒരു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കൂത്താട്ടുകുളത്തു നിന്നും ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി അമരാവതി സ്വദേശിയിൽ നിന്നും ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം നല്കി പത്ത് ലക്ഷത്തിലേറെ രൂപ (10, 25,000) വാങ്ങിയ ശേഷം ജോലി ശരിയാക്കി നല്കാതെ മുങ്ങുകയായിരുന്നു.
കൂത്താട്ടുകുളത്തു ഒളിവിൽ കഴിയുകയായിരുന്ന തൃശ്ശൂർ കൂഴൂർ കല്ലൂക്കാരൻ വൂട്ടിൽ തോമസ് മകൻ 35 വയസ്സുളള ലിൻറോമോൻ (35), ആലുവ ചുണങ്ങംവേലി എരുമത്തല പള്ളിപ്പറമ്പിൽ വീട്ടിൽ കിരൺ ജോസ് (25), ഇടപ്പള്ളി കെ.പി.നഗർ കോതേരിത്തറ വീട്ടിൽ മൈക്കിൽ റിൻറു (30), ആലുവ ചുണങ്ങംവേലി എരുമത്തല പള്ളിപ്പറമ്പിൽ വീട്ടിൽ നീതു ജോസ് (32) എന്നീ പ്രതികളാണ് പിടിയിലായത്.
ആലുവ ടെമ്പിൾ റോഡിൽ എക്സ്പീരിയ ലെഷർ ടൂർസ് ആൻഡ് സ്റ്റഡി അബ്രോഡ് എന്ന സ്ഥാപനം നടത്തി വരികയായിരുന്ന പ്രതികൾ ഒരു വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു. പ്രതികൾ കൂത്താട്ടുകുളത്ത് ഒളിവിൽ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ എം.എസ്.ഫൈസലിന്റെ നിർദ്ദേശാനുസരണം എസ്.ഐ നവീൻ എസ്, സീനിയർ സി.പി.ഒ കെ.കെ. സുരേഷ്, സി.പി.ഒ മാരായജോൺ എം.എ പ്രജീഷ്, അശ്വതി രാമചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികൾക്ക് ആലുവ, അങ്കമാലി, തോപ്പുംപടി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. സമാന രീതിയിൽ നിരവധി പേരിൽനിന്നും പ്രതികൾ പണം തട്ടിയതായും സൂചനയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.