കൊച്ചി: മറ്റൊരു കാലത്തും നാം അധികം കേൾക്കുന്ന വാക്കല്ല, എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും ഏറ്റവുമധികം കേൾക്കുന്ന വാക്കുമാണ്. തെരഞ്ഞെടുപ്പ് ‘ചിഹ്ന’ങ്ങൾ. മതിലായ മതിലുകളിലും തെരുവായ തെരുവുകളിലുമെല്ലാം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചിരിനിറഞ്ഞ, ബഹുവർണ ചിത്രങ്ങൾ നിറയുമ്പോൾ ഒപ്പമുള്ള ചിഹ്നങ്ങളും താരമാവുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി നാലു നാൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളുടെ അടയാളങ്ങളായ ചിഹ്നങ്ങളെ കുറിച്ച് അൽപം വിശേഷങ്ങൾ.
ഞങ്ങൾ ഔദ്യോഗികമാണ്
സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഔദ്യോഗിക ചിഹ്നങ്ങളുണ്ട്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ കീഴിൽ വരുന്ന ഓരോ പാർട്ടിക്കും അവരെ തിരിച്ചറിയാവുന്ന തരത്തിലാണ് അവരുടെ സവിശേഷ ചിഹ്നങ്ങൾ. കോൺഗ്രസ്-കൈപ്പത്തി, സി.പി.എം-അരിവാൾ ചുറ്റിക നക്ഷത്രം, മുസ്ലിം ലീഗ്-കോണി, സി.പി.ഐ-അരിവാൾ നെൽക്കതിർ, ബി.ജെ.പി-താമര, ബി.ഡി.ജെ.എസ്-മൺകലം, ട്വൻറി 20- മാങ്ങ, എസ്.ഡി.പി.ഐ-കണ്ണട, വെൽഫെയർ പാർട്ടി-ഗ്യാസ് സിലിണ്ടർ, ആം ആദ്മി പാർട്ടി-ചൂൽ തുടങ്ങിയവയാണ് ജില്ലയിലെ പ്രമുഖ രാഷ്ട്രീയ ചിഹ്നങ്ങൾ. ഇതുകൂടാതെ, ഐ.എൻ.എൽ-ത്രാസ്, എൻ.സി.പി-ക്ലോക്ക്, പി.ഡി.പി ബോട്ട്, ഫോർവേഡ് ബ്ലോക്ക്-സിംഹം, സി.എം.പി (സി.പി ജോൺ വിഭാഗം)-നക്ഷത്രം, കേരള കോൺ.(ബി)-ഓട്ടോ, കേരള കോൺ.(ജേക്കബ്)-ബാറ്ററി ടോർച്ച് തുടങ്ങിയവയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ജനവിധി തേടുന്ന ഔദ്യോഗിക ചിഹ്നങ്ങൾ തന്നെ. ഇതിനെല്ലാം പുറമേ ഉത്തരേന്ത്യയിലെ വൻ ശക്തികളായ, എന്നാൽ കേരളത്തിൽ കാര്യമാത്ര പ്രസക്തിയില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്കും സ്വന്തം ചിഹ്നങ്ങൾ അനുവദിച്ചിട്ടുണ്ട്.
സ്വതന്ത്രരായി ചിഹ്നങ്ങൾ
ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ സീറ്റു കിട്ടാതെ വിമതരായവരും സ്വന്തം കാലിൽ മത്സരിക്കാൻ ഒരുങ്ങിയവരും നിരവധിയാണ്. കിട്ടിയാൽ ഒരു മെമ്പർ സ്ഥാനം, അല്ലെങ്കിൽ തനിക്ക് സീറ്റു തരാത്ത പാർട്ടിക്കിട്ടൊരു പണി എന്നൊക്കെ ചിന്തിച്ചു മത്സരിക്കാനിറങ്ങിയവരുമുണ്ട്.
ഇങ്ങനെ സ്വതന്ത്രരായ സ്ഥാനാർഥികൾക്കെല്ലാം സ്വതന്ത്ര ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമീഷൻ പതിച്ചു നൽകിയിട്ടുണ്ട്. ഇടത്, യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രരും ചിഹ്നങ്ങളുടെ കാര്യത്തിൽ സ്വതന്ത്രരാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ തന്നെ കാണാം, ഇത്തരം സ്വതന്ത്ര ചിഹ്നങ്ങൾ ഒട്ടേറെ.
കുട, മൊബൈൽ ഫോൺ, ജീപ്പ്, ബസ്, അംബാസഡർ കാർ, മെഴുകുതിരി, ബലൂൺ, ബ്ലാക്ക് ബോർഡ്, ബക്കറ്റ്, ചെണ്ട, കാരം ബോർഡ്, കപ്പും സോസറും, വൈദ്യുതി ബൾബ്, പഴയ മോഡൽ ടി.വി, സ്വിച്ച്, ഗ്യാസ് സ്റ്റൗ, ഹെൽമെറ്റ്, ഹാർമോണിയം, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, ലാപ്ടോപ്, പൈനാപ്പിൾ, പ്രഷർ കുക്കർ, തീവണ്ടി എൻജിൻ, മോതിരം, റബ്ബർ സ്റ്റാമ്പ്, വയലിൻ, പമ്പ്, ടാപ്പ്, മേശ, സ്റ്റെതസ്കോപ്പ് എന്നിങ്ങനെ സ്വതന്ത്ര ചിഹ്നങ്ങൾ നീളുന്നു.
ചിഹ്നങ്ങളുടെ ചരിത്രം
മുമ്പൊന്നും തെരഞ്ഞെടുപ്പിന് ചിഹ്നങ്ങളുണ്ടായിരുന്നില്ല. ഓരോ സ്ഥാനാർഥിക്കും പ്രത്യേക നിറമുള്ള ബാലറ്റു പെട്ടികളാണ് തുടക്കത്തിലുണ്ടായിരുന്നത്. വോട്ടർമാർ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് േപപ്പർ ഇഷ്ട സ്ഥാനാർഥിയുടെ നിറമുള്ള പെട്ടിയിലിടുകയായിരുന്നു പതിവ്.
എന്നാൽ, സ്ഥാനാർഥികളുടെ എണ്ണം വർധിച്ചതോടെ നിറങ്ങളിലൊതുക്കാൻ കഴിയാെത വന്നു. ഇതോടെയാണ് പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചത്. ഇതോടെ നിറത്തിനു പകരം പെട്ടിക്കു പുറത്ത് ചിഹ്നങ്ങൾ വരക്കാൻ തുടങ്ങി. പിന്നീട് 1951ലാണ് തെരഞ്ഞെടുപ്പ് കമീഷനും വിവിധ രാഷ്ട്രീയ പാർട്ടികളും ഡൽഹിയിൽ യോഗം ചേർന്ന് ചിഹ്നങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.