കൊച്ചി: കടുത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കേ ജില്ലയിൽ ജൽജീവൻ പദ്ധതിയിൽ വൻ ഇഴച്ചിൽ. നിലവിൽ 43.27 ശതമാനം മാത്രമാണ് ജില്ലയിലാകെ പദ്ധതി പുരോഗമിച്ചിട്ടുള്ളത്. ജില്ലയിൽ ജൽജീവൻ പദ്ധതി നിർവഹിക്കുന്ന കരാറുകാർക്കെല്ലാം കോടികളുടെ കുടിശ്ശികയാണ് നൽകാനുള്ളത്. ഇതു മൂലമാണ് പ്രവൃത്തി മന്ദഗതിയിലായത്.
ജില്ലയുടെ വിവിധ പഞ്ചായത്തുകളിലായി ആകെ ഭരണാനുമതി നൽകിയത് 346467 ജൽജീവൻ കണക്ഷനുകൾക്കാണ്. ഇതിൽ പൂർത്തിയായത് 149911 എണ്ണം മാത്രം. ഇനിയും 196556 കണക്ഷനുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നൽകാനുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ചെല്ലാനം, ചേരാനല്ലൂർ, ചിറ്റാറ്റുകര, എടവനക്കാട്, എളംകുന്നപ്പുഴ, ഏഴിക്കര, കടമക്കുടി, കോട്ടപ്പടി, കുമ്പളം, കുമ്പളങ്ങി, കുഴുപ്പിള്ളി, മൂക്കന്നൂർ, മുളവുകാട്, നായരമ്പലം, ഞാറക്കൽ, പള്ളിപ്പുറം, വടക്കേക്കര.
2024 ഓടെ ഗ്രാമീണ ഇന്ത്യയിലെ എല്ലാ വീടുകളിലും ഗാർഹിക കുടിവെള്ള കണക്ഷനുകൾ വഴി ആവശ്യത്തിന് സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായാണ് കേന്ദ്രം ജൽജീവൻ മിഷൻ (ജെ.ജെ.എം) വിഭാവനം ചെയ്തത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിലവിലുള്ള കുടിവെള്ള പദ്ധതികളിൽ നിന്നും സാധ്യമായ പരമാവധി കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനും നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിലൂടെ കുടിവെള്ള കണക്ഷൻ നല്കുന്നതിനുമാണ് മുൻഗണന നൽകിയിട്ടുള്ളത്.
2024ൽ പൂർത്തിയാകാത്ത സാഹചര്യത്തിൽ പദ്ധതി കാലാവധി 2028 വരെ കേന്ദ്രം നീട്ടിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവൃത്തികളിലായി 1639 കരാറുകാർ നിലവിലുണ്ട്. ഇവർക്ക് കൊടുക്കാനുള്ളത് 4371 കോടിയാണെന്ന് കഴിഞ്ഞ ദിവസം ജലവിഭവ മന്ത്രി നിയമസഭ ചോദ്യോത്തര വേളയിൽ വ്യക്തമാക്കിയിരുന്നു.
കേന്ദ്രവും സംസ്ഥാനവും 50:50 അനുപാതത്തിൽ നടപ്പാക്കുന്ന പദ്ധതിയാണിത്. 2028നകം ഡിസംബറിനകം 17000 കോടി രൂപ സംസ്ഥാന വിഹിതം പദ്ധതിക്കായി ആവശ്യമുണ്ട്. 2025-26 സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി 560 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പദ്ധതി പുരോഗതിയുടെ കാര്യത്തിൽ എറണാകുളം ജില്ലക്ക് ആറാം സ്ഥാനമേയുള്ളൂ. കൊല്ലം ജില്ലയാണ് മുന്നിൽ(66.97). 53.52 ശതമാനവുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്തുണ്ട്. പാലക്കാട്(46.76), കണ്ണൂർ(45.61), ആലപ്പുഴ(44.88) തുടങ്ങിയ ജില്ലകളാണ് എറണാകുളത്തിനു മുന്നിലുള്ളവ.
ജില്ലയിൽ വിവിധ വാട്ടർ അതോറിറ്റി ഡിവിഷനുകളിലായി 250ഓളം കോടി രൂപയാണ് വിവിധ കരാറുകാർക്കായി നൽകാനുള്ളത്. ഇതുമൂലം വിവിധ പഞ്ചായത്തുകളിൽ പദ്ധതി പാതിവഴിയിൽ നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.