കൊച്ചി: എറണാകുളം-ആലപ്പുഴ തീരദേശ റെയിൽപാതയിൽ ‘ദുരിതയാത്ര’യിൽ വലഞ്ഞ് യാത്രക്കാർ. പുതിയ ട്രെയിൻ വേണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ. ഒറ്റയടിപ്പാതയായ ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളത്തെത്തി വിവിധസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ പലപ്പോഴും ഏറെ വൈകിയാണ് വീട്ടിലെത്തുന്നത്. നിലവിലെ ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണംകുറവിനൊപ്പം വന്ദേഭാരത് അടക്കമുള്ളവക്കായി വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നതും എല്ലായിടത്തും ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതുമാണ് പ്രതിസന്ധി. വൈകീട്ടത്തെ യാത്രയാണ് ഏറെ വലക്കുന്നത്.
തിരക്ക് കുറക്കാൻ പുതിയ ട്രെയിനുകൾ അനുവദിക്കുകയോ നിലവിലെ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടുകയോ ചെയ്യണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. അരൂർ-തുറവൂർ ഉയരപ്പാതയടക്കം ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ റോഡ് യാത്രക്കാരിൽ ഏറെയും ട്രെയിനുകളെ ആശ്രയിച്ചതോടെയാണ് ഈറൂട്ടിൽ പതിവിലും തിരക്ക് കൂടിയത്. വന്ദേഭാരതിനായി മറ്റ് ട്രെയിനുകളുടെ സമയം മാറ്റിയതും പലസ്ഥലങ്ങളിൽ പിടിച്ചിടുന്നതും സ്ഥിരം യാത്രക്കാരടക്കമുള്ളവരെ ബാധിക്കുന്നുണ്ട്. പലരും വീട്ടിലെത്തുന്നത് ഏറെ വൈകിയാണ്. ഏങ്ങനെയെങ്കിലും കോച്ചുകളിൽ കയറിക്കൂടിയാലും ചില ദിവസങ്ങളിൽ കാലുകുത്താൻ കഴിയാത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
നിലവിൽ വൈകീട്ട് നാലിന് എറണാകുളം-ആലപ്പുഴ പാസഞ്ചറിന് (66313) ശേഷം 6.25നു പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചറാണ് (56319) യാത്രികരുടെ ആശ്രയം. ഇതിനിടയിൽ 4.20ന് ഏറനാട് എക്സ്പ്രസും (16605) തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസും (12075) എല്ലാ സ്റ്റേഷനിലും നിർത്തില്ല. രാവിലെ എറണാകുളത്തെത്താനും വൻതിരക്കാണ്. ആലപ്പുഴയിൽനിന്ന് ആറിന് പുറപ്പെടുന്ന ധൻബാദ് എക്സ്പ്രസ് (13352) കഴിഞ്ഞാൽ 7.25ന് ആലപ്പുഴ-എറണാകുളം മെമു (66314) ആണുള്ളത്. ഈ ട്രെയിനുകളിലും വൻ തിരക്കാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി രാവിലെയും വൈകീട്ടും പുതിയ ട്രെയിൻ അനുവദിക്കണമെന്നാണ് സ്ഥിരംയാത്രികരുടെ ആവശ്യം.
എറണാകുളം-ആലപ്പുഴ തീരദേശപാത നാടിന് സമർപ്പിച്ച് 36 വർഷം പിന്നിടുമ്പോഴും പാതയിരട്ടിപ്പിക്കൽ ഇഴഞ്ഞുതന്നെ. 1989 ജൂൺ 29നാണ് ആലപ്പുഴ വഴിയുള്ള തീരദേശ പാതയിലൂടെ ആദ്യ ട്രെയിൻ ഓടിയത്. അതിനുമുമ്പ് കോട്ടയംവഴി മാത്രമായിരുന്നു ട്രെയിൻ ഉണ്ടായിരുന്നത്. തുടക്കത്തിൽ ചരക്കുനീക്കത്തിനാണ് തീരദേശ റെയിൽപാത നിർമിച്ചതെങ്കിലും പിന്നീട് പതിനായിരക്കണക്കിന് ജനങ്ങളുടെ യാത്രാമാർഗമായി മാറി.
നിലവിലെ പാതയിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള ഭാഗത്താണ് ഒറ്റപ്പാതയുള്ളത്. അമ്പലപ്പുഴ-തുറവൂർ, തുറവൂർ-അരൂർ, അരൂർ-എറണാകുളം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ഇരട്ടിപ്പിക്കൽ നടത്തുന്നത്.
ഇതിൽ എറണാകുളം ജില്ലയിലെ ഭാഗമാണ് നടപടികളിൽ മുന്നിൽ. അരൂർ-തുറവൂർ, അമ്പലപ്പുഴ-തുറവൂർ ഭാഗത്ത് ഭൂമിേയറ്റെടുക്കൽപോലും പൂർത്തിയായിട്ടില്ല. സ്ഥലമേറ്റെടുത്ത് റെയിൽവേക്ക് നൽകിയാലും പാത പൂർത്തിയാകാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.
വൈകീട്ട് നാലിനാണ് എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്കുള്ള ആദ്യ പാസഞ്ചർ. എം.ജി.ആർ ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കടന്നുപോകാൻ 10 മിനിറ്റ് കുമ്പളത്ത് പിടിച്ചിടും. 5.30നാണ് ആലപ്പുഴയിൽ എത്തേണ്ടത്. ഇത് വൈകുന്നതോടെ 5.30ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന ആലപ്പുഴ-കൊല്ലം മെമു കിട്ടാതെവരും. എറണാകുളം-ആലപ്പുഴ പാസഞ്ചർ വൈകീട്ട് നാലിന് പോകുന്നതിനാൽ കോളജ് വിദ്യാർഥികൾക്കും ഉദ്യോഗസ്ഥരടക്കം വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും ഈ ട്രെയിനിൽ പോകാനാവില്ല. 4.20ന് എറണാകുളത്തുനിന്നുള്ള ഏറനാട് എക്സ്പ്രസാണ് പിന്നീടുള്ളത്.
ഈ ട്രെയിന് കുമ്പളം, വയലാർ, തിരുവിഴ, മാരാരിക്കുളം, കലവൂർ, തുമ്പോളി സ്റ്റേഷനുകളിൽ സ്റ്റോപ്പില്ലാത്തിനാൽ ഭൂരിപക്ഷം പേർക്കും ആശ്രയിക്കാനാവില്ല. തൊട്ടുപിന്നാലെ വരുന്നത് 5.25നുള്ള ജനശതാബ്ദി എക്സ്പ്രസാണ്. ഇതിൽ ജനറൽ കോച്ചുകളില്ല. വൈകീട്ട് 6.25നുള്ള എറണാകുളം-കായംകുളം പാസഞ്ചറാണ് മറ്റൊന്ന്. നേരത്തേ ഇതിന്റെ സമയം ആറുമണിയായിരുന്നു. വന്ദേഭാരത് കടന്നുപോകാൻ കുമ്പളത്ത് 30 മിനിറ്റ് പിടിച്ചിടുന്നത് ഒഴിവാക്കാൻ സമയം 6.25േലക്ക് മാറ്റി. എന്നാൽ, വിദ്യാർഥികളും ഉദ്യോഗസ്ഥരും കൂടുതലായും ആശ്രയിക്കുന്ന ട്രെയിൻ ഇപ്പോഴും കുമ്പളത്ത് പിടിച്ചിടുന്നുണ്ട്. ഇതിനാൽ 8.20ന് കായംകുളത്ത് എത്തേണ്ട ട്രെയിൻ 9.30നാണ് പലപ്പോഴും എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.