കൊച്ചി: വിദ്യാർഥികളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന അതിക്രമങ്ങളും കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളും സംബന്ധിച്ച വാർത്തകൾ ഓരോ ദിവസവും നാടിനെ ഞെട്ടിക്കുകയാണ്. തൃപ്പൂണിത്തുറയിൽ പത്താം ക്ലാസുകാരനെ സീനിയർ വിദ്യാർഥികൾ മർദിച്ചതാണ് ഒടുവിൽ പുറത്തുവന്ന സംഭവം.
സഹപാഠികളുടെ അതിക്രമത്തിന് ഇരയായ വിദ്യാർഥി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചത്, കാക്കനാട് സഹപാഠിയുടെ ശരീരത്തിലേക്ക് നായ്ക്കരുണ പൊടിയെറിഞ്ഞത്, പ്ലസ് വൺ വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്, പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്ലസ് വൺ വിദ്യാർഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചത് എന്നിങ്ങനെ നീളുകയാണ് ഏതാനും ആഴ്ചകൾക്കിടെ ജില്ലയിലുണ്ടായ സംഭവങ്ങൾ.
മക്കളെ സ്കൂളുകളിലേക്ക് അയക്കാൻ മാതാപിതാക്കൾ ഭയക്കുന്ന സാഹചര്യമാണ് നിലവിൽ. വിദ്യാർഥികളുടെ മാനസിക, ആരോഗ്യപ്രശ്നങ്ങൾ, അക്രമവാസന, ലഹരി ഉപയോഗം തുടങ്ങിയവയിൽ പരിഹാരം കാണുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിരവധി പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് അതിക്രമങ്ങൾ തുടർക്കഥയാകുന്നത്. ഇരയാക്കപ്പെടുന്ന വിദ്യാർഥികളിൽ പലരും സംഭവം പുറത്ത് പറയുന്നില്ലെന്നതും വെല്ലുവിളിയാകാറുണ്ട്.
സ്കൂൾ കുട്ടികളിലുള്ള മാനസിക ആരോഗ്യപ്രശ്നങ്ങളുടെ വ്യാപനവും തോതും കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും എസ്.സി.ഇ.ആർ.ടി പഠന റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. കുട്ടികളിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടേണ്ടത് അവരുമായി ഇടപെടുന്ന മുതിർന്നവരെ കൂടി ഭാഗമാക്കി വേണമെന്ന് ഈ രേഖ വ്യക്തമാക്കുന്നു. വിദ്യാഭ്യാസത്തിൽ അക്കാദമിക വികാസനത്തിനൊപ്പം സാമൂഹ്യ വൈകാരിക വികാസത്തിനും പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.
ലഹരി ഉപയോഗം കണ്ടെത്തുക, അറിയിക്കുക, പരിഹാര മാർഗം നിശ്ചയിക്കുക എന്നിങ്ങനെയുള്ള ഘടകങ്ങൾ ഉൾപ്പെടുത്തി സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജ്യർ തയാറാക്കിയിട്ടുണ്ട്. ഇതിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രൈമറി, സെക്കൻഡറി തലത്തിലെ എല്ലാ അധ്യാപകർക്കും കൃത്യമായ ധാരണ അവധിക്കാല അധ്യാപക പരിശീലനത്തിൽ നൽകിയിട്ടുണ്ട്. സ്കൂളുകളിൽ പ്രവർത്തിക്കുന്ന ജാഗ്രത സമിതികളും കാമ്പസിനുള്ളിലെ ലഹരി ഉപയോഗം നിരീക്ഷിക്കുന്നതിനും തടയുന്നതിനുമുള്ള പ്രവർത്തങ്ങൾ നടപ്പിലാക്കുന്നുണ്ട്.
ഹയർസെക്കൻഡറി തലത്തിൽ കുട്ടികളുടെ മാനസികാരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിനും പിന്തുണ നൽകുന്നതിനും വേണ്ടി ‘സൗഹൃദ’ എന്ന പേരിൽ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ കോ ഓഡിനേറ്റർമാരായ അധ്യാപകർക്ക് വിവിധ തലങ്ങളിലുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. മേഖലയിൽ അധ്യാപകർക്ക് പരിശീലനം നൽകുന്നതിന് വേണ്ടി ‘നന്മ പൂക്കുന്ന നാളേക്ക്’ എന്ന പേരിൽ ഹാൻഡ് ബുക്കുകളും എസ്.സി.ഇ.ആർ.ടി തയാറാക്കിയിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ആദ്യഘട്ടത്തിൽ അധ്യാപകർ തന്നെ ഇടപെടുകയും ആവശ്യമായ സമയങ്ങളിൽ കൗൺസിലർമാരുടെ സഹായം തേടുകയും ചെയ്യുകയെന്നതാണ് നിലവിലെ രീതി.
കൗൺസിലർമാർ ആവശ്യമായ ഘട്ടങ്ങളിൽ വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാരൻറൽ ക്ലിനിക്കുകളുടെയും സൈക്കോളജിസ്റ്റുകളുടെയും സഹായം തേടുന്നു. നിലവിൽ എല്ലാ സ്കൂളുകളിലും കൗൺസിലർമാരുടെ സേവനം ലഭ്യമാക്കാൻ കഴിയുന്നില്ലെന്നതാണ് പരിമിതി. എങ്കിലും മുഴുവൻ അധ്യാപകരെയും ഒരു പ്രാഥമിക കൗൺസിലർ എന്ന നിലയിൽ കൂടി പ്രവർത്തിക്കാൻ കഴിയത്തക്ക രീതിയിൽ ശാക്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.