പഠനചെലവ് താങ്ങാനാകുന്നില്ല; അവകാശ പത്രികയുമായി ആദിവാസി വിദ്യാർഥികൾ

കൊച്ചി: സ്വകാര്യവത്കരണം, ഡിജിറ്റൽവത്കരണം എന്നിവ വിദ്യാഭ്യാസ മേഖലയെ മാറ്റിമറിക്കുമ്പോൾ അതിലേക്ക് എസ്.സി, എസ്.ടി വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ആദിവാസി വിദ്യാർഥികൾ. ഓൺലൈൻ വിദ്യാഭ്യാസവും വർധിച്ചുവരുന്ന പഠനചെലവുകളും പുതിയ നിരവധി പ്രതിസന്ധികൾ തീർക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ആദിവാസി, ദലിത് വിദ്യാഭ്യാസ അവകാശ പത്രിക സർക്കാറിന് സമർപ്പിക്കുമെന്ന് ആദിശക്തി സമ്മർ സ്കൂൾ പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

1990കളുടെ തുടക്കത്തിൽ രജനി എസ്. ആനന്ദ് എന്ന വിദ്യാർഥിനി ആത്മഹത്യചെയ്തതിനെ തുടർന്നാണ് 1000 രൂപയായിരുന്ന ഹോസ്റ്റൽ തുക 3000 രൂപയായി വർധിപ്പിച്ചത്. രണ്ട് ദശകം കഴിഞ്ഞിട്ടും ഇതിന് മാറ്റമുണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസത്തിന് ഭരണഘടനാപരമായ സംവരണം ഉറപ്പാക്കാൻ സർവകലാശാല, സ്വയംഭരണ കോളജുകളുടെ പ്രോസ്പെക്ടസിൽ വ്യവസ്ഥയുണ്ടാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

യു.ജി, പി.ജി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കുന്നത് മുതൽ എല്ലാ ഫീസുകളും സർക്കാർ നൽകണം. എല്ലാ നഗരകേന്ദ്രങ്ങളിലും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ ആരംഭിക്കണം. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർവകലാശാലകളിലും വകുപ്പുകളിലും ലെയ്സൺ ഓഫിസറെ നിയമിക്കണം. എസ്.സി, എസ്.ടി സീറ്റുകൾ ഇതര വിഭാഗങ്ങൾക്ക് നൽകുന്നത് കുറ്റകരമാക്കണം. ജീവിതച്ചെലവും ഡിജിറ്റൽ ചെലവുകളും കണക്കിലെടുത്ത് ഹോസ്റ്റൽ അലവൻസ് വർധിപ്പിക്കണം.

വയനാട്, അട്ടപ്പാടി മേഖലകളിൽ എസ്.ടി വിഭാഗം പ്ലസ് വൺ സീറ്റുകൾ കൂട്ടുക, എസ്.ടി, എസ്.സി വകുപ്പുകളിൽ 50 ശതമാനം നിയമനം ആ വിഭാഗക്കാർക്ക് നൽകുക, എയ്ഡഡ് മേഖലയിലെ ജാതി വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും അവകാശപത്രികയിൽ ഉന്നയിച്ചു.

തിരുവനന്തപുരത്ത് മേയ് 13,14 തീയതികളിൽ അവകാശ പത്രിക സമർപ്പണത്തോട് ഒപ്പം 'ഒപ്പറ 2022' സാംസ്കാരികോത്സവവും നടത്തും. ആദിവാസി ഗോത്ര മഹാസഭ നേതൃത്വത്തിൽ 2015 മുതൽ പ്രവർത്തിച്ചുവരുന്ന വിദ്യാർഥി കൂട്ടായ്മയാണ് ആദിശക്തിസമ്മർ സ്കൂൾ. സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ, ചെയർപേഴ്സൻ പി.വി. രജനി, സെക്രട്ടറി ജി. ജിഷ്ണു, മേരി ലിഡിയ, രാഹുൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Study costs are unaffordable; Tribal students with a petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.