ബുധനാഴ്ച രാത്രി പുറയാർ ചാന്തേലിപ്പാടത്ത് നിന്ന് നാട്ടുകാർ പിടികൂടിയ കഞ്ചാവ്

ഇത് ജനകീയ തൂഫാൻ; 15 കിലോ കഞ്ചാവ് നാട്ടുകാർ കണ്ടെടുത്തു

ദേശം: പുറയാർ ചാന്തേലിപ്പാടം കേന്ദ്രീകരിച്ച് അർധരാത്രി കഞ്ചാവ് വിൽപനക്കെത്തിയ സംഘം നാട്ടുകാരെ കണ്ട് ചിതറിയോടി. സംഘം പാടത്ത് ഉപേക്ഷിച്ചതായി സംശയിക്കുന്ന 15 കിലോ തൂക്കം വരുന്ന, റാപ്പർ ഉപയോഗിച്ച് പൊതിഞ്ഞ 12 വലിയ കഞ്ചാവ് പാക്കറ്റുകൾ നാട്ടുകാർ കണ്ടെടുത്ത് ആലുവ എക്സൈസിന് കൈമാറി.

ചെങ്ങമനാട് പഞ്ചായത്തിലെ 13-ാം വാർഡിൽപ്പെട്ട പ്രദേശമാണിത്. സന്ധ്യ കഴിഞ്ഞാൽ ആൾ സഞ്ചാരം കുറഞ്ഞ റെയിവെ ട്രാക്കിനോട് ചേർന്ന പ്രദേശമാണിത്. റെയിൽവേ ട്രാക്ക് വഴിയും തുരങ്ക പാത വഴിയും പുറയാർ റെയിൽവേ ഗേറ്റ് വഴിയും വിവിധ ഇടവഴികളിലൂടേയും ഇവിടെ എത്തിപ്പെടാം. ഓപറേഷൻ തൂഫാൻ ഊർജിതമായതോടെയാണ് ചാന്തേലിപ്പാടം പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനക്ക് ശ്രമം തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഏതാനും ദിവസം മുമ്പ് സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് കാറുകളിലും ഏതാനും ബൈക്കുകളിലും കഞ്ചാവ് വിൽപനക്കെത്തിയ സംഘത്തെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.

ഈ സമയം സംഘവുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്ന കാറിലെത്തിയ രണ്ട് പേരെ 200 മീറ്റർ വടക്ക് മാറി നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. എന്നാൽ കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്താനായില്ല. നെടുമ്പാശ്ശേരി സി.ഐ. അരുൺകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനാലും മറ്റും വാഹനം കഞ്ചാവ് വിൽപനക്ക് ഉപയോഗിച്ചിരുന്നതാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാൽ തൊണ്ടി സാധനം ലഭിക്കാതിരുന്നതിനാൽ കസ്റ്റഡിയിലെടുത്ത ശേഷം ഇരുവരേയും വിട്ടയച്ചു.

സംഭവത്തിന് ശേഷം പൊലീസിന്റെ നിർദേശപ്രകാരം ജനപ്രതിനിധികളും നാട്ടുകാരും ഒരാഴ്ചയായി ചാന്തേലിപ്പാടത്തും പരിസരങ്ങളിലും സംഘത്തെ നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെയാണ് ബുധനാഴ്ച രാത്രി ചാന്തേലിപ്പാടത്തെ റോഡിലൂടെ സംശയാസ്പദ സാഹചര്യത്തിൽ അന്തർസംസ്ഥാന തൊഴിലാളി അടക്കം കാറിലും ബൈക്കിലുമെത്തിയത്. ഇവർ കഞ്ചാവ് വിൽപ്പനക്കെത്തിയതെന്നാണ് സംശയിക്കുന്നത്. നാട്ടുകാരെ കണ്ടതോടെ സംഘം പല വഴികളിലൂടെ രക്ഷപ്പെട്ടു. അതോടെ തൊട്ടടുത്ത് താമസിക്കുന്ന പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് പാറപ്പുറത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘത്തെ പിടികൂടാൻ തീവ്രശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വാർഡ് അംഗം സുനിത മാഹിനും സംഭവമറിഞ്ഞ് സ്ഥലത്തെത്തി. നാട്ടുകാരും ജനപ്രതിനിധികളും അർധരാത്രി ഊർജിതമായി നടത്തിയ തിരച്ചിലിനെത്തുടർന്നാണ് ചതുപ്പ് നിലത്തിൽ നിന്ന് കഞ്ചാവ് അടങ്ങിയ ബാഗ് കണ്ടെടുത്തത്. പുതപ്പ് കൊണ്ട് പൊതിഞ്ഞ് അതിസൂക്ഷ്മമായ നിലയിലായിരുന്നു കഞ്ചാവ് ബാഗിൽ സൂക്ഷിച്ചത്. ബാഗിനകത്ത് നിന്ന് കഞ്ചാവിന്റെ ഗന്ധം പടരാതിരിക്കാൻ പാറ്റഗുളികകളും സൂക്ഷിച്ചിരുന്നു. 12 പാക്കറ്റ് കഞ്ചാവാണ് ബാഗിനകത്തുണ്ടായിരുന്നത്. ഓരോ പാക്കറ്റിനും ഒരു കിലോയിലധികം തൂക്കമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

അതിനിടെ 12-ാം വാർഡിൽപ്പെട്ട ട്രാക്കിന്റെ തെക്കുവശത്ത് നിന്ന് സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ രണ്ട് യുവാക്കളേയും നാട്ടുകാർ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് തെളിവുകളൊന്നും ലഭിച്ചില്ല. സംഭവമറിഞ്ഞ് അൻവർ സാദത്ത് എം.എൽ.എയുടെ നിർദേശപ്രകാരം ആലുവ എക്സൈസ് സംഘവും കൊച്ചിയിൽ നിന്ന് കേന്ദ്രസേന അംഗവും നെടുമ്പാശ്ശേരി പൊലീസും സ്ഥലത്തെത്തി. ആലുവ എക്സൈസ് അധികൃതർ കഞ്ചാവ് കസ്റ്റഡിയിലെടുത്തു. സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ യുവാക്കളേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags:    
News Summary - This is a popular storm; Locals recover 15 kg of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.