ബാലന്റെ ഹോട്ടൽ
മട്ടാഞ്ചേരി: സ്ക്വയർ പെറോട്ടയിലൂടെയും മട്ടൻ ചോപ്സിലൂടെയും സോഷ്യല്‍ മീഡിയയിൽ വൈറലായ രുചിക്കൂട്ടൊരുക്കുന്നതിൽ വ്യത്യസ്തനാം ബാലന് ഇനി ഓർമ. മട്ടാഞ്ചേരി പുതിയ റോഡ് കവലയിലെ ഹോട്ടല്‍ സിറ്റി സ്റ്റാര്‍ എന്ന ഭക്ഷണശാല പിന്നീട് ബാലന് ചേട്ടന്റെ ഹോട്ടല്‍ എന്നറിയപ്പെട്ടു. ഈ ഹോട്ടലിന്റെ ആത്മാവായിരുന്ന ബാലന്റെ വേർപ്പാട് മട്ടാഞ്ചേരിക്കാരെ ദുഃഖത്തിലാഴ്ത്തി.
അഞ്ച് ദശാബ്ദങ്ങൾക്ക് മുൻപ് പാലക്കാട് നിന്നും മട്ടാഞ്ചേരിയിലെത്തിയ ബാലൻ പിന്നീട് ഫുഡ് വ്ളോഗർമാരിലൂടെ കേരളത്തിലെ ഭക്ഷണ പ്രേമികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു. പത്തൊമ്പതാം വയസിൽ മട്ടാഞ്ചേരിയിലെത്തിയ ബാലൻ ആദ്യഘട്ടം ബാഹർ വാല (കടകളിൽ ചായ കൊണ്ടുപോയി കൊടുക്കുന്നയാൾ) ആയാണ് ഹോട്ടൽ ജോലിക്ക് തുടക്കമിട്ടത്. പിന്നീട് ഹോട്ടൽ മുബാറക്, നാസർ കഫേ, ഹോട്ടൽ ഡർബാർ എന്നിവിടങ്ങളിൽ സപ്ലയറായി. ഈ കാലയളവിൽ നാട്ടുകാരുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കാൻ ബാലന് കഴിഞ്ഞു.
അങ്ങനെയിരിക്കെയാണ് പുതിയ റോഡ് കവലയിലെ ജോർജ് വൈദ്യരുടെ വൈദ്യശാല അദ്ദേഹത്തിന്റെ മരണശേഷം ഒഴിഞ്ഞത്. ഹാജി അഹമ്മദ് ഇബ്രാഹിം സേട്ട് ട്രസ്റ്റിനു കീഴിലുള്ള കെട്ടിടത്തിലെ ഈ വൈദ്യശാല ബാലൻ ഹോട്ടൽ നടത്തുവാനായി ഏറ്റെടുത്തു. ചുരുങ്ങിയ കാലയളവിൽ സാധാരണക്കാരന്റെ പ്രിയ ഭക്ഷണശാലയാക്കി മാറ്റാൻ ബാലന് കഴിഞ്ഞു. മട്ടാഞ്ചേരിയുടെ രുചിപ്പെരുമക്കൊപ്പം സൗഹൃദവും ഒരുമിച്ച് നൽകിയ ഇടമായി ഈ ഹോട്ടൽ.
ഹോട്ടൽ ജീവനക്കാരനായി തുടങ്ങി ഹോട്ടൽ മുതലാളിയിലെത്തിയ കഥയാണ് ബാലന്റേത്. വളരെ കുറഞ്ഞ പൈസക്ക് രുചികരമായ ഭക്ഷണം ബാലൻ വിളമ്പി. മട്ടാഞ്ചേരിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ നാസ്തയാക്കാൻ ബാലൻ ചേട്ടന്റെ കടയാണ് പലർക്കും ആശ്രയം. ലാഭ നഷ്ടത്തേക്കാൾ കസ്റ്റമറുമായുള്ള സൗഹൃദമാണ് ബാലൻ ലക്ഷ്യമാക്കിയിരുന്നത്. അതുകൊണ്ടാണ് സ്ക്വയർ പൊറോട്ടയും മീറ്റ് ചാപ്പ്സും വഴി സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും ബാലനെ നാട്ടുകാർ ഓർക്കുന്നത് അദ്ദേഹത്തിന്റെ ലാളിത്യത്തിനും സ്നേഹപൂർവ്വമായ ഇടപെടലുകൾക്കുമാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി അതേ രുചിയും പഴയ മട്ടാഞ്ചേരി ശൈലിയും നിലനിർത്തിയാണ് അദ്ദേഹം ഹോട്ടൽ മുന്നോട്ട് കൊണ്ടുപോയത്. നിരവധി ഫുഡ് വ്ളോഗർമാരും ഭക്ഷണപ്രേമികളും തേടിയെത്തിയ ഈ ചെറിയ കട കൊച്ചിയുടെ ഭക്ഷണ മാപ്പിലെ പ്രത്യേക ഇടമായി മാറിയതും അതുകൊണ്ടാണ്. മട്ടാഞ്ചേരിയുടെ ഭക്ഷണ പെരുമയ്ക്കൊപ്പം ബാലൻ എന്ന പേരും ചേർത്തുവെച്ചാണ് നാട്ടുകാരുടെ ബാലൻ ചേട്ടൻ വിടവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.