ബസ് സ്റ്റാൻഡ് ബിൽഡിങ്ങിനകത്തു കെട്ടിക്കിടക്കുന്ന മലിനജലം
കൊച്ചി: മെട്രോ നഗരിയിൽ ദുരിതക്കാഴ്ചയായി എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്. മെട്രോ റെയിലും ജലമെട്രോയും പോലൊത്ത ആധുനിക ഗതാഗത സംവിധാനങ്ങൾ വാഴുന്ന എറണാകുളം നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡാണ് ദുരിതക്കാഴ്ചയാകുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി ദിവസേന നൂറുകണക്കിന് സർവിസ് നടത്തുന്ന ബസ് സ്റ്റാൻഡ് പുനർനിർമിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
ബസ് സ്റ്റാൻഡിനകത്തെ ബേക്കറിക്ക് സമീപം മാലിന്യം കെട്ടിക്കിടക്കുന്നു
എന്നാൽ, പ്രഖ്യാപനങ്ങൾ നടക്കുന്നതല്ലാതെ തീരുമാനങ്ങൾ ഇഴയുകയാണ്. മധ്യകേരളത്തിലെ പ്രധാന പെതുഗതാഗത കേന്ദ്രങ്ങളിലൊന്നായ സ്റ്റാൻഡിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാൽ, കാലപ്പഴക്കത്താൽ കെട്ടിടം ജീർണാവസ്ഥയിലായി ഏത് സമയവും നിലംപൊത്താവുന്ന സ്ഥിതിയാണ്. ഇവിടെയത്തുന്ന യാത്രക്കാർക്ക് വൃത്തിയുള്ള ഇരിപ്പിടങ്ങളോ മഴയും വെയിലും കൊള്ളാതെ കയറിനിൽക്കാൻ ഷെൽട്ടറുകളോ ഇല്ല.
ബസ് സ്റ്റാൻഡിനകത്തെ സ്ലാബുകൾ തകർന്ന അവസ്ഥയിൽ
സ്റ്റാൻഡിന് ചുറ്റുമുള്ള ഓടകളിലേക്ക് സെപ്റ്റിക് മാലിന്യം വരെയാണ് ഒഴുക്കുന്നത്. ഈ ഓടകൾക്ക് പലഭാഗത്തും മൂടികളുമില്ല. മഴപെയ്ത് വെള്ളം നിറയുമ്പോൾ ഈ ഓടകളിലെ വെള്ളം കൂടിയാണ് സ്റ്റാൻഡിനകത്ത് വെള്ളക്കെട്ട് സൃഷ്ടിക്കുന്നത്. ഇത് മറികടന്നാണ് യാത്രക്കാർ സ്റ്റാൻഡിലെത്തേണ്ടത്. ഈ വെള്ളത്തിൽ ചവിട്ടുന്ന പലർക്കും സാരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പലർക്കും സാരമായ ചർമരോഗങ്ങൾക്കും കാരണമാകുന്നുണ്ട്.
ബസ് സ്റ്റാൻഡിനകത്തെ തകർന്ന ഇരിപ്പിടം
മലിന വെള്ളത്തിൽ ചവിട്ടിയ തനിക്ക് ഗുരുതരമായ ചർമരോഗം ബാധിച്ചെന്ന പരാതിയുമായി കഴിഞ്ഞദിവസം വയനാട് സ്വദേശിയായ എയ്ഞ്ചൽ മോഹൻ എന്ന യുവാവ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് മതിയായ ശുചിമറി സൗകര്യങ്ങളുമിവിടെയില്ല. അതിനാൽ പുരുഷന്മാർ സ്റ്റാൻഡിനുള്ളിലെ തുറസ്സായ സ്ഥലങ്ങളെ ആശ്രയിക്കുമ്പോൾ സ്ത്രീകളാണ് ഏറെ ദുരിതത്തിലാകുന്നത്. സ്റ്റാൻഡിനകത്തെ മാലിന്യ നീക്കവും കാര്യക്ഷമമല്ല. ഇതുമൂലം ഇവിടത്തെ ചായ സ്റ്റാളുകളും മറ്റും വൃത്തിഹീനമായ പരിസരങ്ങളിലാണ് പ്രവർത്തിക്കുന്നത്. കോർപറേഷൻ ആരോഗ്യവിഭാഗമോ കെ.എസ്.ആർ.ടി.സി അധികൃതരോ ഇക്കാര്യത്തിൽ ഒരു താൽപര്യവും കാണിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.