കരിയാട്: നെടുമ്പാശ്ശേരി പഞ്ചായത്തിലെ കരിയാട് 12ാം വാർഡ് അകപ്പറമ്പ് തിരുവിലാംകുന്ന് ജല അതോറിറ്റിയുടെ ടാങ്കും പരിസരവും കാടുമൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാകുന്നതായി പരാതി. ചെങ്ങമനാട് കുന്നുകര, പാറക്കടവ് പഞ്ചായത്ത് പ്രദേശങ്ങളിലടക്കം വിതരണം ചെയ്യാൻ കുടിവെള്ളം സംഭരിക്കുന്ന പ്രധാന ടാങ്കാണിത്.
ഏറെ നാളായി ടാങ്കും പരിസരവും വൃത്തിഹീനമായിട്ടും ജല അതോറിറ്റി അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പരിസരം വൃത്തിഹീനമായതോടെ രാത്രി മോഷണ, ലഹരി മാഫിയകൾ ഇവിടം താവളമാക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം ടാങ്കിന് സമീപം ശേഖരിച്ചിരുന്ന ലക്ഷങ്ങൾ വില വരുന്ന കാസ്റ്റ് അയൺ പൈപ്പുകളും ബ്രാസ് ക്ലാമ്പുകളും ഫിറ്റിങ്സുകളുമടക്കം മോഷണം പോയേത്ര. ഇത് പൊലീസ് അന്വേഷിച്ച് വരികയാണ്. സർക്കാറിന്റെ വില പിടിപ്പുള്ള സാധന സാമഗ്രികൾ അലക്ഷ്യമായി സൂക്ഷിക്കുന്ന ഇവിടെ സ്ഥിരം പമ്പിങ് ഓപ്പറേറ്ററോ സുരക്ഷാ ജീവനക്കാരനോ ഇല്ല. കുടിവെള്ള ടാങ്ക് സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതിലും സംരക്ഷിക്കാത്തതിലും വ്യാപക ആക്ഷേപമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.