കിഴക്കമ്പലം: ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കിഴക്കമ്പലം-നെല്ലാട് റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമിക്കാനിരിക്കെ റോഡിൽ കൂറ്റൻ ജൽ ജീവൻ പൈപ്പുകൾ ഇറക്കിയതിൽ ആശങ്ക.
റോഡ് പണി തീർന്നാൽ പിറ്റേന്ന് പൊളിക്കുന്ന രീതിയുള്ളതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.
കിഫ്ബി പദ്ധതിയിൽപെടുത്തി 10.45 കോടിയാണ് റോഡിന് അനുവദിച്ചിരിക്കുന്നത്. ടെൻഡർ നടപടികളും പുരോഗമിക്കുകയാണ്. അതിനിടയാണ് പൈപ്പ് ഇറക്കിയത്. പട്ടിമറ്റം മുതൽ വീട്ടൂർവരെയാണ് പൈപ്പിടുന്നത്. തമ്മാനിമറ്റത്ത് നിർമിക്കാനിരിക്കുന്ന ടാങ്കിൽനിന്ന് പട്ടിമറ്റത്തേക്ക് വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.
എന്നാൽ, പട്ടിമറ്റത്ത് ടാങ്ക് സ്ഥാപിക്കുന്നതിന് സ്ഥലം പോലും കണ്ടെത്തിയിട്ടില്ല. തമ്മാനിമറ്റത്തെ പ്രോജക്ടും എങ്ങുമെത്തിയിട്ടില്ല. അതിനിടെ പൈപ്പ് മാത്രമിട്ട് റോഡ് തകർക്കുന്നത് എന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം. വാട്ടർ അതോറിറ്റി കിഫ്ബിക്ക് പൈപ്പിടുന്നതിനുള്ള അനുമതിക്ക് സമീപിച്ചു എന്നാണ് നാട്ടുകാർക്ക് ലഭിച്ചിരിക്കുന്ന വിവരം. അനുമതി ലഭിച്ചാൽ ടാറിങ്ങിന് മുമ്പ് പണി തീർക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും പറയുന്നു. ഔദ്യോഗികമായി ഇതു സംബന്ധിച്ച തീരുമാനം വരണമെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.
ഈ മാസം 18വരെയാണ് റോഡ് നിർമാണത്തിന് ടെൻഡർ നൽകാനുള്ള സമയം. 21നാണ് ടെൻഡർ പ്രഖ്യാപനം. മഴയുടെ ശക്തി കുറഞ്ഞാൽ ഉടൻ നിർമാണം തുടങ്ങും വിധമാണ് നടപടികൾ നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.