വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസൻസില്ലേൽ പിടിവീഴും...ലൈസൻസ് എടുക്കേണ്ടതിങ്ങനെ...

കൊച്ചി: വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണെന്ന വസ്തുത പലര്‍ക്കും അറിവുള്ളതാണെങ്കിലും പല കാരണങ്ങള്‍കൊണ്ടും വിമുഖത കാണിക്കുന്ന പ്രവണതയുണ്ട്.

തെരുവുനായ് ശല്യം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വളര്‍ത്തുനായ്ക്കളുടെ ലൈസൻസ് നിര്‍ബന്ധമാക്കാനുള്ള പ്രവര്‍ത്തനം ജില്ല ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും പുനരാരംഭിച്ചു കഴിഞ്ഞു. ഇന്‍റഗ്രേറ്റഡ് ലോക്കല്‍ ഗവേണൻസ് മാനേജ്മെന്‍റ് സിസ്റ്റം അഥവ ഐ.എല്‍.ജി.എം.എസ് വഴി ഓണ്‍ലൈനായും പഞ്ചായത്തുകള്‍ വഴി നേരിട്ടും ലൈസൻസ് എടുക്കാൻ സാധിക്കും.

ലൈസൻസ് ആര്‍ക്ക്

1998ലെ പഞ്ചായത്തീരാജ് ചട്ടമനുസരിച്ച് വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കകള്‍ക്കും പന്നികള്‍ക്കും ലൈസൻസ് നിര്‍ബന്ധമാണ്. പന്നി ഫാം നടത്താൻ 2012ലെ ലൈവ്സ്റ്റോക്ക് ഫാമുകള്‍ക്കുള്ള ചട്ടപ്രകാരം എടുത്ത ആള്‍ പ്രത്യേക ലൈസൻസ് എടുക്കേണ്ടതില്ല. മൃഗത്തെ വാങ്ങി 30 ദിവസത്തിനകം ലൈസൻസ് എടുക്കണം. ഒരുവര്‍ഷമാണ് കാലാവധി. തുടര്‍ന്ന് എല്ലാ സാമ്പത്തിക വര്‍ഷത്തിന്‍റെ ആരംഭത്തിലും പുതുക്കണം.

എടുക്കേണ്ട വിധം

എഴുതി തയാറാക്കിയ അപേക്ഷയില്‍ വളര്‍ത്തുനായുടെ പ്രായം, നിറം, ഇനം തുടങ്ങിയവ രേഖപ്പെടുത്തണം. പേപ്പട്ടി വിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടുണ്ട് എന്ന മൃഗഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പത്തു രൂപയാണ് അപേക്ഷ ഫീസ്.

ലൈസൻസ് അനുവദിക്കപ്പെട്ട നായെ തന്‍റെ സ്ഥലത്തിന്‍റെ പരിസരത്തല്ലാതെ അലഞ്ഞുതിരിഞ്ഞു നടക്കാൻ അനുവദിക്കാൻ പാടില്ല. ലൈസൻസ് നല്‍കുന്നതിനൊപ്പം മൃഗത്തിന്‍റെ കഴുത്തില്‍ കെട്ടി സൂക്ഷിക്കാനുള്ള മുദ്രണം ചെയ്ത ടോക്കണ്‍ അനുവദിക്കും. ഓണ്‍ലൈൻ അപേക്ഷകര്‍ https://citizen.lsgkerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം ഇ-സേവനങ്ങള്‍ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ലൈസൻസുകളും അനുമതികളുമെന്ന വിഭാഗത്തില്‍ പന്നികള്‍, പ‍ട്ടികള്‍- ലൈസൻസ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് ഓണ്‍ലൈനായി പണമടക്കണം.

Tags:    
News Summary - Mandatory license for pets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.