കൊച്ചി: മറൈൻ ഡ്രൈവ് വോക് വേ വൃത്തിയായി സംരക്ഷിക്കുന്നതിനുള്ള കൊച്ചി മറൈൻഡ്രൈവ് മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കാത്തതുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ തുടരില്ല. ഇക്കാര്യത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തുടർ നടപടികൾ ഉപേക്ഷിച്ചത്.
അതേസമയം, കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നോഡൽ ഓഫിസറായി ഫോർട്ട്കൊച്ചി സബ്കലക്ടർ പ്രവർത്തിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുന്നതിൽ താമസമുണ്ടായതിന്‍റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.
നാലാഴ്ചക്കകം മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിടണമെന്ന് കഴിഞ്ഞ ഏപ്രിലിൽ സർക്കാറിന് നിർദേശം നൽകിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് എറണാകുളം സ്വദേശി രഞ്ജിത്.ജി. തമ്പി കോടതിയലക്ഷ്യ ഹരജി നൽകിയത്. ഈ ഹരജിയിലെ നിർദേശത്തെ തുടർന്നാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കലക്ടർ ചെയർപഴ്സനായാണു മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചത്. മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ മെയിൽ യോഗം ചേർന്നിരുന്നെന്ന് സർക്കാർ അറിയിച്ചു. ടെലിഫോൺ നമ്പർ, ഇമെയിൽ വിലാസം, സമൂഹ മാധ്യമ അക്കൗണ്ട് തുടങ്ങിയവ പരാതി നൽകാനായി സജ്ജമാക്കും. സബ് കലക്ടറുടെ പേരിൽ വാട്സാപ്പോടെ മൊബൈൽ നമ്പറും ഇക്കാര്യത്തിലുണ്ടാകും. കോടതിയുടെ നിർദേശങ്ങൾ അനുസരിച്ചുള്ള ഈ നടപടികൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.