ബ്രഹ്മപുരം മാലിന്യനിക്ഷേപം (ഫയൽ ചിത്രം)
കൊച്ചി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊച്ചി കോർപറേഷനെ മാലിന്യമുക്തമായി പ്രഖ്യാപിക്കാനുള്ള ചുവടുകളുമായി കോർപറേഷൻ. വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. മുന്നൊരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥത്തില്‍ പൂര്‍ത്തീകരിക്കാന്‍ കോര്പറേഷന് സെക്രട്ടറിക്ക് മേയര്‍ എം. അനില്‍കുമാര്‍ നിര്‍ദേശം നല്കി.
ലക്ഷ്യം കൈവരിക്കാൻ ഭരണ-പ്രതിപക്ഷ ഭേദമന്യേ കൗൺസിലർമാർ സഹകരിച്ചു പ്രവർത്തിക്കുമെന്നും യോഗത്തിൽ പ്രഖ്യാപിച്ചു. മാലിന്യമുക്ത പ്രഖ്യാപനം എങ്ങനെയെങ്കിലും നടത്തേണ്ടതല്ല, കോർപറേഷനെ പൂർണമായും മാലിന്യമുക്തമാക്കിയതിനു ശേഷം നടപ്പാക്കേണ്ടതാണെന്നും ഇതിന് കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയുമെല്ലാം പിന്തുണ അനിവാര്യമാണെന്നും മേയർ വ്യക്തമാക്കി.
ആർ.ആർ.എഫ്, ബോട്ടിൽ ബൂത്ത്, മാലിന്യ കണ്ടെയ്നർ തുടങ്ങിയവ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. മാലിന്യം ശേഖരിക്കുന്ന ട്രൈസൈക്കിൾ 1000 എണ്ണമാക്കി വർധിപ്പിക്കണം. ഹരിതകർമ സേനാംഗങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണം. എബ്രഹാം മാടമാക്കൽ റോഡ് മുതൽ ഷൺമുഖം റോഡിലൂടെ ദർബാർ ഹാൾ ഗ്രൗണ്ട് വരെയുള്ള പാത സൗന്ദര്യവത്കരിക്കണം.
കോർപറേഷനിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ക്വീൻസ് വാക് വേയിലെ മാതൃകയിൽ ശുചീകരിച്ച് ഐ ലവ് കൊച്ചി എന്ന സെൽഫി പോയന്റ് സ്ഥാപിക്കണം. 48ാം ഡിവിഷനിൽ കൗൺസിലർ അഡ്വ. ദിപിൻ ദിലീപിന്റെ നേതൃത്വത്തിൽ മാലിന്യത്തിൽനിന്ന് ജൈവവളം ഉൽപാദിപ്പിക്കുന്ന ഹീൽ പൊന്നുരുന്നി പദ്ധതിയുടെ പ്രവർത്തനങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. എം.പി, എം.എൽ.എമാർ തുടങ്ങിയവരുമായി ചർച്ച ചെയ്ത് വേണം കാമ്പയിൻ വിജയിപ്പിക്കാനുള്ള ശ്രമങ്ങളെന്നും മേയർ കൂട്ടിച്ചേർത്തു.
ചില തദ്ദേശസ്ഥാപനങ്ങളെ പോലെ വേണ്ടത്ര വൃത്തിയാക്കാതെ ധിറുതിയിൽ പ്രഖ്യാപനം നടത്തേണ്ടതില്ലെന്ന് കൗൺസിലർമാർ അഭിപ്രായപ്പെട്ടു. മാലിന്യ ശേഖരണത്തിലെ ഫലപ്രദമായ ഇടപെടൽ പോലെത്തന്നെയാണ് പൊതുവിടങ്ങളിൽ ആളുകൾ മാലിന്യം വലിച്ചെറിയാതെ നോക്കലെന്ന് പ്രതിപക്ഷ കക്ഷിനേതാവ് ആന്റണി കുരീത്തറ പറഞ്ഞു. ഇതിനായി ബോധവത്കരണ ക്യാമ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയെ മാലിന്യമുക്തമാക്കാൻ ഇനിയുമേറെ ചെയ്യേണ്ടതുണ്ടെന്നും പല നല്ല പദ്ധതികളിലും ഉദ്യോഗസ്ഥർ സഹകരിക്കുന്നില്ലെന്നും പ്രതിപക്ഷത്തെ വി.കെ. മിനിമോൾ പറഞ്ഞു. മാലിന്യസംസ്കരണത്തിൽ ഇതിനകം ശ്രദ്ധേയമായ കാര്യങ്ങളാണ് കൊച്ചിയിൽ നടപ്പാക്കിയതെന്നും നല്ലൊരു മാറ്റം ഇക്കാര്യത്തിലുണ്ടാക്കാൻ കഴിയുമെന്നും എൽ.ഡി.എഫ് അംഗം വി.എ. ശ്രീജിത്ത് പറഞ്ഞു.
കക്ഷിരാഷ്ട്രീയ, സാമുദായിക ഭേദമന്യേ എല്ലാവരും കൂട്ടായി നിന്നതിന്റെ വിജയമാണ് ഹീൽ പൊന്നുരുന്നി പദ്ധതിയുടേതെന്നും മറ്റു ഡിവിഷനുകളിൽ ഫലപ്രദമായി നടപ്പാക്കാവുന്നതാണെന്നും അഡ്വ. ദിപിൻ ദിലീപ് പറഞ്ഞു. കൊച്ചിയിലെ ജലാശയങ്ങളുൾപ്പെടെ മാലിന്യ മുക്തമാക്കണമെന്നും ഹെൻട്രി ഓസ്റ്റിൻ വ്യക്തമാക്കി. കാമ്പയിൻ വിജയിപ്പിക്കാൻ കർമപദ്ധതി വേണമെന്ന് എം.ജി. അരിസ്റ്റോട്ടിൽ ചൂണ്ടിക്കാട്ടി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സ്ഥിതിചെയ്യുന്ന പ്രദേശത്ത് അധികമായി കിടക്കുന്ന ഭൂമി സർക്കാറിന് നൽകണമെന്ന അഭിപ്രായം മേയർ കൗൺസിലിൽ ഉന്നയിച്ചു. അവിടെ കോർപറേഷന്റെ വിവിധ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതു കൂടാതെ 50 ഏക്കറോളം ബാക്കി കിടക്കുന്നുണ്ട്. 100 കോടി രൂപക്കാണ് സർക്കാർ കോർപറേഷനു വേണ്ടി ഭൂമി വാങ്ങിയത്.
ഇതിന്റെ ബാധ്യത പ്ലാൻ ഫണ്ടിൽനിന്ന് കുറച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ അവിടെ സ്റ്റഡി സെന്ററർ, വാക് വേ, പാർക്ക് തുടങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതെല്ലാം സർക്കാർ ഏറ്റെടുത്ത് ചെയ്യുന്നതാവും ഉചിതമെന്ന് മേയർ അഭിപ്രായപ്പെട്ടു. എന്നാൽ, പ്രതിപക്ഷ കൗൺസിലറായ ആന്റണി പൈനുത്തറ ഇതിനോട് വിയോജിച്ചു. ബ്രഹ്മപുരത്തെ ഒരുതുണ്ട് ഭൂമിപോലും കളയരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടെണ്ണം ഒഴിവായി, പുതുതായി നാലെണ്ണം വന്നു
സംസ്ഥാനത്തെ നഗരസഭകളിലും കോർപറേഷനുകളിലും നടന്ന വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോൾ കൊച്ചി കോർപറേഷനിൽ അധികമായി വന്നത് രണ്ടു ഡിവിഷൻ. 74 ഡിവിഷൻ ഉണ്ടായിരുന്നിടത്ത് പുതിയ വിജ്ഞാപന പ്രകാരം 76 എണ്ണമായി വർധിച്ചു. രണ്ട് ഡിവിഷനുകൾ ഇല്ലാതാവുകയും നാലെണ്ണം പുതുതായി രൂപവത്കരിക്കപ്പെടുകയുമാണ് ചെയ്തത്. ചില ഡിവിഷനുകളിൽ അതിർത്തികളിൽ ചെറിയ മാറ്റം വരുത്തിയതിനൊപ്പം പേരുകളും മാറ്റിയിട്ടുണ്ട്.
നിലവിലെ ഡിവിഷനുകളിൽ കൊച്ചങ്ങാടി (ആറ്), കറുകപ്പിള്ളി (39), മാമംഗലം (40), ചമ്പക്കര (50) എന്നിവ ഇല്ലാതായി. എന്നാൽ, പള്ളുരുത്തി ഈസ്റ്റ് (56), പള്ളുരുത്തി കച്ചേരിപ്പടി (62), ചങ്ങമ്പുഴ (31), സ്റ്റേഡിയം (34), മുണ്ടംവേലി ഈസ്റ്റ് (68), പുതിയറോഡ് (36) എന്നിവയാണ് പുതിയ ഡിവിഷനുകൾ. ഇതിൽ ചിലത് നേരത്തേയുണ്ടായിരുന്നവ പേരുമാറ്റിയതും ചിലത് പുതുതായി രൂപവത്കരിച്ചതുമാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിജ്ഞാപന പ്രകാരം ഡിവിഷനുകളുടെ നമ്പറിലും വലിയ മാറ്റമാണുണ്ടായിട്ടുള്ളത്.
നേരത്തേ ഫോർട്ട് കൊച്ചി മുതൽ പശ്ചിമകൊച്ചിയിലെ ഡിവിഷനുകൾക്കെല്ലാം ക്രമത്തിലാണ് നമ്പർ ഉണ്ടായിരുന്നത്. എന്നാൽ, പുതുക്കിയ വിഭജനപട്ടിക പ്രകാരം ആദ്യത്തെ എട്ടു ഡിവിഷനുകൾ കഴിഞ്ഞ് നേരെ ഐലൻഡ് നോർത്തിലേക്കും അവിടെ നിന്ന് കൊച്ചി നഗരത്തിൽ വരുന്ന രവിപുരത്തേക്കുമാണ് വരുന്നത്. അതിർത്തി പങ്കിടുന്ന ഡിവിഷനുകളുടെ ക്രമനമ്പർപോലും അടുത്തടുത്തായല്ല വരുന്നത്. പിന്നീട് 53ാം ഡിവിഷനായി തേവരക്കു ശേഷം ഐലൻഡ് സൗത്തിലേക്കും തുടർന്ന് പശ്ചിമകൊച്ചിയിലെ മറ്റു വാർഡുകളിലേക്കുമാണ് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.