കണയന്നൂർ താലൂക്ക് തഹസിൽദാർ രഞ്ജിത് ജോർജ്, കുന്നത്തുനാട് താലൂക്ക് തഹസിൽദാർ വിനോദ് രാജ്, അഞ്ജലി പരമേശ്വരൻ
കൊച്ചി: റവന്യൂ ദിനാചരണം ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് പ്രഖ്യാപിച്ച പുരസ്കാരങ്ങളുടെ തിളക്കത്തിൽ എറണാകുളം ജില്ലയും. കണയന്നൂർ സംസ്ഥാനത്തെ മികച്ച താലൂക്കായി തെരഞ്ഞെടുത്തപ്പോൾ മികച്ച തഹസിൽദാർമാർക്കുള്ള പുരസ്കാരം നേടിയവരിൽ കണയന്നൂരിലെ രഞ്ജിത്ത് ജോർജും കുന്നത്തുനാട് താലൂക്കിലെ വിനോദ് രാജും ഉൾപ്പെട്ടു. ദുരന്തനിവാരണ വകുപ്പിലെ മികച്ച ഹസാര്‍ഡ് അനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ട ജില്ല ദുരന്ത നിവാരണ അതോറിറ്റിയിലെ അഞ്ജലി പരമേശ്വരനും ജില്ലയുടെ അഭിമാനം ഉയർത്തി.
സംസ്ഥാനതല പുരസ്കാരങ്ങൾക്ക് പുറമേ ജില്ലതല പുരസ്കാരങ്ങളുമുണ്ട്. വാരപ്പെട്ടിയാണ് ജില്ലയിലെ മികച്ച വില്ലേജ് ഓഫിസായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച വില്ലേജ് ഓഫിസർമാരായി കോതമംഗലം വില്ലേജ് ഓഫിസിലെ ടി.എ നസീറ, നടമ വില്ലേജിലെ എസ്. അമ്പിളി, വാളകത്തെ ജോർജ് സി.വാളൂരാൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഒന്നാണ് പുരസ്കാരം നേടിയ കണയന്നൂർ. റവന്യൂ പിരിവിലും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് സർക്കാറിലേക്ക് മുതൽ കൂട്ടുന്നതിലും കൈവരിച്ച മികവാണ് കണയന്നൂർ താലൂക്കിനെയും തഹസിൽദാർ രഞ്ജിത് ജോർജിനെയും പുരസ്കാരത്തിലേക്ക് നയിച്ചത്. കെട്ടിട നികുതി കുടിശ്ശിക ഇനത്തിൽ മാത്രം 16 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം താലൂക്കിൽനിന്നും സംസ്ഥാന ഖജനാവിലെത്തിയത്.
കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് തഹസിൽദാർ വിനോദ് രാജിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് താലൂക്കിൽ നടന്നത്. 61 ദിവസത്തോളം സമൂഹ അടുക്കളകൾ വഴി ആളുകൾക്ക് ഭക്ഷണം എത്തിച്ചു നൽകുകയും അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകുകയും ചെയ്തു. പ്രളയം, കോവിഡ് എന്നിവയടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ല ദുരന്ത നിവാരണ വിഭാഗത്തിന്റെ മുന്നണിയിലായിരുന്നു അഞ്ജലി പരമേശ്വരന്റെ പ്രവർത്തനം. ദുരന്ത നിവാരണ വിഭാഗത്തിന്റെ പ്രവർത്തനം ആധുനികവത്കരിക്കുന്നതിലും കൺട്രോൾ റൂമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചു.
പുരസ്കാര ജേതാക്കളെ ജില്ല കലക്ടർ ജാഫർ മാലിക് അഭിനന്ദിച്ചു. അവാര്‍ഡ് വിതരണവും റവന്യൂ ദിനാഘോഷവും വ്യാഴാഴ്ച വൈകീട്ട് ആറിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.