കാക്കനാട്: വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെ നാല് ദിവസത്തേക്കുകൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അതേസമയം, സനുവിനെ വിട്ടുനൽകണമെന്ന മഹാരാഷ്ട്ര പൊലീസിെൻറ അപേക്ഷ കോടതി നിരസിച്ചു. ഇയാളുടെ മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാൾ പറഞ്ഞ കാര്യങ്ങളിൽ പലതും കളവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കുട്ടിയെ കൊന്നശേഷം സനു മോഹൻ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലായി ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്നു. അതിനിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. എന്നാൽ, ഇത് കളവാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനുപുറെമ ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും പരസ്പര വിരുദ്ധമായാണ് മൊഴി നൽകുന്നതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയത്.
ഇതിനുപുറെമ, ആലപ്പുഴയിലെ ബന്ധുവീട്ടിലും കൊല ചെയ്യുന്നതിനുമുമ്പ് വൈഗക്ക് ഭക്ഷണം വാങ്ങി നൽകിയ ഹോട്ടലിലും തെളിവെടുപ്പ് പൂർത്തിയായിട്ടില്ല. ഇവിടെയും എത്തിച്ച് പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും വിചിത്ര രീതിയിൽ പെരുമാറുന്ന സാഹചര്യത്തിൽ മന-ശ്ശാസ്ത്രജ്ഞെൻറ സഹായം തേടാനും പൊലീസ് ആലോചിക്കുന്നുണ്ട്.
അതേസമയം, സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സനുവിനെ വിട്ടുകിട്ടണമെന്ന മഹാരാഷ്ട്ര പൊലീസിെൻറ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങുകയാണ് മഹാരാഷ്ട്ര പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.