കുന്നുകര: ഒറ്റക്ക് താമസിക്കുന്ന വയോധികയായ റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വർണം കവർന്നു. കുന്നുകര കുറ്റിപ്പുഴ അഭയം വീട്ടിൽ മുരളീധരന്റെ ഭാര്യ റിട്ട. അധ്യാപിക ഇന്ദിരയാണ് ആക്രമിക്കപ്പെട്ടത്. അവശനിലയിലായ ഇന്ദിരയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടില്ല.
പ്രതി ചെങ്ങമനാട് പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്. എന്നാൽ, വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഇന്ദിരയുടെ വിദേശത്ത് പഠിക്കുന്ന കൊച്ചുമകളുടെ സുഹൃത്താണ് പ്രതിയെന്നാണറിയുന്നത്. ഒറ്റക്ക് താമസിക്കുന്നതിനാൽ സാധാരണനിലയിൽ അപരിചിതർ വീട്ടിലെത്തിയാൽ ഇന്ദിര വാതിൽ തുറക്കാറില്ല. എന്നാൽ, ഇയാൾ ഇന്ദിരയുടെ വീട്ടിലെ പതിവ് സന്ദർശകനായിരുന്നു. അടുത്ത പരിചയമുള്ളതിനാലാണ് ഇന്ദിര വാതിൽ തുറന്നത്.
സ്വർണം കവരാൻ ശ്രമിച്ചതിനിടെയാണ് ഇന്ദിരക്ക് പരിക്കേറ്റതെന്നാണ് കരുതുന്നത്. ഇന്ദിരയുടെ തലയോട്ടിയിൽ ഗുരുതരമായ മൂന്ന് പൊട്ടലുണ്ട്. കനമുള്ള എന്തെങ്കിലും വസ്തു ഉപയോഗിച്ച് ശക്തിയായി അടിച്ചതാകാമെന്നാണ് കരുതുന്നത്. കൂടാതെ കാലിലെയും കൈയിലെയും എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്.
കവിളിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനുശേഷം ഇന്ദിരയുടെ കൈയിലുണ്ടായിരുന്ന സ്വർണവളയും മാലയും കവർന്നശേഷം യുവാവ് പുറത്തിറങ്ങി സാധാരണപോലെ താക്കോലെടുത്ത് പുറത്തുനിന്ന് പൂട്ടി സ്ഥലംവിടുകയായിരുന്നു. രാത്രിയിൽ ഇന്ദിരയുടെ വീടിന്റെ സമീപത്ത് താമസിക്കുന്ന സഹോദരൻ വീട്ടിലെത്തി പലതവണ ഇന്ദിരയെ വിളിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല.
തുടർന്ന് സഹോദരന്റെ വീട്ടിൽ കരുതിയിരുന്ന ഇന്ദിരയുടെ വീടിന്റെ താക്കോൽകൊണ്ട് വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഇന്ദിരയെ കാണുന്നത്. ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ അൽപസമയം ബോധം തെളിഞ്ഞപ്പോഴാണ് അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ദിര വെളിപ്പെടുത്തിയത്. ഉടനെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ച സ്വർണവും കണ്ടെടുത്തതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.