കൊച്ചി: ജില്ലയിലെ വിവിധ കുടുംബശ്രീ സി.ഡി.എസുകളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമായി ഐ.എസ്.ഒ സർട്ടിഫിക്കറ്റുകളുടെ തിളക്കം. 61 ഗ്രാമ സി.ഡി.എസ് ഓഫിസുകൾക്ക് ഐ.എസ്.ഒ 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. സംസ്ഥാനത്തെ സി.ഡി.എസ് കാര്യാലയങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ആരംഭിച്ചത്. കുടുംബശ്രീയുടെ ത്രിതല സംഘടന സംവിധാനത്തിലെ ഏറ്റവും മേൽതട്ടായ സി.ഡി.എസ് ഓഫിസുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർട്ടിഫിക്കേഷൻ നടപ്പാക്കിയത്.
ഒന്നാമതായി മാറാടിയും ആവോലിയും...
ജില്ലയിൽ ആദ്യം മാറാടി, ആവോലി സി.ഡി.എസുകൾക്കാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. മൂവാറ്റുപുഴ, പാറക്കടവ്, പാമ്പാക്കുട ബ്ലോക്കുകളിലെ മുഴുവൻ ഗ്രാമ സി.ഡി.എസ് ഓഫിസുകൾക്കും സർട്ടിഫിക്കേഷൻ ലഭിച്ചു. സി.ഡി.എസ് കാര്യാലയങ്ങളെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം (ക്യു.എം.എസ്) നടപ്പാക്കിയിരുന്നു.
സേവനങ്ങൾ സമ്പൂർണ ഗുണമേന്മയോടെ, സമയബന്ധിതമായും സമത്വം ഉറപ്പുവരുത്തിയും ലഭ്യമാക്കുക എന്നതാണ് ക്യു.എം.എസിന്റെ പ്രധാന ലക്ഷ്യം. ഓഫിസ് സംവിധാനങ്ങളും ഭരണസംവിധാനങ്ങളും ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് (ടി.ക്യു.എം) തത്ത്വങ്ങൾ പാലിച്ചാണ് നടത്തപ്പെടുന്നത്.
സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, കുട്ടികൾ, വയോജനങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കും സേവനങ്ങളിൽ സമത്വം ഉറപ്പുവരുത്തുന്ന രീതിയിൽ സംവിധാനങ്ങൾ ഏർപ്പെടുത്തുക, സർക്കാർ അംഗീകരിച്ച ബൈലോ പ്രകാരമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുക, സംവിധാനങ്ങളുടെ ഗുണനിലവാരം നിലനിർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ടുവെച്ചാണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ജില്ലയിൽ നടപ്പാക്കിയത്.
പരിഗണിച്ചത് ഒട്ടേറെ ഘടകങ്ങൾ...
ജില്ലയിലുള്ളത് 102 സി.ഡി.എസുകളാണ്. 61 സി. ഡി.എസുകളുടെ പ്രഖ്യാപനം നടന്നാൽ അടുത്തഘട്ടമെന്ന നിലക്ക് മറ്റുള്ളവയുടെ സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.എം. റജീന പറഞ്ഞു. സർട്ടിഫിക്കേഷൻ നടപടികളുടെ ഭാഗമായി സി.ഡി.എസുകൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു.
ഓഫിസുകളുടെ അടിസ്ഥാനസൗകര്യം മുതൽ നിരവധി ഘടകങ്ങളാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റിൽ നിർണായകമാകുന്നത്. ശുചിത്വം, ഓഫിസ് സൗകര്യം തുടങ്ങിയവ അധികൃതർ പരിശോധിക്കും. മൂന്നുതലത്തിലുള്ള പരിശോധനക്കുശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.