കൊച്ചി കോർപറേഷനിൽ 'വണ്ടിച്ചെക്ക്' പ്രളയം; മടങ്ങിയത് 235 ചെക്ക്, മുടങ്ങിയത് 1.31 കോടി

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ദൈനംദിന പദ്ധതികൾ മുടങ്ങുമ്പോഴും കൊച്ചി കോർപറേഷനിലേക്ക് വിവിധ നികുതിയിനത്തിൽ ലഭിച്ച ചെക്കുകളിലായി മുടങ്ങിക്കിടക്കുന്നത് 1.31 കോടി രൂപ. 2011 നവംബർ മുതൽ 2019 ഒക്ടോബർ വരെ ബൗൺസായ ചെക്കുകളുടെ കണക്കാണിത്. ആകെ ലഭിച്ച 278 വണ്ടിച്ചെക്കിൽ 43 എണ്ണത്തിൽ മാത്രമേ തുക തിരിച്ചുപിടിക്കാൻ കഴിഞ്ഞുള്ളൂ. ബാക്കി 235 ചെക്കിലായി മുടങ്ങിക്കിടക്കുന്നത് 1,31,49,849 രൂപയാണ്. 2020-21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് നികുതിപിരിവിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നത്.

കോർപറേഷന് ലഭിക്കേണ്ട റവന്യൂ വരുമാനത്തിൽ കൂടുതലും ചെക്ക് മുഖേനയാണ് സ്വീകരിക്കുന്നത്. ഇതിന് അതത് തുകക്കുള്ള രസീത് നൽകി ചെക്ക് സ്വീകരിച്ചതായി രജിസ്റ്ററിൽ ചേർത്ത് ബാങ്കിൽ സമർപ്പിക്കും. എന്നാൽ, ചെക്ക് ബാങ്കിൽ നിക്ഷേപിച്ച തീയതി, പണം ലഭിച്ച തീയതി, ചെക്ക് മടങ്ങിയോ ഇല്ലയോ തുടങ്ങിയ രജിസ്റ്ററിലെ കോളങ്ങൾ പൂരിപ്പിച്ചിട്ടില്ല.

ഇതിലൂടെ ചെക്ക് മുഖേനയുള്ള റവന്യൂ വരവ് പൂർണമായും നഗരസഭ അക്കൗണ്ടിൽ മുതൽക്കൂട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. ചെക്ക് മുഖേന വന്ന തുക മുഴുവനും അക്കൗണ്ടിൽ വന്നിട്ടുണ്ടെന്ന് ഉറപ്പിക്കാനും സാധിക്കുന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

നികുതിപിരിവ് കാര്യക്ഷമമാക്കാൻ സ്ഥിരം ജീവനക്കാർക്ക് പുറമെ ദിവസവേതന അടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ടെങ്കിലും കാര്യമായി ഫലമുണ്ടായിട്ടില്ല. 2021 വരെ വസ്തുനികുതി, തൊഴിൽ നികുതി എന്നീ ഇനങ്ങളിൽ മാത്രം 64.8 കോടിയാണ് പിരിച്ചെടുക്കാനുള്ളത്. 2021-22 വർഷത്തിൽ വസ്തുനികുതിയായി ലഭിക്കേണ്ടത് 47.1 കോടിയാണ്. ഇതിൽ മാത്രം കുടിശ്ശിക 16.06 കോടിയും.

വാർഷിക പദ്ധതിയുടെ ഭാഗമായി പശ്ചാത്തല മേഖലയിലെ പ്രവൃത്തികൾ ചെയ്യുന്നതിന് ഏറ്റെടുത്ത 1380 പ്രോജക്ടുകളിൽ 333 എണ്ണം മാത്രമാണ് ഓഡിറ്റ് പരിശോധനക്ക് ഫയൽ ലഭ്യമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 1034 പദ്ധതികൾക്ക് ഇതുവരെ പണം ചെലവഴിച്ചിട്ടുണ്ട്.

ഫയൽ പരിശോധനക്ക് ലഭ്യമാക്കിയ 333 പ്രോജക്ടുകൾക്കായി 25.25 കോടി ചെലവഴിച്ചു. ഇനിയും ഓഡിറ്റിങ്ങിന് ലഭ്യമാക്കാത്ത 701 പദ്ധതികളിലായി 82.28 കോടിയും വിനിയോഗിച്ചിട്ടുണ്ട്. ഓഡിറ്റിന് രേഖകൾ ലഭ്യമാക്കാത്തതിലെ വീഴ്ചക്ക് സെക്രട്ടറി ഉൾപ്പെടെയുള്ള നഗരസഭയുടെ മുഴുവൻ ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

Tags:    
News Summary - In Kochi Corporation Serious failures in tax collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.