കൊച്ചി: മഴക്കാലം ശക്തമായതോടെ സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കിടെ ജില്ലയിലെ വിവിധ ആശുപത്രികളിലായി ഡെങ്കിപ്പനി, പനി എന്നിവ ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതായാണ് ഔദ്യോഗിക കണക്കുകളിലൂടെ വ്യക്തമാകുന്നത്. എലിപ്പനി ബാധിച്ച് ചികിത്സ തേടിയവരുമുണ്ട്. മഴ ശക്തമായ മേയ് 24 മുതൽ ജൂൺ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം 406 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.
ഇതിൽ 50 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ ആറ് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പനി ബാധിച്ച് 4,402 പേരാണ് ഈ ദിവസങ്ങളിൽ ഒ.പിയിൽ ചികിത്സ തേടിയത്. 74 പേരെ കിടത്തി ചികിത്സക്കും നിർദേശിച്ചു. 500നോടടുത്ത് ആളുകൾ പനിബാധിച്ച് ഓരോദിവസവും ചികിത്സ തേടുന്നുണ്ട്. മഴക്കാല സാംക്രമിക രോഗങ്ങൾക്കെതിരെ ശ്രദ്ധവേണമെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.
മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ ഓരോരുത്തരും ശ്രദ്ധചെലുത്തണം. ഡെങ്കിപ്പനിയില്‍ നിന്ന് രക്ഷനേടാൻ ഉറവിട നശീകരണം ഉറപ്പാക്കണം. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയാലേ കൊതുക്, കൂത്താടി എന്നിവ വളരുന്നത് തടയാനാകൂ. തദ്ദേശ സ്ഥാപനങ്ങൾ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നാണ് അറിയിപ്പ്.
ഇടവിട്ടുള്ള ശക്തിയായ മഴ മൂലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. വീടുകളിലും പരിസരങ്ങളിലും പ്ലാന്റേഷനുകളിലും കൃഷിയിടങ്ങളിലും പ്രത്യേകിച്ച് മഴവെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കൊതുകുകള്‍ക്ക് മുട്ടയിടാനും വളരാനും സാധിക്കും. വീടുകളില്‍ വെള്ളം ശേഖരിച്ച് വെക്കുന്ന പാത്രങ്ങള്‍ ശരിയായി അടച്ചുവെക്കാതിരിക്കുന്ന സാഹചര്യങ്ങളിലും ചെടിച്ചട്ടി, ഫ്രിഡ്ജിന്റെ ട്രേ എന്നിവിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ തന്നെ കൊതുകുകള്‍ വരുന്നതായി കാണുന്നുണ്ട്. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കി, മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കണം.
പകർച്ചവ്യാധി പ്രതിരോധത്തിന് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്രദ്ധിച്ചില്ലെങ്കില്‍ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്.
കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. കിണറുകളും മറ്റ് ജലസ്രോതസ്സുകളും ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം.
മഴക്കാലത്ത് വെള്ളക്കെട്ടിലും മലിന ജലത്തിലും സമ്പർക്കം വരാൻ സാധ്യത ഏറിയതിനാൽ എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലിനജല സമ്പർക്കമുണ്ടായാൽ കാലുകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. കാലുകളിൽ മുറിവുള്ളവർ മുറിവിൽ വെള്ളം തട്ടാത്തവിധം ഡ്രസ്സ് ചെയ്യാൻ ശ്രദ്ധിക്കണം.
എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. ഇതിനായി ഡോക്സി കോര്‍ണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എലിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ ഉറപ്പാക്കിയാല്‍ സങ്കീര്‍ണതകൾ ഒഴിവാക്കാം. പനിയും മറ്റ് ലക്ഷണങ്ങളും കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി യഥാസമയം ചികിത്സ തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.