പറവൂർ: വിവിധ നികുതികളുടെ വർധനവും പുതുക്കിയ ഡി ആൻഡ് ഇ.ഒ ലൈസൻസ് ഫീസും മൂലം ബുദ്ധിമുട്ടുന്ന വ്യാപാരികളിൽനിന്ന് ഇല്ലാത്ത കുടിശ്ശിക പിരിച്ച് നഗരസഭ ദ്രോഹിക്കുന്നതായി പരാതി. വ്യാപാര സ്ഥാപനങ്ങളുടെ അടുത്ത വർഷത്തേക്കുള്ള ഡി ആൻഡ് ഇ.ഒ ലൈസൻസ് പുതുക്കുന്നതിന്റെ ഭാഗമായി രണ്ടിരട്ടി വരെ തൊഴിൽ നികുതി വർധിപ്പിച്ചുള്ള നോട്ടീസ് നഗരസഭ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. 120 രൂപയിൽ തുടങ്ങുന്ന പഴയ നിരക്കുകൾ 320ൽ തുടങ്ങുന്ന രീതിയിലാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്. ഡി ആൻഡ് ഇ.ഒ ലൈസൻസ് ഫീസ് ഇനത്തിലും ഗണ്യമായ വർധനയുണ്ട്.
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരാളിൽനിന്ന് തന്നെ പല സ്ഥാപനങ്ങളുടെ തൊഴിൽ നികുതി പിരിക്കുന്നതും തർക്കങ്ങൾക്ക് ഇടയാക്കുന്നുണ്ട്. സ്വന്തം കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതെങ്കിൽ ഡി ആൻഡ് ഇ.ഒ ലൈസൻസ് ഫീസ് കുത്തനെ കൂട്ടി വാങ്ങുന്നതായും വ്യാപാരികൾ പറയുന്നു. ഇതിന് പുറമെയാണ് ഇല്ലാത്ത കുടിശ്ശിക രേഖപ്പെടുത്തി പണം പിരിക്കുന്നത്. മുൻ വർഷങ്ങളിൽ തൊഴിൽ നികുതി അടക്കം അടച്ച പലർക്കും പണം നഷ്ടമായിട്ടുണ്ട്. ഇവരിൽ പഴയ രസീതുമായി വന്നവർക്ക് അടച്ച തുക അടുത്ത വർഷത്തേക്ക് വകവെക്കാമെന്നാണ് പറയുന്നത്. മുമ്പ് അടച്ച രേഖകളൊന്നും കൈവശമില്ലാത്തവരുടെ പണം നഷ്ടപ്പെടുകയും ചെയ്യും. പൂർണമായും ഓൺലൈൻ സംവിധാനം നടപ്പാക്കിയതിനാൽ നഗരസഭയിൽ നിന്നുള്ള ആവശ്യങ്ങൾക്ക് ജനങ്ങൾ ഇ- സേവന കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലമുണ്ടാകുന്ന ഇത്തരം പിഴവുകൾ തീർക്കാൻ പലവട്ടം നഗരസഭയിൽ കയറി ഇറങ്ങേണ്ട ദുരവസ്ഥയും ഉണ്ട്. സമയ നഷ്ടം മാത്രമല്ല സാമ്പത്തിക നഷ്ടവും സഹിക്കേണ്ട ഗതികേടിലാണ് വ്യാപാരികളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.