മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിനു സമീപം രൂപപ്പെട്ട ഗർത്തം അടക്കുന്നത് എങ്ങിനെയെന്ന അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെ മുതൽ വലിയ പാലത്തിലൂടെ ഒറ്റവരി ഗതാഗതം പുനരാരംഭിക്കാൻ ധാരണയായി. റോഡ് വീണ്ടും ഇടിഞ്ഞ സാഹചര്യത്തിൽ ഞായറാഴ്ച രാവിലെ മുതൽ കൂടുതൽ ഇടിയാതിരിക്കാൻ പാലം അടച്ചിട്ട് റോഡ് നീളത്തിൽ തുരന്ന് ഷീറ്റ് പൈലിങ് നടത്തിയിരുന്നു.
മഴ അടക്കമുള്ള പ്രശനങ്ങൾ മൂലം തിങ്കളാഴ്ചയേ ഷീറ്റ് പൈലിങ്ങ് പൂർത്തിയാക്കാൻ കഴിഞ്ഞുള്ളു. ഷീറ്റ് പൈലിങ്ങ് നടത്തിയെങ്കിലും പാലത്തിലൂടെ ഒറ്റ വരിയായി തന്നെ വലിയ വാഹനങ്ങൾ കടത്തിവിട്ടാൽ വീണ്ടും റോഡ് ഇടിയുമൊ എന്ന ഭീതിനിലനിൽക്കുന്നതിനാലാണ് ഗതാഗത കുരുക്കു കൂടി പരിഗണിച്ച് ചെറിയ വാഹനങ്ങൾ ഒറ്റ വരിയായി ചൊവ്വാഴ്ച രാവിലെ ആറ് മുതൽ കടത്തിവിടാൻ തീരുമാനിച്ചത്.
ഇനിയും പ്രശ്നം ഉണ്ടായാൽ മുന്നറിയിപ്പില്ലാതെ പാലം അടയ്ക്കുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ പറഞ്ഞു. കാനകളുടെ കൂടുതൽ ഭാഗങ്ങൾ തകർന്ന നിലയിൽ കണ്ടെത്തിയതോടെ എം.എൽ.എ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ രണ്ട് നിർദേശങ്ങൾ മുന്നോട്ടുവെച്ചു. നിലവിലെ കാനകളിൽ അറ്റകുറ്റപ്പണി നടത്തി ശക്തിപ്പെടുത്തിയ ശേഷം കുഴി മൂടുക, തുടർന്ന് മൂന്നാമത്തെ പാലം നിർമാണം ആരംഭിക്കുമ്പോൾ ഇത് പൂർണമായി നീക്കം ചെയ്യുക എന്നതായിരുന്നു ആദ്യ നിർദേശം.
കച്ചേരിത്താഴം ജങ്ങ്ഷനിൽ റോഡിനു കുറുകെ കലുങ്ക് നിർമിച്ച് നഗരസഭ ഓഫിസിന്റെ മുറ്റത്തു കൂടി ആഴത്തിൽ കാന നിർമിച്ച് പുഴയുമായി ബന്ധിപ്പിക്കുന്ന പുതിയ ഡ്രെയ്നേജ് സംവിധാനം ഒരുക്കുക എന്നതായിരുന്നു രണ്ടാമത്തെ നിർദേശം. ബുധനാഴ്ച തിരുവനന്തപുരത്തു നിന്ന് വിദഗ്ധ സംഘം കൂടി എത്തി പരിശോധന നടത്തിയ ശേഷമെ അന്തിമ തീരുമാനം ആകൂ. കഴിഞ്ഞ തിങ്കളാഴ്ചയാണ് റോഡിൽ വൻഗർത്തം രൂപപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.