കൊച്ചി: കാലവർഷത്തിന്റെ വരവ് അറിയിച്ച് ജില്ലയിൽ മഴ കനത്തുതുടങ്ങുന്നു. വരുംദിവസങ്ങളിൽ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച യെല്ലോ അലേർട്ടായിരുന്നു. കാലവർഷത്തിന്റെ വരവുമായി ബന്ധപ്പെട്ട് അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യതയെന്നാണ് അധികൃതരിൽനിന്നുള്ള അറിയിപ്പ്.
തുടക്കത്തിൽ മധ്യ വടക്കൻ ജില്ലകളിലും തീരദേശ മേഖലയിലും ശക്തമാകുന്ന മഴ, കാറ്റ് ശക്തമാകുന്നത്തോടെ മലയോര മേഖലയിയിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ് മാത്രം വേണം യാത്രകൾ ആസൂത്രണം ചെയ്യാൻ. അറബികടലിലും കാറ്റ് ശക്തമാകുന്നതിനാൽ കടലിൽ പോകുന്നവരും മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.
കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം വ്യാഴാഴ്ച ആലുവയിൽ നാല് മില്ലീമീറ്റർ, എറണാകുളം സൗത്ത്-ഏഴ്, സിയാൽ 18.1, പിറവം 23, പെരുമ്പാവൂർ അഞ്ച്, മട്ടാഞ്ചേരി 14.5, പള്ളുരുത്തി 15.5, കളമശ്ശേരി 13.5, കൂത്താട്ടുകുളം 5.5, ചൂണ്ടി അഞ്ച് മില്ലീമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. വരും ദിവസങ്ങളിൽ ഈ കണക്കുകൾ ഉയരുമെന്നാണ് കാലാവസ്ഥ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.
കാലാവസ്ഥയിലെ മാറ്റങ്ങൾ രോഗങ്ങൾക്ക് വഴിവെക്കുന്നുണ്ട്. പനിയടക്കം പകർച്ചവ്യാധികളും വിട്ടുമാറാത്ത ചുമയും സമീപ ആഴ്ചകളിലായി നിരവധി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 589 പേർ പേർ പനിബാധിച്ച് ഒ.പിയിൽ ചികിത്സ തേടി. ഇതിൽ 13 പേരെ കിടത്തി ചികിത്സക്ക് നിർദേശിച്ചിട്ടുണ്ട്. ഒരാഴ്ചക്കിടെ പനി ബാധിച്ച് 2643 പേർ ഒ.പിയിൽ ചികിത്സ തേടിയപ്പോൾ 69 പേരെ കിടത്തി ചികിത്സക്ക് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന് കുടിച്ച് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധപുലർത്തണം. പുറത്ത് നിന്ന് വാങ്ങുന്ന പാനീയങ്ങളിൽ ശ്രദ്ധവേണം. മഴക്കാല രോഗങ്ങളെ ചെറുക്കാൻ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി പച്ചക്കറികൾ, ഓറഞ്ച്, മുളപ്പിച്ച പയർ വർഗങ്ങൾ തുടങ്ങി വിറ്റാമിൻ സി അടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കാവുന്നതാണ്. ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, ഇടക്കിടെ കൈകഴുകുന്ന ശീലം തുടരുക എന്നിങ്ങനെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.