കൊച്ചി: സ്വകാര്യബസിലെ യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ചയാളും ഇയാൾ മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ വാങ്ങുന്നയാളും അറസ്റ്റിലായി.
കലൂർ മാതൃഭൂമി ജങ്ഷനിൽനിന്ന് ഹൈകോടതി ഭാഗത്തേക്ക് യാത്ര ചെയ്തയാളുടെ 4500 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് മോഷ്ടിച്ച ചേർത്തല കുത്തിയതോട് ചെമ്മനാട് മേമന ഹൗസിൽ മാത്യൂസ് സോർട്ടറിനെയാണ് (40) സ്വകാര്യബസിലെ മോഷണത്തിന് എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ബസിൽ മൊബൈൽ ഫോൺ മോഷണം പതിവാണെന്നും ഇത്തരത്തിൽ കിട്ടുന്ന ഫോണുകൾ പള്ളുരുത്തിയിലെ കടേഭാഗം കൊച്ചൻചേരിയിൽ വീട്ടിൽ സന്തോഷ് (54) എന്നയാൾക്ക് വിൽക്കലാണ് പതിവെന്നും വ്യക്തമായി. തുടർന്ന്, സന്തോഷിനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽനിന്ന് നിരവധി മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഇരുവർക്കുമെതിരെ കൊച്ചി സിറ്റിയിലെ പല സ്റ്റേഷനുകളിലും മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. നോർത്ത് സി.ഐ പ്രതാപ്ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ് ടി.എസ്, ദർശക്, വിനോദ്, സി.പി.ഒമാരായ മഹേഷ്, തങ്കരാജ്, ജിത്തു രമേശ്, ഗിരീഷ് കെ.എസ്, ഷിജു പി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.