കൊച്ചി: സ്വകാര്യബസുകളുടെ മത്സരയോട്ടം കാരണം ഒമ്പത് ദിവസത്തിനിടെ രണ്ടു ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയൊരു മരണം നിരത്തിൽ സംഭവിക്കാതിരിക്കാൻ അധികാരികൾ കർശനനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മത്സരയോട്ടത്തിനിടെ ബസിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരൻ അബ്ദുൽ സലീമിന്റെ (43) മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിച്ച് കർശനശിക്ഷ ഉറപ്പാക്കണം.
ജില്ല പൊലീസ് മേധാവി അസി. കമീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സലീമിന്റെ മരണത്തിന് ഉത്തരവാദിയായ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടോ എന്നതടക്കം കാര്യങ്ങൾ കമീഷനെ ധരിപ്പിക്കണം.
അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ ക്രിമിനൽ കേസിന് പുറമേ മോട്ടോർ വാഹന നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ സ്വീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ കമീഷനിൽ സമർപ്പിക്കണം. ഒരു വർഷത്തിനിടെ അമിതവേഗത, അശ്രദ്ധ തുടങ്ങിയ കാരണങ്ങളാലുണ്ടായ സ്വകാര്യ ബസ് അപകടങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങളും അറിയിക്കണം.
ജില്ല കലക്ടർ, ആർ.ടി.ഒ., ട്രാൻസ്പോർട്ട് കമീഷണർ എന്നിവർ യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സംരക്ഷണം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്നും കമീഷൻ നിർദേശിച്ചു.
ജില്ല കലക്ടർക്ക് വേണ്ടി ആർ.ഡി.ഒ, ജില്ല പൊലീസ് മേധാവിക്ക് വേണ്ടി അസി. കമീഷണർ, ട്രാൻസ്പോർട്ട് കമീഷണർ, ആർ.ടി.ഒ എന്നിവരുടെ പ്രതിനിധികൾ സെപ്തംബർ ഒന്നിന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.