കൊച്ചി: മാഞ്ഞാലി-മനയ്ക്കപ്പടി റോഡിലെ കുഴിയിൽ വീണ് അടുത്ത ദിവസം ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനിരുന്ന പഞ്ചഗുസ്തി താരം മിലൻ ബേബിക്ക് പരിക്ക്, ആലുവ ചൂണ്ടിയിൽ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു, പെരുമ്പാവൂർ ഐമുറി കവലയിൽ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് രണ്ടുപേർക്ക് പരിക്ക്...ഒരാഴ്ചക്കിടെ ജില്ലയിലെ വിവിധ റോഡുകളിലെ ഭീമൻ കുഴികൾ വരുത്തിവെച്ച അപകടങ്ങളിൽ ചിലതു മാത്രമാണിത്.
മഴക്കാലമായതോടെ റോഡിലെ കുഴികളിൽ അപകടം പതിയിരിക്കുകയാണ്. കൊച്ചി നഗരത്തിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ മേഖലകളിൽ പല റോഡുകളിലും വലിയ കുഴികളുൾപ്പെടെ കാണാം. ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും. കുഴിയിൽ ചാടാതിരിക്കാൻ വലിയ വാഹനങ്ങളുൾപ്പെടെ വെട്ടിച്ചുപോകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ വേറെയുമുണ്ട്.
മഴയിൽ പലയിടത്തും റോഡുൾപ്പെടെ മുങ്ങുന്ന സ്ഥിതിയാണുള്ളത്. അതിനാൽ തന്നെ റോഡിലെ കുഴികളും വെള്ളം നിറഞ്ഞ് കാണാനാകാത്ത അവസ്ഥയാണ്. ഇത്തരം സാഹചര്യത്തിൽ ഇരുചക്ര വാഹനത്തിൽ പോകുന്നവരാണ് ഏറെയും കുഴിയിൽപെടുന്നത്. സ്ഥിരം യാത്രക്കാരാണെങ്കിൽ കുഴികൾ എവിടെയൊക്കെ ഉണ്ടെന്ന ധാരണയുണ്ടാകും.
റോഡ് പരിചയമില്ലാത്തവരാണ് വീഴുന്നത്. പ്രത്യേകിച്ച് മഴയാണെങ്കിൽ വണ്ടിക്ക് ബ്രേക്ക് കിട്ടാതെ, അപകടത്തിന്റെ ആഘാതവും വർധിക്കും. ചിലയിടങ്ങളിൽ കാനകളില്ലാത്തതിനാൽ മഴവെള്ളം ഒഴുകിപ്പോകാനാകാത്തതു മൂലമാണ് കുഴിയുടെ ആഴവും വലുപ്പവും കൂട്ടുന്നത്. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്തും ഇവിടുത്തെ മേൽപാലം കഴിഞ്ഞിറങ്ങുന്ന ഭാഗത്തുമെല്ലാം അപകടം പതിയിരിക്കുന്ന കുഴികളുണ്ട്.
കതൃക്കടവ് ജങ്ഷൻ മുതൽ പുല്ലേപ്പടി പാലത്തിന്റെ തുടക്കം വരെയുള്ള ഒരു കിലോമീറ്റർ താഴെയുള്ള ദൂരം. ഈ ദൂരത്തിൽ മാത്രം പത്തോളം കുഴികളാണ് റോഡിൽ കാണാനാകുക. ഫാ.മാനുവൽ റോഡിലേക്ക് തിരിയുന്നതിനു മുമ്പ് ഒരിടത്ത് പൂർണമായും റോഡ് പൊളിഞ്ഞുകിടക്കുകയാണ്. ഇരുവശത്തേക്കും കുഴിയിലൂടെയല്ലാതെ വണ്ടി മുന്നോട്ടുപോകാൻ തന്നെയാവില്ല.
പുല്ലേപ്പടി റെയിൽവേ മേൽപാലത്തിന്റെ പകുതി ഭാഗവും ചെറുതും വലുതുമായ കുഴികളാൽ തകർന്നുകിടക്കുകയാണ്. നേരത്തേ തന്നെ വീതിക്കുറവുള്ള റോഡിന്റെ ഒരുവശം ‘തട്ടിക്കൂട്ട്’ അറ്റകുറ്റപ്പണി ചെയ്തതുമൂലം ഈ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. കതൃക്കടവിൽനിന്ന് കലൂരിലേക്കുള്ള റോഡും കുഴികളാൽ സമൃദ്ധമാണ്.
ഇടപ്പള്ളി-പുക്കാട്ടുപടി റോഡിൽ പൈപ് ലൈൻ ജങ്ഷനിൽ പുതിയ ഗതാഗത പരിഷ്കാരം മൂലം ഇരുവശത്തും യൂടേണെടുക്കുന്ന ഭാഗത്ത് വലിയ കുഴികൾ രൂപപ്പെടുകയും വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിലും അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാണ്.
ജൽജീവൻ പദ്ധതി, ഗ്യാസ് പൈപ്പ് ലൈൻ, കുടിവെള്ളം പൈപ്പ് ലൈൻ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ഇടറോഡുകളുൾപ്പെടെ പലതും വെട്ടിപ്പൊളിക്കുന്നത്. എന്നാൽ, റോഡിന്റെ വശം കുഴിക്കാനുള്ള ആവേശം പ്രവൃത്തി പൂർത്തിയായി, റോഡ് നേരെയാക്കുന്ന ഘട്ടത്തിൽ പലപ്പോഴും കാണാറില്ല. തമ്മനം-പുല്ലേപ്പടി റോഡിൽ കുടിവെള്ള പദ്ധതിക്കായി റോഡിന്റെ ഒരുവശം കുഴിച്ചിട്ട് രണ്ടു മാസത്തിലേറെയാണ് തൽസ്ഥിതിയിൽ കിടന്നത്. പിന്നീട് റോഡ് നേരെയാക്കാൻ ആരംഭിച്ചപ്പോഴേക്കും മഴയും ആരംഭിച്ചു. പലയിടത്തും ടാർ ഇളകിയുണ്ടാകുന്ന ചെറിയ കുഴികൾ തുടക്കത്തിൽ തന്നെ അടക്കാത്തതിനാൽ ദിവസങ്ങൾക്കകം വലുതാകുകയാണ്.
ദിവസങ്ങൾക്ക് മുമ്പുവരെ ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റോഡിൽ ചൂണ്ടി ഭാഗത്ത് കുഴികൾ നിറഞ്ഞ് റോഡ് കാണാനാവാത്ത നിലയിലായിരുന്നു. വെള്ളം നിറഞ്ഞ കുഴികൾ മരണക്കെണിയാകുകയും വാഹനാപകടങ്ങൾ പതിവാകുകയും ചെയ്തു. പിന്നാലെ മെറ്റലും മറ്റും ഉപയോഗിച്ച് കുഴികൾ അടച്ചത് യാത്രക്കാർക്ക് താൽക്കാലിക ആശ്വാസമായിട്ടുണ്ട്.
അപകടങ്ങൾ ആവർത്തിച്ചിട്ടും കുഴികളടക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. വൈറ്റില ജനത റോഡ്, മൂവാറ്റുപുഴ നഗരത്തിലെ ഇ.ഇ.സി മാർക്കറ്റ് ബൈപാസ് റോഡ്, അത്താണി-പറവൂർ റോഡിൽ ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിനു സമീപം, പറവൂർ മുനിസിപ്പൽ കവല മുതൽ ടെമ്പിൾ റോഡ്, പെരുമ്പാവൂര് വല്ലം-പാണംകുഴി റോഡ്, കുന്നത്തുനാട് പഞ്ചായത്തിലെ കൈതക്കാട് ഡബിൾ പാലം പൊത്തൻകുഴി റോഡ്, ഡബിൾ പാലം കുമ്മനോട് സ്കൂൾ കനാൽ ബണ്ട് റോഡ്, ആരക്കുന്നം-കാഞ്ഞിരമറ്റം റോഡിൽ റെയിൽവെ ഗേറ്റിന്റെ ഇരുവശത്തെയും റോഡ്, പായിപ്ര മൈക്രോ ജങ്ഷൻ-മൈക്രോ വേവ് റോഡ് തുടങ്ങി വിവിധ റോഡുകളാണ് കുഴിവഴിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.