മൂവാറ്റുപുഴ ഗവ. മോഡൽ എച്ച്.എസ്.എസിൽ കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനത്തിൽ
പങ്കെടുക്കുന്ന അധ്യാപകർ
കൊച്ചി: നിർമിത ബുദ്ധിയടക്കം ഏറ്റവും നൂതനമായ സംവിധാനങ്ങളുമായി ലോകം മുന്നേറുമ്പോൾ അതിനൊപ്പം ചലിക്കുകയാണ് നമ്മുടെ സ്കൂളുകളും. ആധുനിക സാങ്കേതിക വിദ്യകൾ പ്രായോഗിക തലത്തിൽ മനസ്സിലാക്കാനും സാധ്യതകളെ കൂടുതൽ അടുത്തറിയാനും ഉപകരിക്കുംവിധം പദ്ധതികളാണ് ജില്ലയിലെ സ്കൂളുകളിൽ സജ്ജമായിരിക്കുന്നത്. ഈ അധ്യയനവർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയിൽ പഠനവും പ്രായോഗിക പരിശീലനവും നടത്തുന്നതിനായി ജില്ലയിലെ 280 സ്കൂളുകളിൽ 2794 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി.
ഇതിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളാണ് ഉൾപ്പെടുന്നത്. പത്താംക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സർക്യൂട്ട് നിർമാണം, സെൻസറുകളുടെയും ആക്ചുവേറ്ററുകളുടെയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്. കൂടുതൽ സ്കൂളുകളിലേക്ക് പദ്ധതിയെത്തും.
സ്കൂളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐ.ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയാറാക്കലാണ് ആദ്യ പ്രവർത്തനം.
എ.ഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകൾ തയാറാക്കലാണ് പത്താം ക്ലാസിലെ ഓരോ കുട്ടിയും ചെയ്തുനോക്കേണ്ട അടുത്ത പ്രവർത്തനം. കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമുള്ള സ്കൂളുകൾക്ക് അവ നേരിട്ട് വാങ്ങാനും കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.
പത്താം ക്ലാസിൽ ഐ.സി.ടി പാഠപുസ്തകം പഠിപ്പിക്കേണ്ട ജില്ലയിലെ 795 അധ്യാപകർക്ക് റോബോട്ടിക്സിനായുള്ള പ്രത്യേക പരിശീലനം കൈറ്റ് ആഗസ്റ്റ് എട്ടോടെ പൂർത്തിയാക്കും. നിലവിൽ നൽകിയ റോബോട്ടിക് കിറ്റുകൾക്ക് പുറമെ ചലിക്കുന്ന റോബോട്ടുകൾ ഉൾപ്പെടെ നിർമിക്കാൻ കഴിയുന്ന അഡ്വാൻസ്ഡ് കിറ്റുകൾ ഈ വർഷംതന്നെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകൾക്ക് ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഈ വർഷം സ്കൂളുകളിൽ പ്രത്യേക റോബോഫെസ്റ്റുകളും കൈറ്റ് സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.