ദേശം: ദേശം-കാലടി റോഡിലെ പുറയാർ റെയിൽവേ മേൽപാലം നിർമിക്കുന്നതിന് കിഫ്ബി വർധിപ്പിച്ച 53.71 കോടിയുടെ പദ്ധതിക്ക് ധനകാര്യ കമ്മീഷൻ അനുമതി നൽകി ഒരു വർഷം കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങാത്തത്തിൽ പ്രതിഷേധം. നേരത്തെ 45.676 കോടിയുടെ പദ്ധതിക്കായിരുന്നു അനുമതിയുണ്ടായിരുന്നത്. നിർമ്മാണത്തിന് കാലതാമസം നേരിട്ടതോടെയാണ് പദ്ധതി തുക വർധിപ്പിച്ചത്.
മലയാറ്റൂർ, തിരുവൈരാണിക്കുളം, കാഞ്ഞൂർ, കാലടി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും, ദേശം, ചൊവ്വര, ശ്രീമൂലനഗരം തുടങ്ങിയ പ്രദേശങ്ങളിലേക്കും, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നുപോകുന്ന തിനും, ദേശീയപാതയിൽ എളുപ്പത്തിലെത്താനുമുള്ള റോഡാണിത്. പതിറ്റാണ്ടുകളായി ഇതു വഴിയുള്ള യാത്രക്കാർ പുറയാർ റെയിൽവെ ഗേറ്റ് അടക്കുന്നത് മൂലം ദുരിതമനുഭവിക്കുകയാണ്. ഒട്ടേറെ പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കുമൊടുവിലാണ് മേൽപാലം നിർമിക്കുന്നതിന് റെയിൽവെയുടെ അനുമതി ലഭിച്ചത്.
കിഫ്ബിയിൽ നിന്ന് 45.676 കോടിയുടെ ധനകാര്യ അനുമതി ലഭിച്ചിരുന്നു. പാലത്തിൽ രണ്ടുവരി ഗതാഗതത്തിന് 7.5 മീറ്ററും നടപ്പാലത്തിന് 1.5 മീറ്ററുമാണ് വീതി. ഇരുവശങ്ങളിലും 290 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും കാന ഉൾപ്പെടെ അഞ്ച് മീറ്റർ വീതിയിൽ റോഡി നിരുവശങ്ങളിലും സർവീസ് റോഡുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
എന്നാൽ, നേരത്തെ അംഗീകരിച്ച എസ്റ്റിമേറ്റിൽ പല മാറ്റങ്ങളുണ്ടാവുകയും ഡി.പി.ആറിൽ വന്ന മാറ്റങ്ങൾ കണക്കിലെടുത്തുമാണ് 53.71 കോടിയായി വർധിപ്പിച്ചത്. റോഡ്സ് ആൻറ് ബ്രിഡ്ജസ് കോർപറേഷനിൽ നിന്ന് (ആർ.ബി.ഡി. സി.കെ) സാങ്കേതികാനുമതി ലഭിക്കാനുള്ള കാലതാമസമാണ് മേൽപാലം സ്വപ്നമായി അവശേഷിക്കുന്നത്. പദ്ധതി യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഷീദ് പുറയാറും ജനറൽ സെക്രട്ടറി എ. ഉബൈദു റഹ്മാനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.