കൊച്ചി: സംസ്ഥാനത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതിയിൽ കുതിപ്പുമായി ജില്ല. ഇതിനകം 5427 കണക്ഷനാണ് ജില്ലയിൽ പൂർത്തീകരിച്ചിരിക്കുന്നത്. 964 ബി.പി.എൽ കുടുംബങ്ങൾ ഉൾപ്പെടെയാണിത്. ആദ്യഘട്ടമായി 385 ബി.പി.എൽ കുടുംബത്തിനും രണ്ടാമതായി 579 കുടുംബത്തിനുമാണ് കണക്ഷൻ നൽകിയത്. വീടുകൾ, ചെറുകിട കമേഴ്സ്യൽ ഉപഭോക്താക്കൾ ഇതിൽ ഉൾപ്പെടും. 1516 സർക്കാർ ഓഫിസുകളിലും കണക്ഷനെത്തി. ഇതിൽ അഡ്വക്കറ്റ് ജനറൽ ഓഫിസ്, കലക്ടറേറ്റ്, പഞ്ചായത്ത് ഓഫിസുകൾ, വില്ലേജ് ഓഫിസുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടും.
ഇന്റർനെറ്റ് ലീസ്ഡ് ലൈൻ കണക്ടിവിറ്റി ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കടവന്ത്രയിലെ ജി.സി.ഡി.എ ഓഫിസ്, കേരള സ്റ്റാർട്ടപ് മിഷൻ, കെ.എസ്.ഐ.ഡി.സിയുടെ കടവന്ത്രയിലെ ഓഫിസ് എന്നിവിടങ്ങളിലെല്ലാം എത്തി. പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളും കണക്ഷനെടുത്തിട്ടുണ്ട്. 41 കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളിലായി 41 കെ-ഫോൺ പോപ് (പോയന്റ് ഓഫ് പ്രസന്റ്സ്) മുഖാന്തരമാണ് ഓഫിസുകൾ, വീടുകൾ എന്നിവിടങ്ങളിൽ കണക്ഷനെത്തുന്നത്. ഒ.ടി.ടി ആപ്ലിക്കേഷനും ഉടൻ കെ-ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
കെ-ഫോണിന്റെ പ്രയോജനം ജില്ലയിലെ ആദിവാസി മേഖലകളിലുമെത്തിക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത (സി.എസ്.ആർ) ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഉടൻ ഇതിനുള്ള പ്രവൃത്തി പൂർത്തീകരിക്കും. ആദ്യഘട്ടമെന്ന നിലയിൽ കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴയിലാണ് സർവേ നടത്തിയിരിക്കുന്നത്.
ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങാതെ എല്ലായിടത്തേക്കും വേഗത്തിലെത്തിച്ചേരുകയാണ് കെ-ഫോൺ. ഇതിൽ പ്രധാനമാണ് വളന്തകാട് ദ്വീപ്. 45 കുടുംബം താമസിക്കുന്ന ദ്വീപിൽ ഇതിനകം മൂന്ന് കണക്ഷനാണ് പൂർത്തീകരിച്ചിരിക്കുന്നത്. ബി.പി.എൽ കുടുംബങ്ങളാണിത്.
ആഴ്ചകൾക്കുള്ളിൽ എല്ലാ ബി.പി.എൽ കുടുംബത്തിലേക്കും കണക്ഷനെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക ഓപറേറ്റർമാർ വഴിയാണ് വാണിജ്യകണക്ഷനുകൾ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 304 ഓപറേറ്റർമാരാണ് ഇതിലേക്കായി അപേക്ഷ സമർപ്പിച്ചത്. ഇതിനായി 5000 രൂപയുടെ വാലറ്റ് പേമെന്റ് നടത്തിയ 236 പേർക്ക് ലിങ്ക് കൈമാറി കരാർ ഒപ്പുവെച്ചു.
ഇൻസ്റ്റലേഷൻ, മോഡം എന്നിവക്കൊന്നും പ്രത്യേക ചാർജ് ഈടാക്കാതെയാണ് ഗാർഹിക ഉപഭോക്താക്കൾക്ക് കണക്ഷനുകൾ നൽകുന്നത്. 353 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ ഒരുമാസത്തേക്ക് 20 എം.ബി/ സെക്കൻഡ് വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാകും.
30 എം.ബി/സെക്കൻഡ് വേഗത്തിൽ ഒരുമാസത്തേക്കുള്ള ഇന്റർനെറ്റ് ആവശ്യമാണെങ്കിൽ 412 രൂപയുടെ പ്ലാൻ ഉപയോഗപ്പെടുത്താം. 300 എം.ബി/സെക്കൻഡ് വേഗത്തിൽ ഒരുമാസത്തേക്കുള്ള പ്ലാനിന് 1769 രൂപയാണ് വേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 18005704466 ടോൾഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്. കൂടാതെ kfon.in വെബ്സൈറ്റ്, entekfon ആപ് എന്നിവയിലൂടെയും രജിസ്റ്റർ ചെയ്യാം.
ത്രൈമാസ, ആറ് മാസ, വാർഷിക പ്ലാനുകൾ പ്രകാരമുള്ള റീചാർജ് ചെയ്യുന്നവർക്ക് പ്രത്യേക ഓഫറുകളും അധികൃതർ നൽകുന്നുണ്ട്. ത്രൈമാസ പ്ലാനെടുക്കുന്നവർക്ക് 15 ദിവസവും ആറ് മാസ പ്ലാനെടുക്കുന്നവർക്ക് ഒരുമാസവും വാർഷിക പ്ലാനെടുക്കുന്നവർക്ക് രണ്ട് മാസവും കൂടുതലായി വാലിഡിറ്റി ലഭിക്കും. ഇത്രയും ദിവസം കൂടുതലായി ഇന്റർനെറ്റ് ഉപയോഗപ്പെടുത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.