ഏഴിക്കര പഞ്ചായത്തിലെ കടക്കര - ആമ്പത്തോട് പാലത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു

പറവൂരിൽനിന്ന് 20 മിനിറ്റിൽ എറണാകുളത്ത്; യാത്രാ സൗകര്യം യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

പറവൂർ: പറവൂരിൽ നിന്നും 20 മിനിറ്റ് കൊണ്ട് എറണാകുളത്തെത്താൻ സഹായിക്കുന്ന യാത്രാ സൗകര്യമെന്ന നാടിന്റെ വലിയ സ്വപ്നം വൈകാതെ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ചെയർമാൻ എന്ന നിലയിൽ ജിഡയുടെ ആദ്യ യോഗത്തിൽ ഇതിനായുള്ള പുതിയ പാലത്തിന്റെയും റോഡിന്റെയും നിർമാണ അനുമതി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴിക്കരയിൽ 4.69 കോടി തുക ചെലവഴിച്ച് നിർമിക്കുന്ന ആമ്പത്തോട് പാലത്തിന്റെ പുനർ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആമ്പത്തോട് പാലത്തിന്റെ പുനർനിർമാണത്തോടെ വിരാമമാകുന്നത് എഴിക്കര പ്രദേശവാസികളുടെ വർഷങ്ങളായ കാത്തിരിപ്പാണെന്നും നിർമാണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറായി മുതൽ ചാത്തനാട് വഴി കടമക്കുടി വരെ തീരദേശ റോഡ് പൂർത്തിയാക്കും. ഇതോടെ എഴിക്കരയെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സാധിക്കും. കയാക്കിങ്, റിവർ ക്രൂയിസ്, വാട്ടർ സ്പോർട്സ് എന്നിവ ഉൾപ്പെടുത്തി മുസിരിസ് ടൂറിസത്തിന്റെ ഭാഗമായി ഈ മേഖലയെ വികസിപ്പിക്കും.

നിലവിൽ റിസോർട്ടുകൾ വന്നു തുടങ്ങിയിട്ടുണ്ടെന്നും പുതിയ റോഡ് വരുന്നതോടെ കൂടുതൽ വികസനവും തൊഴിൽ അവസരങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാമ്പത്തിക വർഷം തന്നെ മണ്ഡലത്തിൽ ആറ് പ്രധാന പാലങ്ങളുടെ നിർമാണ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. മാട്ടുപുറം പാലം, കോഴിത്തുരുത്ത് പാലം, കണക്കൻകടവ് പാലം, ചെമ്മായം - കോട്ടുവള്ളി പാലം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ വരും മാസങ്ങളിൽ ആരംഭിക്കും. ഇതിനുപുറമെ തത്തപ്പള്ളി- കോട്ടുവള്ളി പാലത്തിന്റെ നിർമാണം പൂർത്തിയായി വരുന്നതായും അപ്രോച്ച് റോഡ് പണി കഴിഞ്ഞാലുടൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ചാത്തനാട് കായൽ ആഴം കൂട്ടുന്നതിനായി ഡ്രഡ്ജിങ് നടത്തണമെന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യമാണ്. ഇത് എത്രയും വേഗം പൂർത്തിയാക്കുമെന്നും നാടിന്റെ വികസനത്തിനായി എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴിക്കര പഞ്ചായത്ത് പ്രസിഡൻറ് സീന സജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. രാജഗോപാൽ, ജില്ല പഞ്ചായത്ത്അംഗം മേരി വിൻസെന്റ്, ജിന്റോ അനിൽകുമാർ, എം.എസ്. രതീഷ്, രമാദേവി, ഉണ്ണികൃഷ്ണൻ, ലീന ബിജു, കെ.ജെ. ജിജോ, ഏഴിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി മീന മാത്യു, ചീഫ് എൻജിനിയർ എം. അശോക് കുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Paravur-Ernakulam Travel in 20 Minutes: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.