പെരുമ്പാവൂര്‍: കൂവപ്പടി വില്ലേജ് പരിധിയിലെ ചില സ്ഥലങ്ങള്‍ക്ക് ഇട്ടിരിക്കുന്ന തെറ്റായ അടിസ്ഥാനവില ഭൂവുടമകളെ വലക്കുന്നതായി പരാതി. ബ്ലോക്ക് ഏഴില്‍ ഒന്ന് മുതല്‍ 182 വരെ സര്‍വേ നമ്പറിലുള്ള സ്ഥലങ്ങള്‍ക്ക് കരയും നിലവും ഭേദമില്ലാതെ ഒരുലക്ഷം രൂപയാണ് സര്‍ക്കാര്‍ ഇട്ടിരിക്കുന്ന അടിസ്ഥാനവില.
ഇതുമൂലം ഈ പ്രദേശത്ത് നൂറ്റാണ്ടുകളായി വീട് വെച്ച് താമസിക്കുന്ന ആളുകളടക്കമുള്ള 450ഓളം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. ചേരാനല്ലൂര്‍ വെള്ളുക്കുഴി, മേലുപ്പാടം, ബ്ലായിപ്പാടം, ഇടപ്പനപാടം, മങ്കുഴിപ്പാടം പാടശേഖരങ്ങളും പൂലിപാടത്തിന്റെ പകുതിഭാഗവും ഉള്‍പ്പടെ 400 ഏക്കറോളം വരുന്ന സ്ഥലത്തിന്റെ അടിസ്ഥാന വില ഒരുലക്ഷമാണ്.
ഇതിന്റെ ഇരുവശങ്ങളിലായി 625 ഏക്കറോളം വരുന്ന കരഭൂമിയുടെ വിലയും ഇതുതന്നെയാണ്. അടിസ്ഥാനവില ഏകീകരിക്കുംമുമ്പ് 5000 രൂപയായിരുന്നു വില. റവന്യൂ വകുപ്പ് ഒരുലക്ഷം ഇട്ടിരിക്കുന്ന പാടശേഖരങ്ങളുടെ നാട്ടുനടപ്പ് വില 10,000 മുതല്‍ 20,000 വരെയാണ്. സര്‍ക്കാര്‍ വിലയനുസരിച്ച് വില്പന നടത്തിയാല്‍ 10 ശതമാനം സ്റ്റാമ്പ് വിലയും ഏകദേശം ഒരുശതമാനം മറ്റു ചെലവുകളും അടക്കം സെന്റിന് 11,000 രൂപ ചെലവാകും. ഇതുമൂലം പാടശേഖരങ്ങളിലെ സ്ഥലങ്ങള്‍ ഒന്നും വില്ക്കാന് സാധിക്കാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
പാടശേഖരങ്ങളുടെ കരകളിലായി കിടക്കുന്ന സ്ഥലങ്ങള്‍ക്കും ഒരുലക്ഷം രൂപ അടിസ്ഥാന വിലയിട്ടിട്ടുണ്ടെങ്കിലും റവന്യൂ രേഖകളില്‍ നിലമെന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണ്. തോട്ടുവ നമ്പള്ളി റോഡ്, ചേരാനല്ലൂര്‍-ഓച്ചാന്തുരത്ത്, സിദ്ധന്കവല റോഡ്, മങ്കുഴി-കൂടാലപ്പാട് റോഡ് തുടങ്ങിയ പ്രധാന റോഡുകള്‍ കടന്നുപോകുന്നതിന്റെ ഇരുവശങ്ങളിലുള്ള 500ഓളം കുടുംബങ്ങള്‍ തലമുറകളായി വീടുവെച്ച് താമസിക്കുന്ന സ്ഥലങ്ങളെല്ലാം നിലമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത് കരയാക്കണമെങ്കില് സെന്റ് ഒന്നിന് 10,000 രൂപ സര്‍ക്കാറില്‍ അടക്കേണ്ട സ്ഥിതിയാണ്. 2010ല്‍ കൂവപ്പടി വില്ലേജ് ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഭൂമാഫിയക്കുവേണ്ടി കൃത്രിമം നടത്തിയതെന്ന് ആക്ഷേപമുണ്ട്. 2016 വരെ കരമടച്ചപ്പോള്‍ രസീതില്‍ നിലമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
അക്കാലത്ത് വീട്, ചികിത്സ, പഠനം എന്നിവക്ക് ബാങ്കുകളില്‍നിന്നും സഹകരണ സംഘങ്ങളില്‍നിന്നും വായ്പ ലഭിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ പുതിയ ലോണിന് ബാങ്കുകളെ സമീപിക്കുമ്പോള്‍ കരഭൂമി നിലമെന്ന രേഖപ്പെടുത്തിയതിനാല്‍ കൃഷി ഓഫിസര്‍മാരുടെ സാക്ഷ്യപത്രം ആവശ്യമായി വരുകയാണ്. വസ്തു കരയാണെന്നും ഫലവൃക്ഷങ്ങളും മറ്റു വൃക്ഷങ്ങളും ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തികൊണ്ടുള്ള സമ്മതപത്രം ആവശ്യപ്പെടുമ്പോള്‍ ഡേറ്റ ബാങ്കില്‍ നിലമെന്ന് രേഖപ്പെടുത്തിയതുകൊണ്ട് കൃഷി ഓഫിസര്‍ കൈമലര്‍ത്തുന്ന സാഹചര്യമാണ്.
കൂവപ്പടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എം. സുനില്‍കുമാര്‍ റവന്യൂമന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് തെളിവെടുക്കുകയും ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നിർദേശപ്രകാരം കൂവപ്പടി വില്ലേജ് ഓഫിസര്‍ എം.പി. ഷാജു അസി. ഓഫിസര്‍മാരായ മേരി മില്‍ഡ, ഷൈമോള്‍ സാദിഖ് എന്നിവര്‍ അന്വേഷണം നടത്തി മേയ് 31നകം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.