പ്രതീകാത്മക ചിത്രം

ജില്ലയിലെ ബാങ്കുകളിലുണ്ട്, അവകാശികളില്ലാത്ത 307 കോടി

കൊച്ചി: ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ 307.69 കോടി രൂപയുടെ നിക്ഷേപം. പത്തുവർഷത്തിലേറെയായി ഒരു ഇടപാടു പോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുന്നതെന്ന് ലീഡ് ബാങ്ക് മാനേജർ സി. അജിലേഷ് അറിയിച്ചു. അവകാശികളെ കണ്ടെത്തുന്നതിനായി റിസർവ്ബാങ്ക് ദേശീയതലത്തിൽ ആവിഷ്കരിച്ചിട്ടുള്ള ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ പരിപാടിയുടെ ഭാഗമായി ഡിസംബർ 29ന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.

ഹൈകോടതിക്ക് സമീപം ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ രാവിലെ 10 മുതലാണ് ക്യാമ്പ്. ജില്ലയിൽ അവകാശികളില്ലാത്ത 11.93 ലക്ഷം അക്കൗണ്ടുകൾ നിലവിൽ റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയും കേരളത്തിൽ 2133.72 കോടി രൂപയുമാണ് അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. നിക്ഷേപകരുടെ മരണം, വിദേശവാസം തുടങ്ങിയ കാരണങ്ങളാൽ അക്കൗണ്ടുകളിൽ ഇടപാടുകൾ മുടങ്ങാറുണ്ട്.

മരിച്ചവരുടെ അനന്തരാവകാശികൾക്കും അക്കൗണ്ടിനെ കുറിച്ച് അറിവുണ്ടാവില്ല. നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ 29ന് സംഘടിപ്പിക്കുന്ന ക്യാമ്പിലെത്തുന്നവരുടെ കൈവശമുണ്ടാകണം. ലീഡ് ബാങ്കിന്‍റെ നേതൃത്വത്തിൽ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെയാണ് ക്യാമ്പ്. ഇൻഷുറൻസ് കമ്പനികൾ, ഫിനാൻഷ്യൽ ലിറ്ററസി സെന്ററുകൾ എന്നിവയും ക്യാമ്പിന്റെ ഭാഗമാണ്. അവകാശികളാണെന്ന് ബോധ്യമായാൽ തുക തിരികെ ലഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ക്യാമ്പിൽ ലഭിക്കും. തുടർനടപടികൾക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും.

Tags:    
News Summary - There are 307 crores of unclaimed money in the district's banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.