വനിത കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവം വധശ്രമത്തിന് കേസെടുത്ത് പൊലീസ്

മൂവാറ്റുപുഴ: നഗരസഭ ഓഫിസിൽ കോൺഗ്രസ് വനിത കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ അടക്കം രണ്ട് വനിതകൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നഗരസഭ വൈസ് ചെയർപേഴ്സൻ സിനി ബിജു, കോൺഗ്രസ് അംഗമായ 14ാം വാർഡ് കൗൺസിലർ ജോയ്സ് മേരി ആന്‍റണി എന്നിവർക്കെതിരെയാണ് 308 അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തത്. ജാമ്യമില്ല വകുപ്പുകളാണ്ചുമത്തിയിരിക്കുന്നത്. ഇവർ ആശുപത്രി വിടാതിരിക്കാൻ പൊലീസ് പിക്കറ്റിങ്ങും ഏർപ്പെടുത്തി. ഡിസ്ചാർജ് ആയാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിനാണ് പൊലീസ് ലക്ഷ്യമിടുന്നത്.

മറ്റൊരു കോൺഗ്രസ് വനിത കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെ ആക്രമിച്ച കേസിലാണ് ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. ജോയ്സ് മേരിയുടെ പരാതിയിൽ പ്രമീള ഗിരീഷ് കുമാറിനെതിരെ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തി മറ്റൊരുകേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോയ്സ് മേരി ആന്റണിയും സിനി ബിജുവും ചേർന്ന് നഗരസഭ ഓഫിസിലെ മുറിയിൽ അടച്ചിട്ട് ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു പ്രമീളയുടെ പരാതി.

എന്നാൽ, പ്രമീള ഗിരീഷ് കുമാർ, തങ്ങളെ മുറിയിലേക്ക് വിളിച്ചു വരുത്തി മർദിക്കുകയായിരുന്നുവെന്നാണ് ജോയ്സ് മേരിയും സിനി ബിജുവും നൽകിയിരിക്കുന്ന പരാതി. പ്രമീളയെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാകുകയും നഗരസഭ ഓഫിസിലെ കസേരകൾ ഉൾപ്പെടെ തകർക്കുകയും ചെയ്ത സംഭവത്തിലും കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരിൽ അഞ്ചുപേരെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി.

വ്യാഴാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് നഗരസഭ ഓഫിസിലെ ജനകീയാസൂത്രണ റൂമിൽ വനിത കൗൺസിലർമാർ ഏറ്റുമുട്ടിയത്. അടച്ചിട്ട മുറിയിലായിരുന്നു സംഭവം. ബഹളം കേട്ട് മറ്റ് കൗൺസിലർമാരും ജീവനക്കാരും ഓടിയെത്തിയതോടെയാണ് വാതിൽ തുറന്നത്. അപ്പോഴേക്കും രക്തംവാർന്ന നിലയിൽ പ്രമീള ഗിരീഷകുമാർ കുഴ‌ഞ്ഞു വീണിരുന്നു. ശരീരം ആസകലം മർദനമേറ്റപാടും കൈവിരലിൽ മുറിവും ഉണ്ടായിരുന്നു. മുടിയുടെ ഏതാനും ഭാഗം മുറിച്ചനിലയിൽ കണ്ടെത്തി. പൂട്ടിയിട്ട മുറിയിൽ നടന്ന സംഭവങ്ങൾക്ക് ദൃക്സാക്ഷികൾ ഇല്ല. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരസഭ കാര്യാലയത്തിൽ പൊലീസ് കാവലുണ്ട്.

Tags:    
News Summary - The police registered a case of attempted murder in the incident where the women councilors clashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.