എറണാകുളം മാർക്കറ്റിലെ ഈത്തപ്പഴ വിപണി
കൊച്ചി: ഇഫ്താറുകളിലും വീടുകളിലും നോമ്പ് തുറകൾ സജീവമാക്കുകയാണ് അതിർത്തികടന്നെത്തുന്ന ഈത്തപ്പഴ രുചി. എട്ടോളം രാജ്യങ്ങളിൽ നിന്നെത്തുന്ന ഈത്തപ്പഴങ്ങളുടെ വ്യാപാരമാണ് എറണാകുളത്ത് പൊടിപൊടിക്കുന്നത്. നോമ്പ് തുറയിൽ മാറ്റിനിർത്താനാകാത്ത ഘടകമാണ് ഈത്തപ്പഴം. സൗദി, ജോർദാൻ, ഇറാൻ, ഇറാൻ, ഇറാഖ്, ഈജിപ്ത്, അൽജീരിയ, ടുനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഈത്തപ്പഴങ്ങൾ വിപണിയിലുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഈത്തപ്പഴം അന്വേഷിച്ചെത്തുന്നവരുടെ എണ്ണവും മുൻ വർഷങ്ങളിലേതിനേക്കാൾ വർധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
മെജൂൾ, അജ്വ, സഫാവി, ഹാർമണി, റോയൽ ഫരീദ, മബ്രൂം എന്നീ ഇനങ്ങൾക്കാണ് പ്രിയമേറെ. വില ഏറിയാലും ഗുണമേന്മയിൽ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് വ്യാപാരികളും ഈത്തപ്പഴ പ്രിയരും ഒരേസ്വരത്തിൽ പറയുന്നു. സൗദിയിൽ നിന്നുള്ള അജ്വയും ജോർദാനിൽ നിന്നെത്തുന്ന മെജൂളുമൊക്കെ തേടി നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ നിരവധിയാളുകളെത്തുന്നുണ്ട്. ഇറാനിൽ നിന്ന് വരുന്ന ഹാർമണി, ഫസീൽ, റോയൽ ഇമാം, സൺ ഡേറ്റ്സ് എന്നീ ഇനങ്ങൾ പണ്ടേ കൊച്ചിക്കാർക്ക് പ്രിയപ്പെട്ടതാണ്.
താരതമ്യേന കുറഞ്ഞ വിലയുള്ള, ഇറാഖിൽ നിന്നെത്തുന്ന ബസ്ര, സഹ്ദി എന്നിവയുടെ വിൽപനയും തകൃതിയാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് കൊച്ചിയിലെത്തുന്ന ഈത്തപ്പഴമാണ് പലപ്പോഴും മൊത്തക്കച്ചവടക്കാരിൽ നിന്ന് സംസ്ഥാനത്തിന്റെയും ജില്ലയുടെയും വിവിധ ഭാഗങ്ങളിലേക്ക് ചില്ലറ വിൽപനക്കാർ കൊണ്ടുപോകുന്നത്. പായ്ക്കറ്റുകളിൽ ലഭിക്കുന്ന ബറാനി, ടുനീഷ്യ ക്രാഫ്റ്റ്, കിമിയ എന്നിവയുടെ വിൽപനയും സജീവമാണ്. വീടുകളിലേക്കും പള്ളികളിലേക്കും കൂടുതലായി ഈത്തപ്പഴങ്ങൾ ആളുകൾ വാങ്ങിക്കൊണ്ടുപോകുന്നുണ്ടെന്നും വിപണിയിൽ ഉണർവ് പ്രകടമാണെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.