ഇത് ജനങ്ങളുടെ റെസ്റ്റ്ഹൗസ്; നാലു മാസം, ഒരു കോടി കടന്ന് വരുമാനം

കൊച്ചി: പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റെസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കു കൂടി തുറന്നു നൽകിയ സംരംഭത്തിന് ജനപ്രീതിയേറുന്നു. തുടങ്ങി മൂന്നര മാസത്തിനകം 1.08 കോടിയുടെ വരുമാനമാണ് പീപ്പിൾസ് റെസ്റ്റ് ഹൗസ് പദ്ധതിയിലൂടെ സർക്കാറിന് ലഭിച്ചത്. ഇതിനകം ലഭിച്ച ബുക്കിങ് ആവട്ടെ, 17,959 എണ്ണവും. ഓൺലൈൻവഴിയുള്ള ബുക്കിങ്ങാണ് ഏറെയും.

2021 നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് സംസ്ഥാനത്തെ സർക്കാർ അതിഥി മന്ദിരങ്ങളിൽ പൊതുജനങ്ങൾക്കും കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള സൗകര്യം ആരംഭിച്ചത്. ഫെബ്രുവരി 19 വരെയുള്ള കണക്കുപ്രകാരം 1,08,07,420 രൂപ ബുക്കിങ്ങിലൂടെ സർക്കാർ ഖജനാവിലെത്തി. പദ്ധതി ആരംഭിച്ച് 18 ദിവസത്തിനുള്ളിൽ 2443 റൂം ബുക്കിങ്ങിലൂടെ 14.55 ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. സംസ്ഥാനത്തെ 155 റെസ്റ്റ് ഹൗസുകളിൽ 138 ഇടങ്ങളിലാണ് പീപ്പിൾസ് റെസ്റ്റ് ഹൗസ് പദ്ധതി നടപ്പാക്കിയത്. ഇതിനായി മാറ്റിവെച്ചിട്ടുള്ളത് സിംഗിൾ, ഡബിൾ, എ.സി, നോൺ എ.സി ഉൾപ്പെടെ 1213 മുറികളാണ്. കുറഞ്ഞ ചെലവിൽ താമസിക്കാനും ലളിതമായി ബുക്ക് ചെയ്യാനും സൗകര്യമുള്ള റെസ്റ്റ് ഹൗസുകളിൽ താമസിക്കാനെത്തുന്നതിൽ ഏറെയും കുടുംബങ്ങളാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളോടു ചേർന്നുള്ള റസ്റ്റ് ഹൗസുകളിലാണ് കൂടുതലായും ബുക്കിങ് നടക്കുന്നത്, ഒപ്പം തിരക്കേറിയ നഗരങ്ങളിലെയും. പല അതിഥി മന്ദിരങ്ങളും കെട്ടിലും മട്ടിലും വലിയ ഹോട്ടലുകളോടും റിസോർട്ടുകളോടും കിടപിടിക്കുന്നതാണ്.

നേരത്തേ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു പി.ഡബ്ല്യു.ഡി അതിഥി മന്ദിരങ്ങൾ താമസത്തിനായി വിട്ടുനൽകിയിരുന്നത്. എന്നാൽ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ ഇവ ജനങ്ങൾക്കുകൂടി വിട്ടുനൽകുന്നതിനുള്ള പദ്ധതി തയാറാക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന സേവനത്തിൽ മാറ്റം വരാത്ത രീതിയിലാണ് സംവിധാനം നടപ്പാക്കുന്നത്. ww.resthouse.pwd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

Tags:    
News Summary - Rest house; In four months, the revenue crossed one crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.