കളമശ്ശേരി: പൂട്ടിക്കിടക്കുന്ന ഏലൂരിലെ പൊതുമേഖല സ്ഥാപനമായ എച്ച്.ഐ.എൽ കമ്പനിയിൽ മോഷണം നടത്തിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ അദികുൽ ഇസ്ലാം (27), ഐസുൽ ഇസ്ലാം (29), മുർഷിദാബാദ് സ്വദേശി റൈബ്ബൾ മലിത്തി (25), തമ്മനം സ്വദേശി മുഹമ്മദ് അസ്ലം(42) എന്നിവരെയാണ് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പ് കമ്പനിയുടെ സീലിങ് ഫാനുകൾ, 30ഓളം പിച്ചള വാൽവുകൾ, കണക്ടറുകൾ, പഴയ ഇലക്ട്രിക് കേബിളുകൾ തുടങ്ങിയവ മോഷണം പോയ സംഭവത്തിലാണ് അറസ്റ്റ്. കമ്പനി സെക്യൂരിറ്റി സൂപ്പർവൈസർ കെ.എസ്. സുരേഷ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
ഏലൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിബി ടി. ദാസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തവേ 23ന് വൈകീട്ട് അദികുൽ ഇസ്ലാം ആപേ ഗുഡ്സ് ഓട്ടോറിക്ഷയിൽ, പാതാളം ഭാഗത്ത് നിന്ന് പഴയ ആനവായിൽ ഭാഗത്തേക്ക് ചാക്കിൽ സാധനങ്ങൾ കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ കമ്പനി സ്റ്റിക്കർ പതിപ്പിച്ചതും കവർ പൊട്ടിക്കാത്തതുമായ സീലിങ് ഫാനും ലീഫും ഉൾപ്പെടെ എട്ട് പാക്കറ്റുകൾ, പഴകിയ മോട്ടാർ എന്നിവ കണ്ടെത്തി. പരാതിക്കാരനെ വിളിച്ച് സാധനങ്ങൾ കാണിച്ചപ്പോൾ എച്ച്.ഐ.എൽ കമ്പനിയിൽ നിന്നും മോഷണം പോയതാണെന്ന് തിരിച്ചറിഞ്ഞു.
അദികുൽ ഇസ്ാമിനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതനുസരിച്ച് മറ്റ് രണ്ട് പേരെയും പാതാളം ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തു. കേസിലെ സാധനങ്ങൾ വാങ്ങിയത് നാലാം പ്രതി മുഹമ്മദ് അസ്ലമാണെന്നും പൊലീസ് പറഞ്ഞു. ഇവരെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.