കടലെടുത്ത കടപ്പുറം
ഫോർട്ടുകൊച്ചി: ശക്തമായ മഴയിലും തിരയടിയിലും ഫോർട്ടുകൊച്ചി കടപ്പുറത്തിന് നാശനഷ്ടം. മഹാത്മാഗാന്ധി കടപ്പുറത്തിന്റെ തെക്കൻ മേഖല പൂർണമായും കടലെടുത്തു. തീരത്തെ കൽക്കെട്ടുകൾ തിരയടിയേറ്റ് തകർന്നു . തീരത്തോട് ചേർന്ന നടപ്പാതയും ഇല്ലാതായി.
കടൽ തീരമാണ് ഫോർട്ടുകൊച്ചിയിലെത്തുന്ന സഞ്ചാരികളുടെ ആകർഷണ കേന്ദ്രം. എന്നാൽ, വർഷം തോറും കടൽ തീരം ഇല്ലാതാവുകയാണ്. ഓരോ വർഷവും കടപ്പുറം സൗന്ദര്യവത്കരണത്തിന് തുക ചെലവഴിക്കുന്നുണ്ട് . എന്നാൽ, പദ്ധതികൾ വെള്ളത്തിൽ വരക്കുന്ന വര പോലെയാകുകയാണെന്ന് മാത്രം . വർഷങ്ങൾക്ക് മുമ്പ് ഏറെ വിസ്തീർണമുള്ള കടൽ തീരമായിരുന്നു. സഞ്ചാരികളുടെ പറുദീസ എന്നു പോലും കടപ്പുറം വിശേഷിക്കപ്പെട്ടിരുന്നു. എന്നാൽ, പ്രതിവർഷം കടൽ തീരം കടലെടുത്തു വരികയാണ്. നിലവിൽ തീരം പേരിനു മാത്രമായി. ബീച്ച് ബൈക്ക് റൈസ് , ബീച്ച് ഫുട്ബാൾ മത്സരം എന്നിവയെല്ലാം നടത്തിയിരുന്ന വിശാലമായ തീരമാണ് ഇല്ലാതായത്. കടൽ തീരം നിലനിർത്തുന്നതിന് ശാസ്ത്രീയമായ വികസന പദ്ധതിയില്ലാത്തതാണ് പ്രശ്നം. നടപ്പാത നിർമാണം , ഇരിപ്പിടമൊരുക്കൽ, വിളക്ക് സ്ഥാപിക്കൽ എന്നിവയിൽ മാത്രമായി വികസനം ഒതുങ്ങി. ഓരോ വർഷക്കാലത്തും നടപ്പാതകൾ തിരമാലകൾ തകർക്കും, വീണ്ടും ശരിയാക്കും. പതിവുകൾ തുടർന്നു പോന്നു. വർഷങ്ങൾക്ക് മുമ്പ് ചെന്നൈ ഐ.ഐ.ടി ഇത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തീരം വീണ്ടെടുക്കാൻ കഴിയുമെന്ന ഗാരന്റിയോടെയാണ് പദ്ധതി സമർപ്പിച്ചത്. എന്നാൽ, പദ്ധതി നടപ്പാക്കാൻ അധികാരികൾ താൽപര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അധികൃതർക്ക് കടപ്പുറം കറവ പശുവാണെന്ന ആരോപണവും ഉണ്ട്. ഈ അവസ്ഥ തുടർന്നാൽ മാത്രമേ ഓരോ വർഷവും ടൂറിസം വികസന പദ്ധതികൾ ആവിഷ്ക്കരിച്ച് കമ്മീഷൻ കൈപറ്റാനാകുവെന്നാണ് വിവിധ പൈതൃക സംരക്ഷണ സംഘടനകൾ ആരോപിക്കുന്നത്. തീര സംരക്ഷണത്തിനായി ശാസ്ത്രീയമായ പദ്ധതികൾ നടപ്പാക്കണമെന്ന് നാട്ടുകാരും സഞ്ചാരികളും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.