ഐ.എൻ.എസ് മാഹി അന്തർവാഹിനി
കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ച് ആധുനിക സാങ്കേതികത്തികവോടെ നിർമിച്ച ‘ഐ.എൻ.എസ് മാഹി’ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ നാവികസേനക്ക് കൈമാറി. നാവികസേനക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന എട്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകളിൽ ആദ്യത്തേതാണിത്.
രൂപകൽപന, നിർമാണം, പരിപാലനം എന്നിവയിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്ന ഡെറ്റ് നോസ്‌കെ വെരിറ്റസ് (ഡി.എൻ.വി) ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് കപ്പൽ നിർമിച്ചിരിക്കുന്നത്. 78 മീ. നീളമുള്ള ഐ.എൻ.എസ് മാഹി രാജ്യത്തെ ഏറ്റവും വലിയ ഡീസൽ എൻജിൻ-വാട്ടർജെറ്റിൽ പ്രവർത്തിക്കുന്ന നാവിക പടക്കപ്പലാണ്. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. സമുദ്രാന്തർ ഭാഗത്തെ അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയുന്നതിനും തിരച്ചിലിനും രക്ഷാദൗത്യങ്ങൾക്കും കപ്പൽ ഉപകരിക്കും.
കപ്പൽശാലയിൽ നടന്ന ചടങ്ങിൽ സി.എസ്.എൽ ഡയറക്ടർ (ഓപറേഷൻസ്) ഡോ. എസ്. ഹരികൃഷ്ണൻ, ഐ.എൻ.എസ് മാഹിയുടെ കമാൻഡിങ് ഓഫിസർ അമിത് ചന്ദ്ര ചൗബെ, നാവികസേന റിയർ അഡ്മിറൽ ആർ. ആദി ശ്രീനിവാസൻ, കമാൻഡർ അനൂപ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.