കൊച്ചി: ബുധനാഴ്ച രാത്രി വരെ കാത്തിരുന്നു, രണ്ടാം പട്ടിക വന്നില്ല, പ്രഖ്യാപനവുമില്ല. വ്യാഴാഴ്ച പകലും കാത്തിരുന്നു, വന്നില്ല... കെ. സുധാകരന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച ആശയക്കുഴപ്പങ്ങളുടെയും നാടകീയതയുടെയും മണിക്കൂറുകളിൽ കുരുങ്ങിയത് എറണാകുളം ജില്ലയിലെ ശേഷിക്കുന്ന മണ്ഡലങ്ങളിലെ പ്രഖ്യാപനവും പ്രചാരണവുമെല്ലാമാണ്.
ഒടുവിൽ വ്യാഴാഴ്ച രാത്രി വൈകി ലിസ്റ്റ് വന്നപ്പോൾ തർക്ക മണ്ഡലങ്ങളിലെ സ്ഥാനാർഥി സാധ്യത പട്ടികയിൽ ഉണ്ടായിരുന്ന എൽദോസ് കുന്നപ്പിള്ളിയും ദീപ്തി മേരി വർഗീസും പുറത്ത്. ഇതിനെ തുടർന്നുണ്ടാകുന്ന പ്രതിസന്ധികൾ കോൺഗ്രസിന്‍റെ പ്രചാരണത്തെ എത്രത്തോളം ബാധിക്കുമെന്നത് വരും ദിവസങ്ങളിലേ വ്യക്തമാകൂ.
കെ. സുധാകരനെ ചുറ്റിപ്പറ്റി മണിക്കൂറുകളോളം ചർച്ച നീണ്ടതോടെയാണ് ജില്ലയിലെ വൈപ്പിൻ, കൊച്ചി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലെ പ്രഖ്യാപനം നീണ്ടുപോയത്.
ഈ മണ്ഡലങ്ങളിൽ എല്ലാം എൽ.ഡി.എഫ് ദിവസങ്ങൾക്കു മുമ്പു തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ അതിവേഗം മുന്നേറുമ്പോൾ സ്ഥാനാർഥിയാരാകുമെന്നു പോലും അറിയാതെ നാട്ടുകാരുടെ ചോദ്യങ്ങൾക്കും എതിർ പാർട്ടിക്കാരുടെ പരിഹാസങ്ങൾക്കും മുന്നിൽ പെട്ടിരിക്കുകയായിരുന്നു വ്യാഴാഴ്ച രാത്രി വരെ കോൺഗ്രസുകാർ.
ഈ മണ്ഡലങ്ങളിൽ ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി, കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ ദീപ്തി മേരി വർഗീസ്, മുതിർന്ന േനതാവ് ടോണി ചമ്മിണി, ഡെപ്യട്ടി മേയർ ദീപക് ജോയ് തുടങ്ങിയവരാണ് സാധ്യതാ ലിസ്റ്റിലുണ്ടായിരുന്നത്.
കൊച്ചിയിൽ മത്സരിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് ദീപ്തിക്കു വേണ്ടി കഴിഞ്ഞ ദിവസം അനുയായികൾ പോസ്റ്റർ പോലും ഇറക്കിയിരുന്നു. എൽദോസിനെ പിന്തുണക്കുന്നവർ പെരുമ്പാവൂരിൽ വലിയ പ്രതിഷേധ പ്രകടനവും പ്രത്യേക യോഗവുമെല്ലാം ചേർന്നു. പുതിയ പട്ടിക പ്രകാരം ഷിയാസ് കൊച്ചിയിലും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പെരുമ്പാവൂരിലും ടോണി ചമ്മണി വൈപ്പിന്നിലും മാറ്റുരക്കും. നിലവിൽ ഡെപ്യൂട്ടി മേയറായ ദീപക് ജോയിയാണ് തൃപ്പൂണിത്തുറയിൽ മത്സരിക്കുന്നത്.
പട്ടിക പുറത്തുവരാൻ വൈകിയത് പ്രചാരണത്തിൽ ഏറെ പിറകിലാകുമെന്ന ആശങ്ക പ്രവർത്തകർ സമൂഹമാധ്യമങ്ങളിലുൾപ്പെടെ പങ്കുവെക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സ്ഥാനാർഥിയെ പ്രതിപക്ഷ നേതാവ് നേരത്തെ അറിയിച്ചതു പോലെ ഉടൻ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. ഒടുവിൽ രാത്രി ക്ലൈമാക്സ് ആയതോടെയാണ് അണികളിൽ ശ്വാസം നേരെ വീണത്.
കൊച്ചിയിൽ സിറ്റിങ് എം.എൽ.എ കെ.ജെ. മാക്സിയും തൃപ്പൂണിത്തുറയിൽ വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണനും പെരുമ്പാവൂരിൽ േബസിൽ പോളും ൈവപ്പിനിൽ എം.ബി. ഷൈനിയുമാണ് ഇടതു മുന്നണിക്കായി മത്സര രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.