ഫോ​ർ​ട്ട്​​കൊ​ച്ചി ക​മാ​ല​ക്ക​ട​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​യി​ലേ​ർ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

കടപ്പുറത്ത് വല നിറയെ വോട്ട് വർത്തമാനം

ഫോർട്ട് കൊച്ചി: തെരഞ്ഞെടുപ്പ് ചൂടിന് കടുപ്പം കൂടുമ്പോഴും കടലിലെ കാറ്റും കോളും മത്സ്യലഭ്യതക്കുറവും മൂലം മത്സ്യത്തൊഴിലാളികളുടെ മനസ്സ് തണുത്തിരിക്കുകയാണ്. ദമ്പതികൾക്ക് സീറ്റ് നൽകിയതും മുന്നണികളിൽനിന്ന് മറുകണ്ടം ചാടി സ്ഥാനാർഥിത്വം നേടിയതുമെല്ലാം വലകൾ വൃത്തിയാക്കുന്നതിനിടയിലും തൊഴിലാളികൾക്കിടയിൽ ചർച്ചയാണ്. ഇക്കുറിയും കോർപറേഷൻ ചുവപ്പണിയുമെന്ന് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടപ്പോൾ അത് പള്ളിയിൽ പറഞ്ഞാൽ മതി, ഇത് യു.ഡി.എഫിന്‍റെ സമയമാണെന്നും ലത്തീഫിന്‍റെ മറുപടി.

വാർഡുകൾ തലങ്ങും വിലങ്ങും വെട്ടിയതും ചേർത്തതും മൂലം ഒരു ഡിവിഷനിലും വിജയസാധ്യത പറയാനാവാത്ത അവസ്ഥയാണെന്നാണ് ചീനവല തൊഴിലാളി ആന്‍റണിയുടെ പക്ഷം. അത് ശരിയാണെന്ന് മറ്റുള്ളവരും സമ്മതിച്ചു. അൽപം മാറിയിരുന്ന ചെറുവള്ള തൊഴിലാളികൾ ചർച്ചയിൽ വലിയ താൽപര്യം കാട്ടുന്നില്ല. ആരുഭരിച്ചാലും തങ്ങൾക്ക് ഗുണമില്ലെന്ന നിലപാടിലാണ് ഇവർ. പുതിയ നിയമങ്ങൾ, മത്സ്യ ബന്ധന യാനങ്ങൾക്ക് ഏകീകൃത നിറം തുടങ്ങിയ പല വിഷയങ്ങളും തങ്ങൾക്ക് വിനയാകുകയാണെന്ന് ടോമി പറഞ്ഞു. കടലിനോട് മല്ലിട്ട് ഉപജീവനത്തിന് വഴി കണ്ടെത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ആര് ഭരണത്തിൽ വന്നാലും ഗുണമില്ലെന്ന് ദാസൻ ചൂണ്ടിക്കാട്ടി.

ചൈനീസ് സർക്കാർ നൽകിയ സഹായ വാഗ്ദാനം നിരസിച്ച നമ്മുടെ സർക്കാർ ചീനവല നവീകരണത്തിന് രണ്ട് കോടി അനുവദിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു പുരോഗമനവും ഉണ്ടായില്ലെന്നാണ്ചീനവല തൊഴിലാളി ആന്‍റണി പറയുന്നത്. ഇക്കുറി വോട്ട് ചെയ്യുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ബിൻഷാദ് പറഞ്ഞു. അതേ സമയം ഇതുവരെ വോട്ട് രേഖപ്പെടുത്താതിരുന്നിട്ടില്ലെന്നും ഇത്തവണയും പതിവ് തെറ്റിക്കില്ലെന്നും കൂട്ടത്തിൽ പ്രായമുള്ള ദാസൻ പറഞ്ഞു. ഈ സമയം കടലിൽ നിന്ന് തീരത്തേക്ക് ഒരുവള്ളം കുടിയെത്തിയതോടെ തൊഴിലാളികൾ ചർച്ച നിർത്തി. എല്ലാവരും ചേർന്ന് വള്ളം കരയിലേക്ക് തള്ളി കയറ്റി. ലേലം വിളിക്ക് കച്ചവടക്കാരും പാഞ്ഞെത്തിയതോടെ ചർച്ചയും നിന്നു.

Tags:    
News Summary - The net is full of vote news on the beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.