മികച്ച കലക്ടർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ
എൻ.എസ്.കെ. ഉമേഷ്, എറണാകുളം പ്രസ് ക്ലബ് നൽകിയ
സ്നേഹാദരത്തിൽ സംസാരിക്കുന്നു
കൊച്ചി: ലഹരിക്കെതിരെ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ജില്ല. എൻഫോഴ്സ്മെന്റ് നടപടികൾ കർശനമാക്കുന്നതോടൊപ്പം ബോധവത്കരണത്തിൽ മാറ്റം വരുത്താനാണ് തീരുമാനം. വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി നടത്തുന്ന നിലവിലെ ബോധവത്കരണ മൊഡ്യൂളുകൾ അപര്യാപ്തമാണെന്ന വിലയിരുത്തലിലാണ് കലക്ടറുടെ നേതൃത്വത്തിലുളള നാർക്കോ കോഓഡിനേഷൻ കമ്മിറ്റി പുതിയ തീരുമാനമെടുത്തത്.
സംസ്ഥാനത്തെ മികച്ച കലക്ടറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കലക്ടർ എൻ.എസ്.കെ. ഉമേഷ്. സഹപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും മികച്ച പിന്തുണയാണ് നേട്ടത്തിന് പ്രാപ്തനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേലിയേറ്റ ദുരിതം പേറുന്ന തീരദേശ മേഖലയിൽ അടിയന്തര നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എടവനക്കാട് വീരൻപുഴയിലടക്കം ആഴം കൂട്ടാനുളള നടപടികൾ വേഗത്തിലാക്കും. താന്തോണിത്തുരുത്തിൽ ഔട്ടർ ബണ്ട് നിർമാണം ഉടൻ ആരംഭിക്കും. ഇടക്കൊച്ചിയിലും കടവന്ത്ര, പനമ്പിള്ളി നഗർ അടക്കമുളള പ്രദേശങ്ങളിലും പ്രതിരോധ നടപടികൾ സ്വീകരിക്കും. ഫോർട്ട് കൊച്ചിയിലെ നടപ്പാത നവീകരണവും മാലിന്യ സംസ്കരണവും കാര്യക്ഷമമാക്കും.
വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ അയ്യൻകുഴിയിൽ ഗുരുതര മലിനീകരണമാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. ഇവിടെ ഗുരുതര വായു, വെളള, ശബ്ദ മലിനീകരണമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതി നിർദേശമനുസരിച്ച് തുടർ നടപടി സ്വീകരിക്കും. മൂലമ്പിള്ളി പാക്കേജുമായി ബന്ധപ്പെട്ടുയർന്ന പരാതികൾ പരിഹരിക്കാനുളള ശ്രമത്തിലാണ്.
ജില്ലയിലെ പ്രധാനപ്രശ്നങ്ങളായ പട്ടയവും തരംമാറ്റവും പരമാവധി വേഗത്തിലാക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത്. കോതമംഗലത്താണ് പട്ടയവുമായി ബന്ധപ്പട്ട അപേക്ഷകൾ കൂടുതൽ. തരംമാറ്റൽ അപേക്ഷകൾ വേഗത്തിൽ തീർക്കുന്നതിനായി രണ്ട് അദാലത്തുകൾ നടത്തി. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിൽ ഈ മാസം 10ന് അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
ജില്ലയുടെ മാലിന്യ ബോംബായിരുന്ന ബ്രഹ്മപുരത്തിന് ഇപ്പോൾ പുതിയ മുഖമാണ്. 2023 മാർച്ചിൽ താൻ ചുമതലയേൽക്കുമ്പോൾ അവിടെ ഭീകരാവസ്ഥയായിരുന്നു. ഇപ്പോൾ 85 ശതമാനം മാലിന്യവും ബയോ മൈനിങ്ങിലൂടെ ഇല്ലാതാക്കി. ഒപ്പം പ്ലാൻറ് നിർമാണവും അന്തിമഘട്ടത്തിലാണ്. കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണത്തിലെ സാങ്കേതിക തടസ്സങ്ങൾ ഉടൻ പരിഹരിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുളള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി ഉടൻ പൂർത്തിയാക്കും. മുല്ലശ്ശേരി കനാലിലെ പ്രവൃത്തികളാണ് അവശേഷിക്കുന്നത്. ഇത് മേയ് മാസത്തോടെ തീർക്കാൻ കോൺട്രാക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. അംഗീകരിക്കാത്ത പക്ഷം കരിമ്പട്ടികയിൽപെടുത്തും. ഹൈകോടതി ജങ്ഷനിലെയും കമ്മട്ടിപ്പാടത്തെയും പ്രവൃത്തികളും വേഗത്തിൽ തീർക്കും. മഴ മുന്നൊരുക്ക പ്രവൃത്തികൾ മേയ് 15നകം തീർക്കും. 15 സ്ഥലങ്ങളിൽ ഡ്രെയിനേജ് പ്രവർത്തികൾ പൂർത്തിയാക്കി. കനാലുകളിൽ മാലിന്യം തള്ളുന്നത് തടയാൻ റസിഡന്റ്സ് അസോസിയേഷനുകളുമായി ചേർന്ന് നിരീക്ഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.